കൊവിഡ് ബാധിതരുടെ ആത്മഹത്യയും കൊവിഡ് മരണമായി കണക്കാക്കും; കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍ നിലപാടറിയിച്ചു

കൊവിഡ് ബാധിതരുടെ ആത്മഹത്യയും കൊവിഡ് മരണമായി കണക്കാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു. സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയതോടെ ആത്മഹത്യ ചെയ്ത കൊവിഡ് രോഗികളുടെ കുടുംബത്തിനും നഷ്ടപരിഹാരം ലഭിക്കും. covid death compensation
കൊവിഡ് ബാധിച്ച് ആത്മഹത്യചെയ്തവരുടെ മരണം കൊവിഡ് മരണമായി കണക്കാക്കാന്‍ ആകില്ലെന്ന കേന്ദ്രത്തിന്റെ നിലപാട് പുനപരിശോധിക്കണമെന്ന് കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. കൊവിഡ് ബാധിച്ച് 30 ദിവസത്തിനകം മരണപ്പെട്ടവരുടെ കുടുംബത്തിനാണ് നഷ്ടപരിഹാരത്തിന് അര്‍ഹതയുള്ളത്.
നഷ്ടപരിഹാരം സംബന്ധിച്ച് ഹര്‍ജികള്‍ സുപ്രിംകോടതി ഉടന്‍ പരിഗണിക്കും. ദേശീയ ദുരന്ത നിവാരണ അതോറിറ്റി തയ്യാറാക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ ജസ്റ്റിസ് എം.ആര്‍ ഷാ അധ്യക്ഷനായ ബെഞ്ചാണ് പരിശോധിക്കുന്നത്. മഹാമാരിയില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ ഗൗരവ് ബാന്ദല്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സത്യവാങ്മൂലം.
നഷ്ടപരിഹാര തുക നല്‍കേണ്ട ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണെന്ന കേന്ദ്രസര്‍ക്കാരിന്റെ നിലപാടും കോടതി പരിശോധിക്കും. ഇക്കാര്യത്തില്‍ കേന്ദ്രത്തിന്റെ തീരുമാനം കോടതി ചോദിച്ചറിയും. നഷ്ടപരിഹാരത്തിന് അര്‍ഹതയുള്ളവര്‍ ഏതൊക്കെ രേഖകള്‍ സമര്‍പ്പിക്കണമെന്നതില്‍ കേന്ദ്രം വ്യക്തത കൈവരുത്തണമെന്ന് എം.ആര്‍ ഷാ അധ്യക്ഷനായ ബെഞ്ചിന്റെ നിര്‍ദേശമുണ്ട്. നഷ്ടപരിഹാരം സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കാന്‍ സുപ്രിംകോടതി അനുവദിച്ച സമയം ഇന്നവസാനിക്കുകയാണ്.
Story Highlights: covid death compensation, supreme court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here