ആരോഗ്യപ്രവർത്തകയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവം; ആശങ്ക രേഖപ്പെടുത്തി ഹൈക്കോടതി

ആലപ്പുഴ ഹരിപ്പാട്ട് ആരോഗ്യപ്രവർത്തകയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിൽ ആശങ്ക രേഖപ്പെടുത്തി ഹൈക്കോടതി. ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടി വേണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അറിയിച്ചു. ആരോഗ്യപ്രവർത്തകയെ ആക്രമിച്ച പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് ഡി.ജി.പി അനിൽ കാന്ത് അറിയിച്ചു.
തൃക്കുന്നപ്പുഴ പാനൂരിന് സമീപം തിങ്കളാഴ്ച അർധരാത്രിയാണ് സംഭവം. ആലപ്പുഴയിൽ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ ആരോഗ്യപ്രവർത്തകയെ തട്ടിക്കൊണ്ടുപോകാനായിരുന്നു ശ്രമം. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെ ആരോഗ്യപ്രവർത്തക സുബിനയെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. ബൈക്കിലെത്തിയ രണ്ട് പേർ സുബിനയെ പിടിച്ചുകൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു. പട്രോളിംഗിനെത്തിയ പൊലീസുകാരെ കണ്ട് അക്രിമകൾ ഓടി രക്ഷപ്പെട്ടു. പ്രതികൾക്ക് വേണ്ടിയുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി.
Read Also : ഡാൻസാഫ് സംഘത്തിൻ്റെ മയക്കുമരുന്ന് ബന്ധം; ഡാൻസാഫിനെ പിരിച്ചുവിട്ടിട്ടില്ലെന്ന് ഡി ജി പി
ഇതിനിടെ, സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസ് എടുത്തു. രണ്ടാഴ്ച്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന പൊലീസ് മേധാവിക്ക് നിർദേശം നൽകി.
അതേസമയം യുവതിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ച സംഭവത്തിൽ പൊലീസിനെതിരെ യുവതിയുടെ ഭർത്താവ് രംഗത്തെത്തി. പൊലീസിൻ്റെ കൺമുന്നിൽ വച്ച് അക്രമം നടന്നിട്ടും കൃത്യമായി ഇടപെട്ടില്ലെന്ന് യുവതിയുടെ ഭർത്താവ് പറയുന്നു. തൃക്കുന്നപ്പുഴയിൽ കൊവിഡ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ ബൈക്കിലെത്തിയ രണ്ട് പേർ കടന്നുപിടിക്കാൻ ശ്രമിച്ചെന്നാണ് യുവതിയുടെ പരാതി.
Story Highlights: High Court expressed concern on Alappuzha medical worker issue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here