‘സ്വതന്ത്ര എംഎൽഎ ആയതിനാൽ ഔദ്യോഗികമായി കോൺഗ്രസിൽ ചേരാനാകില്ല’; ജിഗ്നേഷ് മേവാനി ട്വന്റിഫോറിനോട്

സ്വതന്ത്ര എംഎൽഎ ആയതിനാൽ ഔദ്യോഗികമായി കോൺഗ്രസിൽ ചേരാനാകില്ലെന്ന് ജിഗ്നേഷ് മേവാനി ട്വന്റിഫോറിനോട്. ബിജെപിക്കും, ആർഎസ്എസിനുമെതിരായ പോരാട്ടത്തിൽ ഒപ്പമുണ്ടാകുമെന്ന് ജിഗ്നേഷ് മേവാനി ട്വന്റിഫോറിനോട് വ്യക്തമാക്കി. വരുന്ന മാസങ്ങളിൽ ഔദ്യോഗികമായി കോൺഗ്രസിൽ ചേരും. അടുത്ത തെരഞ്ഞെടുപ്പിൽ തീർച്ചയായും കോൺഗ്രസ് ടിക്കറ്റിലാകും മത്സരിക്കുകയെന്നും ജിഗ്നേഷ് പറഞ്ഞു. പോരാടുക എന്നതാണ് കോൺഗ്രസ് പാർട്ടിയിലുള്ള തന്റെ ദൗത്യമെന്ന് ജിഗ്നേഷ് മേവാനി അറിയിച്ചു. അജണ്ഡ പാവങ്ങൾക്കും ദളിത് വിഭാഗങ്ങൾക്കും തൊഴിലില്ലായ്മയ്ക്കുമെതിരെ പോരാടുക എന്നതാണെന്ന് ജിഗ്നേഷ് മോവാനി പറഞ്ഞു. ( jignesh mevani exclusive )
ഇന്ന് വൈകീട്ടോടെയാണ് കനയ്യ കുമാറും ജിഗ്നേഷ് മേവാനിയും കോൺഗ്രസിനൊപ്പം ചേർന്നത്. എഐസിസി ആസ്ഥാനത്തെത്തി കനയ്യ കുമാർ കോൺഗ്രസ് അംഗത്വം സ്വീകരിച്ചു. രൺദീപ് സുർജേവാല, കെസി വേണുഗോപാൽ എന്നിവരോടൊപ്പം നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇരുവരും കോൺഗ്രസിലേക്ക് എത്തിയതായി അറിയിച്ചത്.
താൻ എന്തുകൊണ്ടാണ് കോൺഗ്രസിലേക്ക് എത്തിയതെന്നും കനയ്യ കുമാർ മാധ്യമങ്ങളോട് വ്യക്തമാക്കി. കോൺഗ്രസ് രക്ഷപ്പെട്ടില്ലെങ്കിൽ രാജ്യം രക്ഷപ്പെടില്ലെന്നും അതുകൊണ്ടാണ് താൻ കോൺഗ്രസിലേക്ക് എത്തിയതെന്നും കനയ്യ കുമാർ പറയുന്നു. ഭഗത് സിംഗിന്റെ വീര്യവും, ഗാന്ധിയുടെ ഏകതയും, അംബേദ്കരുടെ തുല്യതയും വേണം. ഇവർ മൂവരുടെയും ചിത്രം രാഹുൽ ഗാന്ധിക്ക് നൽകിയെന്നും കനയ്യ പറയുന്നു. ബിജെപിക്ക് കോൺഗ്രസ് അല്ലാതെ മറ്റൊരു ബദലില്ലെന്നും കനയ്യ കുമാർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഗുജറാത്തിൽ നിന്നും ആരംഭിച്ച ഒരു കഥയിൽ നിന്നും രാജ്യം അഭൂതപൂർവമായ പ്രതിസന്ധി നേരിടുകയാണെന്ന് ജിഗ്നേഷ് മേവാനി പറഞ്ഞു. എന്ത് ചെയ്തും ജനാധിപത്യത്തെയും ഇന്ത്യയുടെ ആത്മാവിനെയും രക്ഷിക്കേണ്ടത് ഉണ്ടെന്നും അടുത്ത തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ചിഹ്നത്തിൽ മത്സരിക്കുമെന്നും ജിഗ്നേഷ് മേവാനി അറിയിച്ചു.
Read Also : രാഹുൽ ഗാന്ധിക്കൊപ്പം കനയ്യ കുമാറും ജിഗ്നേഷ് മേവാനിയും; ഷഹീദ് പാർക്കിൽ പുഷ്പാർച്ചന നടത്തി
അതേസമയം, കനയ്യകുമാറിനെ സിപിഐയിൽ നിന്ന് പുറത്താക്കിയതായി സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ അറിയിച്ചു. കനയ്യ കുമാർ കമ്മ്യുണിസ്റ്റ് ആശയങ്ങളെയും പാർട്ടിയേയും ചതിച്ചുവെന്ന് ഡി രാജ പറഞ്ഞു. കനയ്യ കുമാർ വഹിച്ചിരുന്നത് സിപിഐ ദേശീയ നിർവാഹക സമിതി അംഗമെന്ന പദവിയായിരുന്നു.
‘കനയ്യ കുമാർ നടത്തിയത് ചതിയാണ്. സംഘപരിവാർ ആക്രമണങ്ങളിൽ നിന്ന് കനയ്യ കുമാറിനെ സംരക്ഷിച്ചത് സിപിഐയാണ്. വ്യക്തിത്വങ്ങളുടെ തണലിലല്ല പാർട്ടി.സിപിഐ മുന്നോട്ടു തന്നെയാണ് ‘- ഡി രാജ അറിയിച്ചു.
പശ്ചാത്താപം കാരണമാണ് പാർട്ടി വിടുന്നതെന്നാണ് കനയ്യ കുമാർ പറഞ്ഞത്. കനയ്യ കുമാർ സ്വയമേവ പിരിഞ്ഞു പോകുകയായിരുന്നു.
സ്ഥാനങ്ങൾ സ്വയം ഒഴിയുന്നുവെന്ന് കനയ്യ കുമാർ ഉച്ചയ്ക്ക് 01.10ന് പാർട്ടിക്ക് കത്ത് നൽകി. സംഘടനാപരമായും ആശയപരമായും ഉത്തരവാദിത്തം നിർവഹിക്കാൻ കഴിയില്ലെന്ന് കനയ്യ കുമാർ കത്തിൽ വ്യക്തമാക്കി.
എന്നാൽ പാർട്ടി വിടുന്നതിനെ കുറിച്ച് കനയ്യ കുമാർ ഒരു സൂചനയും നൽകിയില്ല .അഭ്യുഹങ്ങൾ ഉണ്ടായിരുന്നു. തനിക്ക് വ്യക്തിപരമായി അറിയാവുന്ന ആളായിരുന്നു കനയ്യ കുമാറെന്നും ഡി രാജ പറഞ്ഞു. കനയ്യ കുമാർ പാർട്ടിയോട് സത്യസന്ധത കാണിച്ചില്ലെന്നും
ആരും പാർട്ടിക്ക് മുകളിൽ അല്ലെന്നും ഡി രാജ പറഞ്ഞു.
Story Highlights: jignesh mevani exclusive
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here