ഡൽഹിക്ക് ബാറ്റിംഗ് തകർച്ച; കൊൽക്കത്തയ്ക്ക് 128 റൺസ് വിജയലക്ഷ്യം

ഡൽഹി ക്യപിറ്റൽസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് 128 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഡൽഹിക്ക് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടപ്പെടുത്തി 127 റൺസ് എടുക്കാനേ സാധിച്ചുള്ളൂ. ഇന്നിംഗ്സിൽ ഒരു സിക്സർ പോലും പിറന്നില്ല. 39 റൺസ് വീതം നേടിയ ക്യാപ്റ്റൻ ഋഷഭ് പന്തും സ്റ്റീവ് സ്മിത്തും ആണ് ഡൽഹിയുടെ ടോപ്പ് സ്കോറർമാർ. കൊൽക്കത്തയ്ക്കായി വെങ്കടേഷ് അയ്യർ, ലോക്കി ഫെർഗൂസൻ, സുനിൽ നരേൻ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. (delhi capitals innings kkr)
സ്റ്റീവ് സ്മിത്തും ശിഖർ ധവാനും ചേർന്നാണ് ഡൽഹി ക്യാപിറ്റൽസ് ഇന്നിംഗ്സ് ഓപ്പൺ ചെയ്തത്. മികച്ച രീതിയിലാണ് ഡൽഹി ഇന്നിംഗ്സ് ആരംഭിച്ചതെങ്കിലും പെട്ടെന്ന് തന്നെ കൊൽക്കത്ത കളിയിലേക്ക് തിരികെയെത്തി. അഞ്ചാം ഓവർ എറിഞ്ഞ ലോക്കി ഫെർഗൂസനാണ് 35 റൺസ് നീണ്ട ആദ്യ വിക്കറ്റ് കൂട്ടുകെട്ട് തകർത്തത്. ശിഖർ ധവാൻ (24) വെങ്കടേഷ് അയ്യർക്ക് ക്യാച്ച് സമ്മാനിച്ച് മടങ്ങുകയായിരുന്നു. ശ്രേയാസ് അയ്യർ (1) വേഗം മടങ്ങി. അയ്യരെ നരേൻ ക്ലീൻ ബൗൾഡാക്കി.
Read Also : കൊൽക്കത്തക്കെതിരെ ഡൽഹി ബാറ്റ് ചെയ്യും; കൊൽക്കത്തയിൽ പ്രസിദ്ധിനു പകരം സന്ദീപ്
മൂന്നാം വിക്കറ്റിൽ സ്മിത്തും പന്തും ചേർന്ന് ഇന്നിംഗ്സ് മുന്നോട്ടു കൊണ്ടുപോകാൻ ശ്രമിച്ചു. ഇരുവരും ചേർന്ന് 37 റൺസിൻ്റെ കൂട്ടുകെട്ടാണ് ഉയർത്തിയത്. ഒടുവിൽ ലോക്കി ഫെർഗൂസൻ തന്നെ ഈ കൂട്ടുകെട്ട് പൊളിച്ചു. സ്മിത്തിനെ (39) ഫെർഗൂസൻ ക്ലീൻ ബൗൾഡാക്കി. ഷിംറോൺ ഹെട്‌മെയർ (4), അക്സർ പട്ടേൽ (0) എന്നിവർ വെങ്കടേഷ് അയ്യരിൻ്റെ ഇരകളായി മടങ്ങിയപ്പോൾ ലളിത് യാദവിനെ (0) നരേൻ വീഴ്ത്തി. അവസാന ഓവറിലെ ആദ്യ പന്തിൽ അശ്വിൻ (9) മടങ്ങി. ടിം സൗത്തിക്കായിരുന്നു വിക്കറ്റ്.
അവസാന ഓവറുകളിൽ ചില മികച്ച ഷോട്ടുകളിലൂടെ സ്കോർ ഉയർത്തിയ ഋഷഭ് പന്ത് ആണ് ഡൽഹിയെ 120 കടത്തിയത്. എന്നാൽ, അവസാന ഓവറിലെ രണ്ടാം പന്തിൽ പന്ത് (39) റണ്ണൗട്ടായി. അവേഷ് ഖാൻ (4) അവസാന പന്തിൽ റണ്ണൗട്ടായി.
Story Highlights: delhi capitals first innings vs kkr
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here