ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലുള്ള മോൻസൺ മാവുങ്കലിന്റെ ചോദ്യം ചെയ്യൽ ഇന്നും തുടരും

വ്യാജ പുരാവസ്തുക്കൾ കാണിച്ച് തട്ടിപ്പ് നടത്തിയ കേസിൽ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലുള്ള മോൻസൺ മാവുങ്കലിന്റെ ചോദ്യം ചെയ്യൽ ഇന്നും തുടരും. തൃപ്പൂണിത്തുറ ജില്ലാ ക്രൈം ബ്രാഞ്ച് ഓഫീസിലാണ് ചോദ്യം ചെയ്യൽ. ഇന്നലെ വൈകീട്ടോടെയാണ് മോൻസണെ ക്രൈം ബ്രാഞ്ചിന് കസ്റ്റഡിയിൽ ലഭിച്ചത് മൂന്ന് ദിവസത്തേക്കാണ്. കസ്റ്റഡി അവസാനിക്കുന്നതിന് മുൻപ് പരമാവധി തെളിവുകൾ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. (monson mavunkal crime branch)
മോൻസണിസന്റെ ബാങ്ക് ഇടപാടുകൾ അടക്കം പരിശോധിച്ച ശേഷം തെളിവെടുപ്പ് നടത്താനാണ് തീരുമാനം. വ്യാജ പുരാവസ്തുക്കൾക്ക് എങ്ങിനെ ഇയാൾ രേഖകൾ ഉണ്ടാക്കിയെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. ഇയാളുടെ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങളും ശേഖരിച്ച ശേഷം കൂടുതൽ പേരെ ആവശ്യമെങ്കിൽ ചോദ്യം ചെയ്യാനാണ് ക്രൈം ബ്രാഞ്ച് തീരുമാനം.
ഇന്നലെ രക്തസമ്മർദം ഉയർന്നതിനെ തുടർന്ന് മോൻസൺ മാവുങ്കലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എറണാകുളം ജനറൽ ആശുപത്രിയിലാണ് ഇയാളെ പ്രവേശിപ്പിച്ചത്. മോൻസണിന്റെ കൊവിഡ് പരിശോധനാഫലം പൂർത്തിയായി. അതിനുശേഷമാണ് ഇയാളെ കോടതിയിൽ ഹാജരാക്കിയത്.
മോൻസൺ മാവുങ്കലിനെ മറ്റൊരു കേസിലും പ്രതി ചേർത്ത് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. പാലാ മീനച്ചിൽ സ്വദേശി രാജീവ് ശ്രീധരൻ നൽകിയ പരാതിയിലാണ് നടപടി. ക്രൈംബ്രാഞ്ച് സംഘം ജയിലിൽ എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 1.68 കോടി രൂപ തട്ടിയെന്ന് കാണിച്ചാണ് രാജീവ് പൊലീസിൽ പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തിരുന്നു.
Read Also : മോൻസൺ മാവുങ്കലുമായി തനിക്കുണ്ടായിരുന്നത് അയൽവാസിയെന്ന നിലയിലുള്ള അടുപ്പം; നടൻ ബാല ട്വന്റിഫോറിനോട്
മോൻസൺ മാവുങ്കലുമായി തനിക്കുണ്ടായിരുന്നത് അയൽവാസിയെന്ന നിലയിലുള്ള അടുപ്പമാണെന്ന് നടൻ ബാല ട്വന്റിഫോറിനോട് പറഞ്ഞു. മോൻസൺ മാവുങ്കൽ ഒട്ടേറെ ചാരിറ്റി പ്രവർത്തനങ്ങളിൽ പങ്കാളിയായിരുന്നുവെന്നും മോൻസണെപ്പറ്റി കൂടുതൽ അന്വേഷിച്ചിട്ടില്ലെന്നും ബാല ട്വന്റിഫോർ ‘എൻകൗണ്ടറിൽ’ പ്രതികരിച്ചു. മാത്രമല്ല മറ്റാരുടെയെങ്കിലും പ്രശ്നങ്ങളിൽ തന്നെ വലിച്ചിടരുതെന്നും ബാല അഭ്യർത്ഥിച്ചു.
പുരാവസ്തു വിൽപ്പനക്കാരനെന്ന വ്യാജേനയാണ് മോൻസൺ മാവുങ്കൽ പലരിൽ നിന്നായി കോടികൾ തട്ടിച്ചത്. 2018-2021 കാലഘട്ടത്തിലായിരുന്നു തട്ടിപ്പ് നടത്തിയത്. മോൻസണിന്റെ സുഹൃത്തായിരുന്ന അനൂപ് അഹമ്മദാണ് ആദ്യം പരാതിയുമായി രംഗത്തെത്തിയത്. തുടർന്ന് നിരവധി പേർ പരാതി നൽകി. എന്നാൽ പരാതികളിൽ അന്വേഷണം നടന്നില്ല. ഉന്നത പൊലീസ് ബന്ധം ഉപയോഗിച്ച് മോൻസൺ അന്വേഷണം അട്ടിമറിച്ചതായാണ് ആരോപണം. രാഷ്ട്രീയക്കാരും സിനിമാ മേഖലയിൽ ഉള്ളവരുമായും മോൻസണ് ഉറ്റ ബന്ധമാണുള്ളത്.
Story Highlights: monson mavunkal crime branch
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here