18
Oct 2021
Monday
Covid Updates

  പൈപ്പ് തിരിച്ചാലെ വെള്ളം വരുള്ളൂ എന്നത് ‘അമ്മ മറന്നിരുന്നു !!!! ലോക അൾഷിമേഴ്സ് ദിനത്തിൽ കണ്ണ് നിറയ്ക്കുന്ന ഒരു ഫേസ്ബുക് കുറിപ്പ്

  World Alzheimer's day

  ഇന്ന് ലോക അൾഷിമേഴ്സ് ദിനം. മറക്കരുതെന്ന് ആഗ്രഹിക്കുന്നവയെ പോലും മറവിയുടെ ലോകത്തേക്ക് വലിച്ചെറിയപ്പെടേണ്ടി വരുന്ന അവസ്ഥ. തലച്ചോറിന്റെ താളം തെറ്റിച്ച് ഓർമക്കൂട്ടുകൾ മറവിയുടെ മാറാലയിലേക്ക് വലിച്ചെറിയപ്പെടുന്ന അവസ്ഥയാണ് അൾഷിമേഴ്സ്. പ്രിയപെട്ടവയെ ഓർത്തെടുക്കാൻ കഴിയാത്ത അവസ്ഥ. അൾഷിമേഴ്സ് അനുഭവിക്കുന്ന ആളുകളേക്കാൾ കൂടുതൽ നിസ്സഹായരായി നിൽക്കുന്നത് ചുറ്റുമുള്ളവരാണ്. ജീവിതത്തിൽ അത് വരെ സംഭവിച്ച കാര്യങ്ങളും പ്രിയപ്പെട്ടവരും ഓർമകളിൽ നിന്ന് പടിയിറങ്ങി പോകുന്ന ഈ അവസ്ഥ ഏതൊരു മനുഷ്യനും എപ്പോൾ വേണമെങ്കിലും സംഭവിക്കാവുന്ന ഒന്നാണ്. ജീവിതത്തിലേക്ക് ക്ഷണിക്കപ്പെടാത്ത എത്തുന്ന മറവിരോഗം നമ്മളെ ഇങ്ങനെയൊരു സാഹചര്യത്തിലേക്കായിരിക്കും കൊണ്ടെത്തിക്കുക.

  കേരളത്തിൽ പ്രായം ചെന്നവരിൽ മറവിരോഗം കൂടിവരുന്നതായി വിദഗ്ധർ ചൂണ്ടികാണിക്കുന്നു. ജീവിതശൈലിയും ജീനുകളും അടക്കമുള്ള വിവിധ ഘടകകങ്ങൾ മറവിരോഗത്തിന് കാരണമാകാം. ഇവർക്ക് വേണ്ട കരുതലും പരിചരണവുമാണ് ഈ ലോക അൾഷിമേഴ്സ് ദിനവും ഓർമ്മിപ്പിക്കുന്നത്.

  Read Also : വാലില്‍ കടിച്ച് രാജവെമ്പാല; തിരിച്ച് കടിച്ച് ഉടുമ്പ്; മലയാറ്റൂരില്‍ ഉദ്വേഗജനകമായ ഏറ്റമുട്ടല്‍ നീണ്ടത് പതിനഞ്ച് മിനിട്ടോളം; വിഡിയോ

  ലോക അൾഷിമേഴ്സ് ദിനത്തിൽ അപർണ ജി.എസ് കൃഷ്ണ ഫേസ്ബുക്കിൽ പങ്കുവച്ച ഹൃദയഹാരിയായ ഒരു കുറിപ്പ് ശ്രദ്ധ നേടിയിരിക്കുകയാണ്. അച്ഛമ്മയിലെ മറവിരോ​ഗവും തനിക്ക് ഒരിക്കലും മറക്കാനാവാത്ത ചില ഓർമ്മകളുമാണ് ഫേസ് ബുക്ക് കുറിപ്പിലൂടെ അപർണ പങ്കുവച്ചിരിക്കുന്നത്. ക്ഷമയും കരുതലും അൾഷിമേഴ്സ് ബാധിച്ചവർക്ക് എത്ര പ്രധാനപ്പെട്ടതാണെന്നും കുറിപ്പ് പറയുന്നു.

  ഫേസ്ബുക് കുറിപ്പിന്റെ പൂർണരൂപം;

  അല്പം നീളമുള്ള പോസ്റ്റ് ആണ്…ക്ഷമ വേണം .😊)
  തറവാട്ടിൽ നിന്ന് വേറെ വീട് വെച്ചു മാറിയപ്പോൾ ഞങ്ങളുടെ കൂടെ ‘അമ്മ എന്ന് ഞാൻ വിളിക്കുന്ന അച്ഛമ്മയും കൂടെ പോന്നു. ‘അമ്മ എന്നത് പിന്നീട് അമ്മുരു എന്നാക്കി ഞാൻ പരിഷ്കരിച്ചിരുന്നു. ആ വീട്ടിലെ ഒരു ജോലിയും ചെയ്യേണ്ടതില്ല എന്ന് അച്ഛൻ നിഷ്കര്ഷിച്ചിരുന്നുവെങ്കിലും ഒരു വലിയ മൺകലത്തിൽ അവശ്യത്തിലുമധികം ചോറും മറ്റൊരു കലത്തിൽ സാമ്പാറും ആൾ നിത്യേന പുഴുങ്ങി. പത്രം അരിച്ചുപെറുക്കി വായിക്കുക, പ്രധാന വാർത്തകളും ചിത്രങ്ങളും വെട്ടി ഒട്ടിക്കുക, അച്ഛൻ വരുത്തുന്ന ആനുകാലിക പ്രസിദ്ധീകരങ്ങൾ ഒന്നും മനസ്സിലായില്ലെങ്കിലും വായിച്ചു കൂട്ടുക എന്നത് ആ മൂന്നാം ക്ളാസുകാരിയുടെ ദിനചര്യ ആയി. ഞങ്ങളെ കാണിക്കാതെ രഹസ്യമായി ആൾ ആത്മകഥ വരെ എഴുതിയിരുന്നു.!
  അച്ഛൻ വച്ചിരിക്കുന്ന സാധനങ്ങളുടെ സ്ഥലം മാറ്റൽ, താക്കോൽ മറന്നു വെക്കൽ എന്നീ കുറ്റകൃത്യങ്ങൾക്ക് അമ്മുരു സ്ഥിരമായി വഴക്ക് കേട്ടിരുന്നു..’കുറ്റങ്ങളുടെ’ എണ്ണവും തീവ്രതയും പതുക്കെ കൂടിക്കൊണ്ടിരുന്നു. ഒരിക്കൽ കിഴക്കേ പ്ലാവിലെ ചക്ക ഒരുക്കിയപ്പോൾ ചുള നിലത്തേക്കും ചൗണിയും കുരുവും മുറത്തിലേക്കും ഇട്ടു. പതിവ് രീതി വിട്ട് അമ്മയ്ക്ക് ഈയിടെയായി മറവി കൂടുതൽ ആണെന്ന് അച്ഛൻ പിറുപിറുത്തു.
  അധികം നാളുകൾ കഴിഞ്ഞില്ല, കുളിക്കാൻ കുളിമുറിയിൽ കേറിയ ‘അമ്മ ഏറെ നേരമായിട്ടും പുറത്തു വരാത്തതിനാൽ പരിഭ്രാന്തനായ അച്ഛൻ വാതിൽ തല്ലിപ്പൊളിക്കുമാർ തട്ടി. വീണെങ്ങാൻ ബോധരഹിതയായി കിടക്കുകയാണോ എന്നായിരുന്നു ഭയം..തട്ടിനും മുട്ടിനും ശേഷം ആൾ വാതിൽ തുറന്നു..പൂർണ നഗ്നയാണ് !! കുളിച്ചിട്ടുമില്ല.
  ‘ ഇത്ര നേരം ഇതെന്തെടുക്കുകയായിരുന്നു ?’ അച്ഛൻ അലറി.
  ‘ഇതിൽ വെള്ളമില്ല’ – സങ്കോചത്തോടെ മറുപടി .
  അച്ഛൻ പൈപ്പ് തുറന്ന് നോക്കി..വെള്ളമുണ്ട്.!!
  ‘ ഇതിങ്ങനെ തിരിക്കണമായിരുന്നോ ? ‘
  ‘അമ്മ ആരാഞ്ഞു.
  പൈപ്പ് തിരിച്ചാലെ വെള്ളം വരുള്ളൂ എന്നത് ‘അമ്മ മറന്നിരുന്നു !!!!
  അമ്മയ്ക്ക് മറവിയാണ് !!! നേർ വഴിയിലൂടെ സ്മൂത് ആയി പോയിക്കൊണ്ടിരുന്നിട്ട് പെട്ടെന്ന് കൊടും വളവിലെത്തിയ പ്രതീതി! ചികിത്സ വേണ്ടേ? വേണം…ഡോക്ടറിനെ കണ്ടു.. മൂന്നാം ക്ലാസ്സുകാരിക്ക് നല്ല പത്ര വായന ഉണ്ടെന്ന് കണ്ട ഡോക്ടർ ചില ചോദ്യങ്ങൾ ഇടക്ക് ചോദിച്ചു. തലേന്ന് നടന്ന ഫുട്‌ബോൾ മത്സരത്തിലെ വിജയി ആരെന്ന് അറിയുമോ എന്ന് ചോദിച്ചപ്പോൾ ആളുടെ മറുപടി-
  ‘സൂക്ഷം എനിക്കറിയില്ല മോനേ, എന്നാലും എന്റെ ഓർമ ശരിയാണെങ്കിൽ ഇന്ഗ്ലണ്ട് ആണ് ‘ !!!
  രോഗിക്കുള്ള ചികിത്സയെക്കാൾ മക്കൾക്ക് ഒരു ബോധവൽക്കരണ ക്‌ളാസ് നൽകിയാണ് ആ ഡോക്ടർ അന്ന് വിട്ടത്.
  ഞങ്ങളുടെ വീട്ടിൽ വികൃതിയായ ഒരു ‘കുട്ടി’ ഉണ്ടായിരിക്കുന്നു- ഞാൻ ആ സത്യം മനസിലാക്കി.. അടുപ്പിൽ വേവുന്ന കഞ്ഞിയിലേക്ക് പച്ചക്കറിതൊലി ഇട്ട് ഇളക്കുക, രാത്രി ഒരു മണിക്ക് വാശി പിടിച്ച് നടക്കാൻ ഇറങ്ങുക , കറിക്കത്തികളും എന്റെ ഹെയർ ക്ലിപ്പുകളും ഫ്രിഡ്ജിൽ ഒളിപ്പിക്കുക, ഡയപ്പർ ബലമായി മാറ്റുക, എന്നിട്ട് അന്തസായി ഒരു ദിവസം 22 നൈറ്റികൾ മാറുക എന്നിവ ചില കുറുമ്പുകൾ മാത്രം !!!
  പോകെപോകെ സംസാരം കുറഞ്ഞു. വാക്കുകൾ കിട്ടാതെ ഇടക്ക് നിന്നു..ഉറക്കമില്ലായ്മ രൂക്ഷമായി..പല തവണ ആശുപത്രിയിൽ ആയി..അപ്പോഴൊക്കെ ഞാനാണ് രോഗിയെന്ന് നിനച്ചു എന്നെ ബെഡിൽ കിടത്തി ശുശ്രൂഷിക്കാൻ തുടങ്ങി. അനങ്ങിയാൽ കൈത്തണ്ടയിൽ തല്ലും..ഭക്ഷണ ശീലം മാറി..sprite ഇഷ്ട പാനീയവും മാഗി, ബർഗർ, മീറ്റ് റോളുകൾ എന്നിവ ഇഷ്ട ഭക്ഷണവുമായി. ഈ വയസുകാലത്ത് അതിനിഷ്ടമുള്ളത് എന്താന്നു വെച്ചാൽ കഴിക്കട്ടെ എന്നായി അച്ഛൻ .
  അമ്മുരുവിനെ കുളിപ്പിക്കേണ്ടത് എന്റെ ചുമതല ആയി. ആദ്യം അച്ഛനോട് നീരസം കാണിച്ചും പിന്നീട് കടമ പോലെയും അതും കഴിഞ്ഞ് പാട്ടും പാടി കൊഞ്ചിച് ഇഷ്ടത്തോടെയും ഞാനത് ചെയ്തു പോന്നു. മൂത്ത പേരക്കുട്ടിയുടെ വീട്ടിൽ കൊണ്ട് പോകാൻ ഓട്ടോയും ആയി വരാറുള്ള അവറാച്ചൻ ചേട്ടൻ അമ്മക്ക് കസ്തൂരിയുടെ ഗന്ധമാണെന്ന് അഭിപ്രായപ്പെട്ടു..
  ഡിസംബർ മാസത്തിലെ ഒരു രാവിലെ തലവേദനയുമായി ഉണർന്നതാണ് അച്ഛൻ.അന്ന് സൂര്യൻ അസ്തമിക്കുമ്പോഴേക്കും ഞങ്ങളെ വിട്ടു പോയിരുന്നു .അമ്മുരുവിന്റെ ഓർമകളുടെ താളുകൾ പൂർണമായും ചിതലരിച്ചിട്ടില്ല എന്ന് തോന്നിപ്പിക്കുന്ന ചില നിമിഷങ്ങൾ മരണ വീട്ടിൽ ഉണ്ടായി .പരിചയമുള്ളവരുടെ സന്ദർശനത്തിൽ അമ്മുരു വിതുമ്പി. ചുവരിൽ തൂക്കും മുൻപ് ടീപോയിൽ ചാരി വെച്ചിരുന്ന അച്ഛന്റെ വലിയ ചിത്രത്തിൽ വാത്സല്യത്തോടെ തഴുകുകയും ചോറ്റുകിണ്ണം എടുത്ത് ഉരുളകൾ വായിന് നേരെ നീട്ടുകയും ചെയ്തു. രാത്രികളിൽ നീട്ടി വെച്ച എന്റെ കൈയിൽ കിടന്ന് എന്റെ നെഞ്ചിൽ മുഖം ചേർത്ത് താരാട്ടു കേൾക്കുകയും ഉടുപ്പിനുള്ളിലൂടെ കൈയിട്ട് ബ്രാ സ്ട്രാപ്പിൽ തെരുപ്പിടിക്കുകയും ചെയ്തു..
  അച്ഛൻ പോയതോടെ അമ്മുരു പാതി ആത്മാവ് മാത്രമായി. 7-6.30 എന്ന സമയത്തിൽ ജോലി ചെയ്തിരുന്ന എനിക്ക് അച്ഛന്റെ അഭാവം നികത്താനായില്ല..വൈകുന്നേരങ്ങളിൽ അമ്മുരു എനിക്കായി ജനൽക്കൽ കാത്തു നിന്നു .എന്റെ കൈയിലെ പലഹാരപ്പൊതികൾക്കായി കൈ നീട്ടി.. മോഹൻലാലിനെയും ഗായിക ചിത്രയെയും വി.എസ്.അച്യുതാനന്ദനെയും ടിവിയിൽ കണ്ട് ആഹ്ലാദത്തോടെ പല ശബ്ദങ്ങളും ഉണ്ടാക്കി..
  അച്ഛൻ പോയി 11 മാസങ്ങൾക്ക് ഇപ്പുറത്ത് അമ്മുരുവും പോയി..അമ്മയോ അച്ഛനോ അപ്പൂപ്പനോ മരിച്ചപ്പോൾ കരയാത്ത വണ്ണം ഞാൻ വാവിട്ടു കരഞ്ഞു.. മറ്റുള്ളവർക്ക് അവർ 87 വയസ്സുള്ള ഒരു വൃദ്ധ മാത്രമായിരുന്നു ..എനിക്ക് നഷ്ടപ്പെട്ടത് എന്റെ കുഞ്ഞിനെ ആയിരുന്നു. കാരണം വാക്കുകൾ നഷ്ടപ്പെട്ട് മൂളലുകളും ചില ശബ്ദങ്ങളും മാത്രമായി ഒതുങ്ങുന്നതിന് മുൻപുള്ള കുറച്ചു കാലം അമ്മുരു എന്നെ വിളിച്ചിരുന്നത് “അമ്മേ…” എന്നായിരുന്നു ..!!!!!!!!!!!!!
  നിറഞ്ഞു തൂവുന്ന കണ്ണുകളോടെ അല്ലാതെ എനിക്കീ കുറിപ്പ് അവസാനിപ്പിക്കാൻ സാധിക്കുന്നില്ല. ഓർമകൾ ..!! അത്ര മാത്രം ഓർമകൾ !!!
  സെപ്റ്റംബർ 21 – World Alzheimer’s Day …….
  ഓർമകൾ ഉണ്ടായിരിക്കട്ടെ !!!!
  (ചിത്രത്തിൽ അമ്മയുടെ അവസാന എഴുത്തുകൾ…)

  Story Highlights : World Alzheimer’s day

  കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
  COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

  Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

  നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
  Top