തെരുവ് നായ്ക്കൾക്ക് ഭക്ഷണം കൊടുത്തു; വിദേശ വനിതയ്ക്ക് അയൽവാസിയുടെ ആക്രമണം

കൊച്ചി കളമശേരിയിൽ വിദേശ വനിതയ്ക്ക് നേരെ ആക്രമണമെന്ന് പരാതി. പരാതി നൽകിയത് എച്ച് എം ടി കോളനിക്ക് സമീപം മൂന്നുവർഷമായി സ്ഥിരതാമസമാക്കിയ മലേഷ്യൻ യുവതിയായ പൂജ തെരാഷാ സ്റ്റാൻസ്‌ലസാണ്. സമീപവാസി മരത്തടികൊണ്ട് അടിക്കാൻ വന്നെന്നും അസഭ്യം പറഞ്ഞെന്നും യുവതി പറഞ്ഞു.
തെരുവ് നായ്ക്കൾക്ക് ഭക്ഷണം കൊടുത്തതാണ് പ്രശ്‌നകാരണമെന്ന് പരാതിക്കാരി പറയുന്നു. തെരുവ് നായ്ക്കൾക്ക് ഭക്ഷണം നൽകിയത് ചോദ്യംചെയ്യുക മാത്രമാണ് ചെയ്‌തതെന്നാണ് അയൽവാസിയുടെ മറുപടി.
Read Also : ഐപിഎൽ 2021: ബാംഗ്ലൂരിന് തോൽവി; പ്ലേ ഓഫ് സാധ്യത നിലനിർത്തി കൊൽക്കത്ത
കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മീഷണർ, അനിമൽ വെൽഫെയർ ബോർഡ് തുടങ്ങിയവർക്കും പരാതി നൽകിയിട്ടുണ്ട്. ഇമെയിൽ അയച്ച പരാതി കളമശേരി സിഐയ്ക്കു ലഭിച്ചിട്ടില്ല. ഏതാനം വർഷം മുൻപ് കേരളത്തിൽ എത്തിയപ്പോൾ പരിചയപ്പെട്ട ഇറ്റാലിയൻ പൗരനുമായി കളമശേരിയിലെ എച്ച്എംടി കോളനിക്കു സമീപം വീടു വാങ്ങിയാണ് ഇവർ താമസിക്കുന്നത്.
നിലവിൽ പങ്കാളി നാട്ടിലേക്കു മടങ്ങിപ്പോയിട്ടുള്ളതിനാൽ ഒറ്റയ്ക്കാണു താമസിക്കുന്നത്. നായയാണു കൂട്ടിനുള്ളത് മൃഗസ്നേഹിയായതിനാൽ സമീപത്തുള്ള നായ്ക്കൾക്ക് തീറ്റ കൊടുക്കുന്ന പതിവുണ്ട്. കഴിഞ്ഞ ദിവസം നായ്ക്കൾക്ക് ഭക്ഷണം കൊടുക്കുന്നതുകണ്ട്, അതിഷ്ടപ്പെടാതിരുന്ന സമീപവാസി ആക്രമിക്കുകയായിരുന്നു എന്നു പൂജ പറയുന്നു.
നായ്ക്കൾക്ക് തീറ്റകൊടുക്കുന്നതു കുറ്റകരമല്ലാത്തതിനാൽ പ്രദേശത്തെ തെരുവുനായ്ക്കൾക്കും സ്ത്രീയെന്ന നിലയിൽ തനിക്കും സംരക്ഷണം നൽകണം. സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങൾ തടയാൻ നിയമപ്രകാരം അയാൾക്കതിരെ ക്രിമിനൽ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രദേശത്ത് തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ അതിന് ഭക്ഷണം നൽകുന്നത് തന്റെ കുടുംബത്തെയും കുട്ടികളുടെ ഓൺലൈൻ വിദ്യാഭ്യാസത്തെയും ബാധിക്കുന്നുണ്ടെന്ന് അയൽവാസി ആരോപിച്ചു.
Story Highlight: kalamassery-neighbour-tried-to-attack-foreign-woman-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here