ഐഎഎസ് ആണ് സ്വപ്നം; താഴേക്കിടയിലുള്ളവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കണമെന്ന് ഒന്നാം റാങ്കുകാരന്‍ ശുഭംകുമാര്‍

ഈ വര്‍ഷത്തെ സിവില്‍ സര്‍വീസസ് പരീക്ഷയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയത് ബിഹാറിലെ കൈദറില്‍ നിന്നുള്ള ശുഭംകുമാറാണ്. തന്റെ മൂന്നാം ശ്രമത്തിലാണ് ഒന്നാംറാങ്ക് ശുഭം കരസ്ഥമാക്കിയത്. 24കാരനായ ശുഭംകുമാര്‍ ഇന്ത്യയിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനമായ ബോംബെ ഐഐടിയില്‍ നിന്നാണ് ബിരുദം നേടിയത്. civil service top rankers
2018ലെ തന്റെ ആദ്യ അവസരത്തില്‍ റാങ്ക് ലിസ്റ്റില്‍ ഇടംനേടിയില്ലെങ്കിലും 2019ല്‍ സിവില്‍ സര്‍വീസ് റാങ്ക് ലിസ്റ്റില്‍ ഇടംനേടി ഇന്ത്യന്‍ ഡിഫന്‍സ് അക്കൗണ്ട്‌സ് സര്‍വീസില്‍ പ്രവേശിച്ചു. എന്നാലും ഐഎഎസ് എന്ന സ്വപ്‌നം ഉപേക്ഷിക്കാന്‍ ശുഭംകുമാര്‍ തയ്യാറായില്ല. തന്റെ മൂന്നാം ശ്രമത്തില്‍ ഇന്ത്യയില്‍ നിന്ന് ഒന്നാംറാങ്ക് നേടുകയായിരുന്നു. ആന്ത്രോപോളജിയാണ് ശുഭംകുമാര്‍ ഐശ്ചിക വിഷയമായി തെരഞ്ഞെടുത്തത്.
ഐഎഎസ് എന്നത് തന്റെ സ്വപ്‌നമാണെന്നും ഇന്ത്യയിലെ ഗ്രാമങ്ങളിലെ താഴേത്തട്ടിലുള്ള ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കണമെന്നാണ് ആഗ്രഹമെന്നും ശുഭം കുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ഗ്രാമവികസനവും തൊഴിലില്ലായ്മ നിര്‍മാര്‍ജനവും ദാരിദ്ര്യ നിര്‍മാര്‍ജനവുമായിരിക്കും തന്റെ ശ്രദ്ധാകേന്ദ്രമെന്നും അദ്ദേഹം പറഞ്ഞു.
Read Also : സിവില്‍ സര്‍വീസസ് പരീക്ഷാഫലം; ശുഭം കുമാറിന് ഒന്നാംറാങ്ക്; പട്ടികയില്‍ മലയാളിത്തിളക്കം
മധ്യപ്രദേശിലെ ഭോപ്പാലില്‍ നിന്നുള്ള 24കാരി ജാഗ്രതി അവസ്തിക്കാണ് രണ്ടാംറാങ്ക്. എഞ്ചിനീയറിംഗ് ബിരുദധാരിയായ ജാഗ്രതിക്കും ഐഎഎസ് തന്നെയാണ് ആഗ്രഹം. രണ്ടാമത്തെ ശ്രമത്തിലാണ് ജാഗ്രതി മികച്ച വിജയം നേടിയത്. 545 പുരുഷന്മാരും 216 സ്ത്രീകളുമടക്കം ആകെ 761 ഉദ്യോഗാര്‍ത്ഥികളാണ് റാങ്ക് ലിസ്റ്റില്‍ ഇടംനേടിയത്. യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ ഓരോ വര്‍ഷവും നടത്തിവരുന്ന സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് പ്രിലിമിനറി, മെയിന്‍സ്, ഇന്റര്‍വ്യൂ എന്നിങ്ങനെ മൂന്നുഘട്ടങ്ങളാണുള്ളത്.
Story Highlights: civil service top rankers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here