Advertisement

മോന്‍സണ്‍ മാവുങ്കലിനെ കസ്റ്റഡിയില്‍ വിട്ടു

September 30, 2021
Google News 1 minute Read

മോന്‍സണ്‍ മാവുങ്കലിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു. ഒക്ടോബര്‍ രണ്ട് വരെ മൂന്ന് ദിവസത്തേക്കാണ് കസ്റ്റഡിയില്‍ വിട്ടത്. എറണാകുളം സിജെഎം കോടതിയുടേതാണ് നടപടി.

അതിനിടെ ബോളിവുഡ് നടി കരീന കപൂറിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കാറും മോന്‍സണിന്റെ പക്കലുണ്ടെന്ന വിവരവും പുറത്തുവന്നു. കാര്‍ ഒരു വര്‍ഷത്തിലധികമായി ചേര്‍ത്തല പൊലീസ് സ്റ്റേഷന്‍ കോംപൗണ്ടിലാണ്. പോര്‍ഷെ ബോക്സ്റ്റര്‍ കാറാണ് മോന്‍സണ്‍ിന്റെ കൈവശമുണ്ടായിരുന്നത്. ശ്രീവത്സം ഗ്രൂപ്പിന്റെ യാര്‍ഡില്‍ സൂക്ഷിച്ചിരുന്ന കാര്‍ ഒരു കേസിനെ തുടര്‍ന്ന് പൊലീസ് പിടിച്ചെടുക്കുകയായിരുന്നു. 2007 മോഡല്‍ കാറാണ് മോന്‍സണ്‍ കൈവശം വച്ചിരുന്നത്. ചേര്‍ത്തല സ്റ്റേഷനില്‍ ഉള്ള 20 ആഢംബരക്കാറുകള്‍ക്കൊപ്പമാണ് കരീനയുടെ പേരിലുള്ള കാറുമുള്ളത്. പ്രളയത്തില്‍ നശിച്ച ആഢംബര കാറുകള്‍ ശ്രീവത്സം ഗ്രൂപ്പുമായി ബന്ധം ആരംഭിച്ചതിന് ശേഷം മോന്‍സണ്‍ അവരുടെ യാര്‍ഡിലേക്ക് മാറ്റിയിരുന്നു. പിന്നീട് ലീസ് തുക തട്ടിയെന്ന് പറഞ്ഞ് ശ്രീവത്സം ഗ്രൂപ്പിനെതിരെ മോന്‍സണ്‍ പരാതി നല്‍കിയിരുന്നു. ആറര കോടി രൂപ കൈപ്പറ്റുകയും, ബാക്കി തുക തന്നില്ലെന്നുമായിരുന്നു മോന്‍സണിന്റെ പരാതി. ഇത് വ്യാജ പരാതിയാണെന്ന നിഗമനത്തിലാണ് പൊലീസ്.

പുരാവസ്തു വില്‍പ്പനക്കാരനെന്ന വ്യാജേനയാണ് മോന്‍സണ്‍ മാവുങ്കല്‍ പലരില്‍ നിന്നായി കോടികള്‍ തട്ടിച്ചത്. 2018 മുതല്‍ 2021 വരെയുള്ള കാലഘട്ടത്തിലായിരുന്നു തട്ടിപ്പ് നടത്തിയത്. മോന്‍സണിന്റെ സുഹൃത്തായിരുന്ന അനൂപ് അഹമ്മദാണ് ആദ്യം പരാതിയുമായി രംഗത്തെത്തിയത്. തുടര്‍ന്ന് നിരവധി പേര്‍ പരാതി നല്‍കി. എന്നാല്‍ പരാതികളില്‍ അന്വേഷണം നടന്നില്ല. ഉന്നത പൊലീസ് ബന്ധം ഉപയോഗിച്ച് മോന്‍സണ്‍ അന്വേഷണം അട്ടിമറിച്ചതായാണ് ആരോപണം. രാഷ്ട്രീയക്കാരും സിനിമാ മേഖലയില്‍ ഉള്ളവരുമായും മോന്‍സണ് ഉറ്റ ബന്ധമാണുള്ളത്.

Story Highlights: monson mavunkal custody

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here