മധുരം മാറാത്ത സ്വരയൗവനത്തിന് ഇന്ന് 92 വയസ്സ്; പിറന്നാൾ നിറവിൽ ലതാജി…

മധുരം മാറാത്ത സ്വരമാധുര്യത്തിന് ഇന്ന് 92 വയസ്സ്. കേട്ടാൽ കൊതി തീരാത്ത, ഇന്നും നമ്മുടെ മനസ്സ് കീഴടക്കിയ മധുരസ്വരത്തിന് ഉടമ ലതാജിയുടെ പിറന്നാൾ ആണ് ഇന്ന്. ലതാജിയുടെ പതിറ്റാണ്ടുകൾ പഴക്കമുള്ള പാട്ടുകൾ പോലും ഇന്നും നമുക്ക് പുതിയതുപോലെയാണ്. ഓരോ മലയാളിയുടെയും ഇഷ്ടഗാനങ്ങളെടുത്താൽ ലതാജിയുടെ എത്രയെത്ര ഗാനങ്ങൾ ഉണ്ടാകും എന്നത് ഒരുപക്ഷെ നമുക്ക് എണ്ണിയാൽ തീരാത്ത ഒന്നാകാം. ശബ്ദം മോശമെന്ന് പറഞ്ഞ് മാറ്റിനിർത്തിയവർ പിന്നീട് കണ്ടത് അത്ഭുതം തോന്നുന്ന ലതാജിയുടെ വളർച്ചയാണ്. ഏഴു പതിറ്റാണ്ടിലേറെയായി, ഇന്നും ലതാജിയുടെ ഗാനങ്ങൾ നമുക്ക് പ്രിയപ്പെട്ടതാണ്.
ദേശസ്നേഹവും പ്രണയവും പരിഭവവും പിണക്കവും തുടങ്ങി ആ സ്വര മധുരിമയിൽ വിരിയാത്ത ഗാനങ്ങളില്ല. എന്തിനധികം പറയണം തൊണ്ണൂറ്റിരണ്ടിന്റെ നിറവിലും മധുരപതിനേഴിന്റെ യൗവനമാണ് ലതാജിയുടെ സ്വരത്തിന്. അച്ഛൻ ദീനാനാഥ് മങ്കേഷ്‌കരിൽ നിന്നാണ് സംഗീതത്തിന്റെ ആദ്യപാഠങ്ങൾ പഠിക്കുന്നത്. ചെറുപ്രായത്തിലെ അച്ഛന്റെ വിടപറച്ചിൽ ലതാ മങ്കേഷ്ക്കരിനെ ഏറെ വിഷമിപ്പിച്ചു. ആ സങ്കടത്തിൽ നിന്നാണ് ലതാ മങ്കേഷ്‌കർ എന്ന ഗായികയുടെ പിറവി. പതിമൂന്നാം വയസ്സിൽ ഗായികയായി തുടങ്ങിയെങ്കിലും വർഷങ്ങൾക്ക് ശേഷമാണ് പാട്ടിൽ സ്വന്തമായൊരു പേര് എടുക്കാൻ സാധിച്ചത്. ശബ്ദത്തിന്റെ പേരിൽ നിരവധി പരിഹാസങ്ങളും മാറ്റിനിർത്തലുകളും നേരിടേണ്ടി വന്നെങ്കിലും പിന്നീട് അതെ സ്വരത്തിന്റെ പേരിൽ തന്നെ ലതാജി എല്ലാവർക്കും പ്രിയപ്പെട്ട ഗായികയായി.
ഇന്ത്യയുടെ വാനമ്പാടിയായും മെലഡികളുടെ രാജ്ഞിയായും ഇന്ത്യയുടെ സ്വരമായെല്ലാം ലതാജി പിന്നീട് അറിയപ്പെട്ടു. നിരവധി പുരസ്കാരങ്ങളും അംഗീകാരങ്ങളും ലതാജിയെ തേടിയെത്തി. മലയാളികളുടെ പ്രിയ ഗാനമായ “കദളി ചെങ്കദളി” എന്ന ഗാനവും ലതാജിയുടെ സ്വരത്തിൽ പിറന്നതാണ്. ഗായികയ്ക്ക് മുന്നെ അഭിനയത്തിലാണ് ലതാ മങ്കേഷ്‌കർ അരങ്ങേറ്റം കുറിച്ചത്. തന്റെ അഞ്ചാം വയസ്സിൽ അച്ഛന്റെ നാടകത്തിലൂടെയാണ് പ്രവേശനം. ലതാജിയുടെ സ്വരത്തിൽ ആത്മവിശ്വാസമില്ലാതിരുന്ന സംഗീത സംവിധായകർക്കിടയിൽ ഒരാൾ മാത്രം ലതാജിയുടെ സ്വരം ഇന്ത്യ മുഴുവൻ കേൾക്കുമെന്നും ആരാധിക്കുമെന്നും വിശ്വസിച്ചു. മറ്റാരുമല്ല, സംഗീത സംവിധായകൻ ഗുലാം ഹൈദർ. തന്റെ മജ്‌ബൂർ എന്ന ചിത്രത്തിൽ അദ്ദേഹത്തിന്റെ പാട്ടിന് ലതാജി സ്വരം നൽകി. പിന്നീട് സംഗീത ലോകത്ത് ലതാജിയുടെ പാട്ടുകൾ ഓരോ പാട്ടാസ്വാദകനറെ ഹൃദയം കീഴടക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here