Advertisement

‘എന്റെ വിജയങ്ങളും പരാജയങ്ങളും പ്രിയ ചങ്ങാതി അവന്റേതായി കണ്ടു’; ആത്മസുഹൃത്തിന്റെ വേര്‍പാടില്‍ മമ്മൂക്ക; ഹൃദയംതൊട്ട് ആന്റോ ജോസഫിന്റെ കുറിപ്പ്

September 21, 2021
2 minutes Read
mammootty-kr vishwambharan-anto joseph

മലയാളത്തിന്റെ പ്രിയനടന്‍ മമ്മൂക്ക കാത്തുസൂക്ഷിക്കുന്ന സൗഹൃദത്തെക്കുറിച്ച് നിര്‍മാതാവ് ആന്റോ ജോസഫ് തുറന്നെഴുതുകയാണ്. ഔഷധി ചെയര്‍മാനും കാര്‍ഷിക വാഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലറുമായ അന്തരിച്ച ഡോ. കെ ആര്‍ വിശ്വംഭരന്റെ വിയോഗത്തില്‍ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായ മമ്മൂട്ടിയുടെ പ്രതികരണമാണ് ആന്റോ ജോസഫിന്റെ വരികളിലുള്ളത്. സൗഹൃദം എന്ന വാക്കിന്റെ ആഴവും പരപ്പും നേരിട്ടറിഞ്ഞു എന്നുതുടങ്ങുന്ന കുറിപ്പില്‍ സിനിമയെന്ന വിശാല ലോകത്തിനപ്പുറം നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്ന ഒരു നടനെ കാണാം. mammootty

ആന്റോ ജോസഫിന്റെ കുറിപ്പ്:

‘സൗഹൃദം എന്ന വാക്കിന്റെ ആഴവും പരപ്പും കഴിഞ്ഞ ദിവസം വൈകിട്ട് നേരിട്ടറിഞ്ഞു. കെ.ആര്‍ വിശ്വംഭരന്‍ സാറിനെ അവസാനമായി കണ്ടശേഷം വീട്ടിലെത്തിയ മമ്മൂക്ക കുറേനേരം ഒറ്റയ്ക്ക് മാറി നിശബ്ദനായിരുന്നു. ആ കണ്ണുകള്‍ പതുക്കെ നിറഞ്ഞു. ശബ്ദം ഇടറി.

കെ.ആര്‍.വിശ്വംഭരന്‍ എന്ന ഐ.എ.എസ് ഉദ്യോഗസ്ഥനോടായിരുന്നില്ല മമ്മൂക്കയുടെ സൗഹൃദം. ഒരുകാലം ഒരുമിച്ച് തോളില്‍ കയ്യിട്ട് നടന്ന,ഒരുമിച്ച് വെയിലും മഴയും കൊണ്ട,ഒരുമിച്ച് ചിരിച്ച,കരഞ്ഞ വിശ്വംഭരന്‍ എന്ന സുഹൃത്തിനോടായിരുന്നു. മമ്മൂക്ക പറഞ്ഞു: ‘നാല്പത്തിയെട്ടുവര്‍ഷത്തെ ഒരുമിച്ചുള്ള യാത്രയായിരുന്നു ഞങ്ങളുടേത്. ആ യാത്രയില്‍ ഒരാള്‍ നഷ്ടപ്പെട്ടു. എന്റെ ഉയര്‍ച്ചകളിലും താഴ്ചകളിലും വിശ്വംഭരന്‍ ഉണ്ടായിരുന്നു. എന്റെ വിജയങ്ങളും പരാജയങ്ങളും പ്രിയ ചങ്ങാതി അവന്റേതായി കണ്ടു. പലപ്പോഴും ഞാന്‍ വീണുപോയിട്ടുണ്ട്. അപ്പോള്‍ ഒരു കൈത്താങ്ങുമായി വിശ്വംഭരന്‍ കൂടെയുണ്ടായിരുന്നു. ഞാന്‍ വീണ്ടും എഴുന്നേല്‍ക്കുന്നതും കൂടുതല്‍ ശക്തിയോടെ നടക്കുന്നതും കണ്ട് ഏറ്റവും കൂടുതല്‍ സന്തോഷിച്ചവരില്‍ ഒരാളും വിശ്വംഭരന്‍ തന്നെ. വിശ്വംഭരന്റെ കുടുംബത്തില്‍ ഞാനുണ്ടായിരുന്നു, എന്റെ കുടുംബത്തില്‍ വിശ്വംഭരനും. വിശ്വംഭരന്‍ ഇനിയില്ല…’

സന്തോഷവും സങ്കടവും പൊതിച്ചോറു പോലെ പങ്കിട്ട രണ്ട് സ്നേഹിതര്‍ തമ്മിലുള്ള ബന്ധത്തിന്റെ ശക്തിയാണ് കണ്ണീരുപ്പുള്ള ആ വാക്കുകളില്‍ തെളിഞ്ഞുകണ്ടത്. അത്രയും ആഴത്തില്‍ കൈകോര്‍ത്തുനില്കുന്ന സൗഹൃദത്തിന്റെ വേരുകള്‍. രണ്ടുകൂട്ടുകാരുടെ ആത്മബന്ധത്തിന്റെ കലര്‍പ്പില്ലാത്ത കാഴ്ച. സംസാരത്തിനിടെ ദുബായിയില്‍ നിന്ന് മമ്മൂക്കയുടെയും വിശ്വംഭരന്‍ സാറിന്റെയും ആത്മസുഹൃത്ത് ഷറഫിന്റെ വീഡിയോ കോള്‍ വന്നു. വിതുമ്പിവിതുമ്പിക്കരയുന്ന മമ്മൂക്കയെയാണ് ഞാന്‍ പിന്നെ കണ്ടത്. ഓര്‍മകളുടെ തിരമാലകള്‍ പിന്നെയും പിന്നെയും….അതില്‍ മമ്മൂക്ക നനഞ്ഞു. ഹൃദയം കൊണ്ട് അദ്ദേഹം പ്രിയ കൂട്ടുകാരന് വിടചൊല്ലുകയായിരുന്നു അപ്പോള്‍.

സിനിമയ്ക്ക് അകത്തും പുറത്തും മമ്മൂട്ടി ചേര്‍ത്തു നിര്‍ത്തിയ സൗഹൃദങ്ങളില്‍ ഏറ്റവും പ്രധാനിയായിരുന്നു കെ ആര്‍ വിശ്വംഭരന്‍. ഗുരുതരാവസ്ഥയില്‍ അദ്ദേഹം ആശുപത്രിയില്‍ കിടക്കുമ്പോള്‍ അദ്ദേഹത്തെ നേരില്‍ കാണാനും മമ്മൂട്ടി എത്തിയിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് കെ ആര്‍ വിശ്വംഭരന്റെ വിയോഗം.

Read Also : ഡാ മമ്മൂട്ടി, എന്ന് വിളിക്കാൻ സ്വാതന്ത്ര്യമുള്ള ചങ്ങാതി; കെ.ആർ വിശ്വംഭരന്റെയും മമ്മൂട്ടിയുടേയും വേറിട്ട സൗഹൃദം

Story Highlights : mammootty, kr vishwambharab IAS, anto joseph

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top