നടരാജന് കൊവിഡ് പോസിറ്റീവ്; ഡൽഹി-ഹൈദരാബാദ് മത്സരം മാറ്റിവെക്കില്ല

സൺറൈസേഴ്സ് ഹൈദരാബാദിൻ്റെ ഇന്ത്യൻ പേസർ ടി നടരാജന് കൊവിഡ് സ്ഥിരീകരിച്ചു. താരം രോഗലക്ഷണങ്ങൾ കാണിക്കുന്നില്ല. നടരാജനെ ക്വാറൻ്റീനിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നടരാജനുമായി സമ്പർക്കം പുലർത്തിയ ഓൾറൗണ്ടർ വിജയ് ശങ്കർ, ടീം മാനേജർ വിജയ് കുമാർ, ഫിസിയോതെറാപിസ്റ്റ് ശ്യാം സുന്ദർ, ഡോക്ടർ അഞ്ജന വന്നൻ, ലൊജിസ്റ്റിക്സ് മാനേജർ തുഷാർ ഖേഡ്കർ നെറ്റ് ബൗളർ പെരിയസാമി ഗണേശൻ എന്നിവർ ഐസൊലേഷനിൽ പ്രവേശിച്ചു. ബാക്കിയുള്ളവരെല്ലാം കൊവിഡ് നെഗറ്റീവാണ്. (natarajan covid positive srh)
ഇന്ന് പുലർച്ചെ അഞ്ച് മണിക്ക് നടത്തിയ ആർടിപിസിആർ പരിശോധനയിലാണ് നടരാജന് കൊവിഡ് പോസിറ്റീവായത്. എന്നാൽ, ഇന്ന് നടക്കാനിരിക്കുന്ന സൺറൈസേഴ്സ്- ഡൽഹി ക്യാപിറ്റൽസ് മത്സരം മുൻ നിശ്ചയപ്രകാരം തന്നെ നടക്കും. ഇന്ത്യൻ സമയം രാത്രി 7.30ന് ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് മത്സരം.
Read Also : അവസാന ഓവറിൽ 4 റൺസ് പ്രതിരോധിച്ചു; രാജസ്ഥാന് അവിശ്വസനീയ ജയം
അതേസമയം, ഇന്നലെ നടന്ന മത്സരത്തിൽ പഞ്ചാബ് കിംഗ്സിനെതിരെ രാജസ്ഥാൻ റോയൽസ് അവിശ്വസനീയ ജയം കുറിച്ചു. 2 റൺസിനാണ് രാജസ്ഥാൻ പഞ്ചാബിനെ കീഴടക്കിയത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ നിശ്ചിത 20 ഓവറിൽ 185 റൺസ് നേടി ഓളൗട്ട് ആയപ്പോൾ മറുപടി ബാറ്റിംഗിൽ 4 വിക്കറ്റ് നഷ്ടപ്പെടുത്തി 183 റൺസ് നേടാനേ പഞ്ചാബിനായുള്ളൂ. അവസാന ഓവറിൽ വരെ മുന്നിൽ നിന്ന പഞ്ചാബ് അവിശ്വസനീയമായാണ് പരാജയപ്പെട്ടത്. അവസാന ഓവറിൽ 4 റൺസ് പ്രതിരോധിച്ച കാർത്തിക് ത്യാഗി ഒരു റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി. 67 റൺസ് നേടിയ മായങ്ക് അഗർവാളാണ് പഞ്ചാബിൻ്റെ ടോപ്പ് സ്കോറർ. ലോകേഷ് രാഹുൽ (49) റൺസെടുത്തു.
മികച്ച തുടക്കം ലഭിച്ചെങ്കിലും അവസാന ഓവറുകളിൽ ഗംഭീരമായി പന്തെറിഞ്ഞ പഞ്ചാബ് ബൗളർമാർ രാജസ്ഥാനെ പിടിച്ചുകെട്ടുകയായിരുന്നു. 49 റൺസ് നേടിയ യശസ്വി ജയ്സ്വാൾ ആണ് രാജസ്ഥാൻ്റെ ടോപ്പ് സ്കോറർ. മഹിപാൽ ലോംറോർ (43), എവിൻ ലൂയിസ് (36), ലിയാം ലിവിങ്സ്റ്റൺ (25) എന്നിവരും രാജസ്ഥാനു വേണ്ടി തിളങ്ങി. പഞ്ചാബിനായി അർഷ്ദീപ് 5 വിക്കറ്റ് വീഴ്ത്തിയപ്പോൾ ഷമി 3 വിക്കറ്റ് സ്വന്തമാക്കി.
Stroy Highlights: natarajan covid positive srh dc ipl
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here