ഐടി-അനുബന്ധമേഖലകളിലെ ക്ഷേമനിധി പദ്ധതിക്ക് തുടക്കം; ഒന്നരലക്ഷത്തോളം പേര്‍ ഗുണഭോക്താക്കളാകും

കേരളത്തിലെ ഐടി, അനുബന്ധ മേഖലകളിലെ തൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്തിയ ക്ഷേമനിധി ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. ഈ മേഖലയില്‍ ജോലി ചെയ്തുവരുന്ന ഒന്നര ലക്ഷത്തോളം ജീവനക്കാര്‍ക്ക് പദ്ധതിയുടെ ഗുണഭോക്താക്കളാകും. Welfare Fund Scheme in IT Sectors
കുറഞ്ഞതു പത്ത് വര്‍ഷം തുടര്‍ച്ചയായി അംശാദായം അടച്ച ഒരു അംഗത്തിന്, അറുപത് വയസ്സ് തികയുന്ന മുറയ്‌ക്കോ, ശാരീരിക അവശത മൂലം രണ്ടു വര്‍ഷത്തിലധികമായി ജോലി ചെയ്യാന്‍ കഴിയാതിരുന്നാല്‍ അതു മുതല്‍ക്കോ പെന്‍ഷന് അര്‍ഹത ഉണ്ടായിരിക്കും. 3,000 രൂപയാണ് പെന്‍ഷന്‍ തുകയായി ലഭിക്കുക. തുടര്‍ന്നുള്ള ഓരോ വര്‍ഷത്തെ കാലയളവിനും 50 രൂപ നിരക്കില്‍ വര്‍ദ്ധനവ് വരുന്ന രീതിയില്‍ പെന്‍ഷന്‍ തുക അനുവദിക്കും.
കുറഞ്ഞത് പത്തു വര്‍ഷം അംശാദായം അടച്ച ഒരംഗമോ, ഈ പദ്ധതി പ്രകാരം പെന്‍ഷന്‍ വാങ്ങിക്കൊണ്ടിരിക്കുന്ന അംഗമോ മരണപ്പെട്ടാല്‍ അയാളുടെ കുടുംബത്തിനു കുടുംബ പെന്‍ഷന് അര്‍ഹതയുണ്ടായിരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഒരു വര്‍ഷമെങ്കിലും തുടര്‍ച്ചയായി അംശാദായം അടച്ചിട്ടുള്ളതും ഇഎസ്‌ഐ പദ്ധതിയില്‍ വരാത്തതുമായ അംഗത്തിന് പ്രസവ ധനസഹായമായി 15,000 രൂപ ഈ ക്ഷേമനിധിയില്‍ നിന്നു ലഭിക്കും. ഇതില്‍ 10,000 രൂപ സര്‍ക്കാര്‍ വിഹിതവും 5,000 രൂപ ക്ഷേമനിധിയില്‍ നിന്നുള്ള വിഹിതവുമായിരിക്കും.
അംഗങ്ങളുടെ പ്രായപൂര്‍ത്തിയായ പെണ്‍മക്കളുടെയും, സ്ത്രീ അംഗങ്ങളുടെയും, വിവാഹചെലവിനായി 10,000 രൂപയും ക്ഷേമനിധിയില്‍ നിന്നു ലഭിക്കും. മൂന്നു വര്‍ഷമെങ്കിലും നിധിയിലേക്ക് തുടര്‍ച്ചയായി അംശദായം അടച്ച അംഗങ്ങള്‍ക്കും, കുടുംബാംഗങ്ങള്‍ക്കും സര്‍ക്കാര്‍/ സര്‍ക്കാര്‍ അംഗീകൃത ആശുപത്രിയില്‍ കിടന്നുള്ള ചികില്‍സയ്ക്ക് ചികില്‍സാ സഹായമായി പരമാവധി 15,000 രൂപ ലഭിക്കും. അംഗങ്ങള്‍ക്ക് ഹൃദയം, വൃക്ക എന്നിവ സംബന്ധമായ രോഗങ്ങള്‍ക്കും, ക്യാന്‍സര്‍, ബ്രെയിന്‍ട്യൂമര്‍, തളര്‍വാതം എന്നിവയെ തുടര്‍ന്നുള്ള ചികില്‍സയ്ക്കും ധനസഹായം ലഭ്യമാക്കും.
Read Also : ക്ഷേമനിധി ബോര്‍ഡുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കും: മന്ത്രി വി ശിവൻകുട്ടി
ഒരു വര്‍ഷമെങ്കിലും നിധിയിലേക്ക് തുടര്‍ച്ചയായി അംശാദായം അടച്ച അംഗങ്ങളുടെയും സംരംഭകരുടെയും സമര്‍ത്ഥരായ മക്കള്‍ക്കു പഠന കാലയളവില്‍ തന്നെ വിദ്യാഭ്യാസാനുകൂല്യം ലഭിക്കും. കേരള ഷോപ്‌സ് ആന്റ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി പദ്ധതി പ്രകാരം നിലവിലുളള വിദ്യാഭ്യാസാനുകൂല്യങ്ങളും, കാലാകാലങ്ങളില്‍ സര്‍ക്കാരിന്റെ അംഗീകാരത്തോടെ ലഭിക്കുന്ന മറ്റ് ആനുകൂല്യങ്ങളും ഈ ക്ഷേമനിധിയിലെ ജീവനക്കാര്‍ക്കും സംരംഭകര്‍ക്കും ലഭിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Story Highlights: Welfare Fund Scheme in IT Sectors
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here