Advertisement

രാജ്യാന്തര ക്രിക്കറ്റിൽ 5000 റൺസും 300 വിക്കറ്റും; അപൂർവ നേട്ടവുമായി എലിസ് പെറി

October 2, 2021
Google News 2 minutes Read
Ellyse Perry Record Cricket

രാജ്യാന്തര ക്രിക്കറ്റിൽ 5000 റൺസും 300 വിക്കറ്റും നേടുന്ന ആദ്യ വനിതാ താരമെന്ന നേട്ടവുമായി ഓസ്ട്രേലിയൻ ഓൾറൗണ്ടർ എലിസ് പെറി. ഇന്ത്യക്കെതിരായ പിങ്ക് ബോൾ ടെസ്റ്റിലാണ് പെറി ഈ നേട്ടത്തിലെത്തിയത്. മത്സരത്തിൽ ഒരു ദിവസം കൂടി ശേഷിക്കെ ഓസ്ട്രേലിയ പൊരുതുകയാണ്. (Ellyse Perry Record Cricket)

ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സിൽ ബൗളിംഗ് ഓൾറൗണ്ടർ പൂജ വസ്ട്രാക്കറെ പുറത്താക്കിയാണ് പെറി 300 വിക്കറ്റ് തികച്ചത്. ആകെ 4974 റൺസുമായി നാലാം നമ്പറിൽ ബാറ്റിംഗിനിറങ്ങിയ പെറി പിന്നീട് 5000 റൺസും തികച്ചു. എട്ട് ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 651 റൺസുള്ള പെറി 115 ഏകദിനങ്ങളിൽ നിന്ന് 3107 റൺസും 123 ടി-20കളിൽ നിന്ന് 1243 റൺസും സ്വന്തമാക്കിയിട്ടുണ്ട്. ടെസ്റ്റിൽ 78 ആണ് പെറിയുടെ ബാറ്റിംഗ് ശരാശരി. ഏകദിനത്തിൽ 50.6 ശരാശരിയും താരത്തിനുണ്ട്. ടെസ്റ്റിൽ 31 വിക്കറ്റുകളുള്ള പെറിക്ക് ഏകദിനത്തിലും ടി-20യിലും യഥാക്രമം 152, 115 വിക്കറ്റുകളാണ് ഉള്ളത്.

Read Also : പിങ്ക് ബോൾ ടെസ്റ്റ്: ഓസ്ട്രേലിയ പൊരുതുന്നു

ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 377നു മറുപടിയുമായി ഇറങ്ങിയ ഓസ്ട്രേലിയ മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ 4 വിക്കറ്റ് നഷ്ടത്തിൽ 143 റൺസ് നേടിയിട്ടുണ്ട്. എലിസ് പെറി (27), ആഷ്‌ലി ഗാർഡ്‌നർ (13) എന്നിവരാണ് ക്രീസിൽ. ഇരുവരും ചേർന്ന് അഞ്ചാം വിക്കറ്റിൽ അപരാജിതമായ 24 റൺസിൻ്റെ കൂട്ടുകെട്ട് ഉയർത്തിയിട്ടുണ്ട്. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിൽ നിന്ന് ഇനിയും 234 റൺസ് അകലെയാണ് ഓസ്ട്രേലിയ.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി സ്മൃതി മന്ദന (127) ടോപ്പ് സ്കോറർ ആയപ്പോൾ ദീപ്തി ശർമ്മ 66 റൺസെടുത്തു. പൂനം റാവത്ത് (36), ഷഫാലി വർമ്മ (31), മിതാലി രാജ് (30) എന്നിവർക്കൊക്കെ തുടക്കം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. പുറത്തായ ഇന്ത്യൻ താരങ്ങളെല്ലാം ഇരട്ടയക്കം കടന്നു. ഝുലൻ ഗോസ്വാമി (7), മേഘ്ന സിംഗ് (2) എന്നിവർ പുറത്താവാതെ നിന്നു.

ഒരു ദിവസം മാത്രം അവശേഷിക്കെ മത്സരം സമനിലയിലേക്കാണ് നീങ്ങുന്നത്.

Story Highlights: Ellyse Perry Record International Cricket

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here