Advertisement

സ്മൃതി മന്ദനയ്ക്ക് ഫിഫ്റ്റി; ഇന്ത്യക്ക് മികച്ച സ്കോർ

September 24, 2021
Google News 2 minutes Read
australia women runs india

ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് മികച്ച സ്കോർ. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ടപ്പെടുത്തി 274 റൺസാണ് നേടിയത്. 86 റൺസെടുത്ത ഓപ്പണർ സ്മൃതി മന്ദനയാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. റിച്ച ഘോഷ് 44 റൺസെടുത്തു. ഓസ്ട്രേലിയക്കായി തഹിലിയ മഗ്രാത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തി. (australia women runs india)

മികച്ച തുടക്കമാണ് ഓപ്പണർമാർ ചേർന്ന് ഇന്ത്യക്ക് നൽകിയത്. ഓവറിൽ ആറ് റൺസിനു മുകളിൽ റൺ നിരക്ക് സൂക്ഷിച്ച് സ്കോർ ചെയ്ത ഓപ്പണിംഗ് സഖ്യം ആദ്യ വിക്കറ്റിൽ 74 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. ഷഫാലി വർമ്മയെ (22) ക്ലീൻ ബൗൾഡാക്കിയ സോഫി മോളിന്യൂ ആണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. ക്യാപ്റ്റൻ മിതാലി രാജിന് ഏറെ നേരം ക്രീസിൽ തുടരാനായില്ല. 8 റൺസെടുത്ത മിതാലി റണ്ണൗട്ടായി മടങ്ങി. യസ്തിക ഭാട്ടിയയും (3) വേഗം മടങ്ങി. ഡാർസി ബ്രൗണിൻ്റെ പന്തിൽ ആഷ് ഗാർഡ്നർ പിടിച്ചാണ് യസ്തിക പുറത്തായത്.

നാലാം വിക്കറ്റിൽ സ്മൃതിക്കൊപ്പം ക്രീസിലൊത്തു ചേർന്ന റിച്ച ഘോഷ് മികച്ച രീതിയിൽ ബാറ്റ് വീശിയതോടെ ഇന്ത്യ തകർച്ചയിൽ നിന്ന് കരകയറി. ഇതിനിടെ സ്മൃതി ഫിഫ്റ്റി തികച്ചു. റിച്ചയുമൊത്തുള്ള 76 റൺസിൻ്റെ കൂട്ടുകെട്ടിനൊടുവിൽ സ്മൃതി മടങ്ങി. 86 റൺസെടുത്ത താരം തഹിലിയ മഗ്രാത്തിൻ്റെ പന്തിൽ ബെത്ത് മൂണിയുടെ കൈകളിൽ അവസാനിക്കുകയായിരുന്നു. അഞ്ചാം വിക്കറ്റിലെത്തിയ ദീപ്തിയും നന്നായി ബാറ്റ് ചെയ്തു. ഇതിനിടെ ഫിഫ്റ്റിക്ക് 6 റൺസ് മാത്രം അകലെ റിച്ച ഘോഷ് പുറത്തായി. റിച്ചയെ തഹിലിയ ക്ലീൻ ബൗൾഡാക്കുകയായിരുന്നു. 23 റൺസെടുത്ത ദീപ്തിയെ എലിസ് പെറിയുടെ കൈകളിലെത്തിച്ച തഹിലിയ മൂന്ന് വിക്കറ്റ് തികച്ചു.

ഏഴാം വിക്കറ്റിൽ പൂജ വസ്ട്രാക്കറും ഝുലൻ ഗോസ്വാമിയും ചേർന്ന് നേടിയ ചില ബൗണ്ടറികളാണ് ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിച്ചത്. ഏഴാം വിക്കറ്റിൽ 53 റൺസിൻ്റെ കൂട്ടുകെട്ടുയർത്തിയ ഇവർ ഇന്നിംഗ്സിലെ അവസാന ഓവറിലാണ് വേർപിരിയുന്നത്. 29 റൺസെടുത്ത പൂജയെ മോലിന്യൂ ക്ലീൻ ബൗൾഡാക്കുകയായിരുന്നു. ഗോസ്വാമി (28) പുറത്താവാതെ നിന്നു.

Story Highlights: australia women need 275 runs to win india women

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here