Advertisement

ദീപക് ഹൂഡക്കെതിരെ ബിസിസിഐ അഴിമതി വിരുദ്ധ വിഭാഗത്തിന്റെ അന്വേഷണം

September 22, 2021
Google News 2 minutes Read
bcci investigates deepak hooda

പഞ്ചാബ് കിംഗ്സ് ഓൾറൗണ്ടർ ദീപക് ഹൂഡക്കെതിരെ ബിസിസിഐ അഴിമതി വിരുദ്ധ വിഭാഗത്തിൻ്റെ അന്വേഷണം. കഴിഞ്ഞ ദിവസം ഹൂഡ തൻ്റെ ട്വിറ്റർ ഹാൻഡിൽ പോസ്റ്റ് ചെയ്ത ഒരു ചിത്രത്തിൻ്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. വിഷയത്തിൽ പഞ്ചാബ് കിംഗ്സോ ദീപക് ഹൂഡയോ പ്രതികരിച്ചിട്ടില്ല. (bcci investigates deepak hooda)

രാജസ്ഥാൻ റോയൽസുമായി ഇന്നലെ നടന്ന മത്സരത്തിന് മണിക്കൂറുകൾക്ക് മുൻപായിരുന്നു ഹൂഡയുടെ ട്വീറ്റ്. ഹെൽമറ്റ് അണിയുന്ന ചിത്രം പങ്കുവച്ച് ‘ഹിയർ വീ ഗോ’ എന്ന അടിക്കുറിപ്പും താരം കുറിച്ചു. ഇത് താരം ടീമിലുണ്ടെന്നറിയിക്കുന്ന തരത്തിലുള്ള ട്വീറ്റ് ആണെന്നും അത് ചെയ്യാൻ പാടില്ലെന്നും അഴിമതി വിരുദ്ധ വിഭാഗം പറയുന്നു. ട്വീറ്റ് അഴിമതി വിരുദ്ധ വിഭാഗം അന്വേഷിക്കും. താരം ഏതെങ്കിലും തരത്തിൽ നിയമലംഘനം നടത്തിയിട്ടുണ്ടെങ്കിൽ അത് അന്വേഷിക്കുമെന്നും അഴിമതി വിരുദ്ധ വിഭാഗം പറയുന്നു.

Read Also : അവസാന ഓവറിൽ 4 റൺസ് പ്രതിരോധിച്ചു; രാജസ്ഥാന് അവിശ്വസനീയ ജയം

മത്സരത്തിൽ രാജസ്ഥാൻ റോയൽസ് അവിശ്വസനീയ ജയം കുറിച്ചിരുന്നു. 2 റൺസിനാണ് രാജസ്ഥാൻ പഞ്ചാബിനെ കീഴടക്കിയത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ നിശ്ചിത 20 ഓവറിൽ 185 റൺസ് നേടി ഓളൗട്ട് ആയപ്പോൾ മറുപടി ബാറ്റിംഗിൽ 4 വിക്കറ്റ് നഷ്ടപ്പെടുത്തി 183 റൺസ് നേടാനേ പഞ്ചാബിനായുള്ളൂ. അവസാന ഓവറിൽ വരെ മുന്നിൽ നിന്ന പഞ്ചാബ് അവിശ്വസനീയമായാണ് പരാജയപ്പെട്ടത്. അവസാന ഓവറിൽ 4 റൺസ് പ്രതിരോധിച്ച കാർത്തിക് ത്യാഗി ഒരു റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി. 67 റൺസ് നേടിയ മായങ്ക് അഗർവാളാണ് പഞ്ചാബിൻ്റെ ടോപ്പ് സ്കോറർ. ലോകേഷ് രാഹുലും (49) പഞ്ചാബിനായി തിളങ്ങി.

മികച്ച തുടക്കം ലഭിച്ചെങ്കിലും അവസാന ഓവറുകളിൽ ഗംഭീരമായി പന്തെറിഞ്ഞ പഞ്ചാബ് ബൗളർമാർ രാജസ്ഥാനെ പിടിച്ചുകെട്ടുകയായിരുന്നു. 49 റൺസ് നേടിയ യശസ്വി ജയ്സ്വാൾ ആണ് രാജസ്ഥാൻ്റെ ടോപ്പ് സ്കോറർ. മഹിപാൽ ലോംറോർ (43), എവിൻ ലൂയിസ് (36), ലിയാം ലിവിങ്സ്റ്റൺ (25) എന്നിവരും രാജസ്ഥാനു വേണ്ടി തിളങ്ങി. പഞ്ചാബിനായി അർഷ്ദീപ് 5 വിക്കറ്റ് വീഴ്ത്തിയപ്പോൾ ഷമി 3 വിക്കറ്റ് സ്വന്തമാക്കി.

Story Highlights: bcci investigates deepak hooda

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here