തകർപ്പൻ ഫിഫ്റ്റിയുമായി സഞ്ജു; രാജസ്ഥാന് ഭേദപ്പെട്ട സ്കോർ

രാജസ്ഥാൻ റോയൽസിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് 165 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 164 റൺസ് നേടി. 82 റൺസ് നേടി മുന്നിൽ നിന്ന് നയിച്ച ക്യാപ്റ്റൻ സഞ്ജു സാംസൺ ആണ് രാജസ്ഥാൻ്റെ ടോപ്പ് സ്കോറർ. ഇതോടെ സഞ്ജു ഈ സീസണിൽ ഏറ്റവുമധികം റൺസ് നേടിയ താരങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി. (sanju samson rajasthan royals)
എവിൻ ലൂയിസ് തിരികെയെത്തിയെങ്കിലും 6 റൺസ് മാത്രമേ വിൻഡീസ് ഓപ്പണർക്ക് നേടാനായുള്ളൂ. രണ്ടാം ഓവറിലെ ആദ്യ പന്തിൽ തന്നെ ലൂയിസ് പുറത്തായി. ഭുവനേശ്വർ കുമാറിനായിരുന്നു വിക്കറ്റ്. 11 റൺസിന് ആദ്യ വിക്കറ്റ് നഷ്ടമായതോടെ മികച്ച ഫോമിലുള്ള ക്യാപ്റ്റൻ സഞ്ജു സാംസൺ ക്രീസിലെത്തി. സഞ്ജുവിനെ ഒരു വശത്ത് നിർത്തി യശസ്വി ജയ്സ്വാൾ തകർത്തടിച്ചതോടെ സ്കോർ കുതിച്ചു. രണ്ടാം വിക്കറ്റിൽ സഞ്ജുവുമൊത്ത് 56 റൺസ് കൂട്ടിച്ചേർത്ത താരം ഒടുവിൽ സന്ദീപ് ശർമ്മയ്ക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. 23 പന്തിൽ 36 റൺസെടുത്താണ് യുവതാരം പുറത്തായത്. പിന്നാലെയെത്തിയ ലിയാം ലിവിങ്സ്റ്റൺ (4) വേഗം മടങ്ങി. ഇതോടെ പ്രതിരോധത്തിലേക്ക് മാറിയ സഞ്ജു വിക്കറ്റ് സൂക്ഷിച്ച് കളിച്ചു. മഹിപാൽ ലോംറോറിനു വേഗ്ഗത്തിൽ സ്കോർ ചെയ്യാൻ കഴിയാതായതോടെ രാജസ്ഥാൻ്റെ സ്കോറിംഗ് നിരക്ക് വളരെ താഴ്ന്നു.
Read Also : വാർണർ ഇല്ലാതെ ഹൈദരാബാദ്; രണ്ട് മാറ്റങ്ങളുമായി രാജസ്ഥാൻ; ടോസ് അറിയാം
41 പന്തുകൾ നേരിട്ടാണ് സഞ്ജു ഫിഫ്റ്റി തികച്ചത്. സിദ്ധാർത്ഥ് കൗളിനെതിരെ ബൗണ്ടറിയടിച്ചായിരുന്നു ഫിഫ്റ്റി. ഫിഫ്റ്റിക്ക് പിന്നാലെ കൂറ്റൻ ഷോട്ടുകളുതിർത്ത താരം പാഴാക്കിയ പന്തുകൾക്കൊക്കെ പരിഹാരം ചെയ്തു. സിദ്ധാർത്ഥ് കൗൾ എറിഞ്ഞ 16ആം ഓവറിൽ രണ്ട് ബൗണ്ടറിയും ഒരു സിക്സറും സഹിതം 20 റൺസാണ് സഞ്ജു നേടിയത്. എന്നാൽ അവസാന ഓവറുകളിൽ ഉജ്ജ്വലമായി പന്തെറിഞ്ഞ സൺറൈസേഴ്സ് ബൗളർമാർ രാജസ്ഥാനെ പിടിച്ചുനിർത്തുകയായിരുന്നു. അവസാന ഓവറിൽ സിദ്ധാർത്ഥ് കൗളിനു മുന്നിൽ സഞ്ജു വീണു. 57 പന്തുകളിൽ 7 ഫോറും മൂന്ന് സിക്സറും സഹിതം 82 റൺസെടുത്താണ് മലയാളി താരം മടങ്ങിയത്. പരഗും (0) അവസാന ഓവറിൽ മടങ്ങി. മഹിപാൽ ലോംറോർ (28) പുറത്താവാതെ നിന്നു.
Story Highlights: sanju samson rajasthan royals first innings
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here