‘എ.ആർ ബാങ്ക് കുംഭകോണത്തിന്റെ ആദ്യ രക്തസാക്ഷി വി.കെ അബ്ദുൽ ഖാദർ മൗലവി’; മുസ്ലിം ലീഗിനെതിരെ കെ.ടി ജലീൽ

മുസ്ലിം ലീഗിനെതിരെ ആരോപണവുമായി കെ.ടി ജലീൽ എംഎൽഎ. എ.ആർ നഗർ ബാങ്ക് കുംഭകോണത്തിന്റെ ആദ്യത്തെ രക്ത സാക്ഷി മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ. അബ്ദുൽ ഖാദർ മൗലവിയാണെന്ന് ജലീൽ ആരോപിച്ചു. തന്റെ പേരിൽ രണ്ട് കോടിയുടെ കള്ളപ്പണ ഇടപാട് എ.ആർ നഗർ ബാങ്കിൽ നടന്നിട്ടുണ്ടെന്നറിഞ്ഞ നിമിഷം മുതൽ മൗലവി വലിയ മാനസിക വിഷമത്തിലായിരുന്നുവെന്നും കെ.ടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.
മൗലവി സാഹിബിന്റെ അറിവോ സമ്മതമോ കൂടാതെ അദ്ദേഹത്തിന്റെ പേരിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കാനും രണ്ട് കോടിയോളം രൂപയുടെ ഇടപാടുകൾ ബാങ്കിൽ നടത്താനും പി.കെ കുഞ്ഞാലിക്കുട്ടിയുടെ അറിവും പ്രേരണയും ഇല്ലാതെ കഴിയുമെന്ന് വിശ്വസിക്കാനാകില്ല. തന്റെ പൊതുജീവിതം കളങ്കപ്പെട്ടുവെന്ന തോന്നലിൽ നിന്നുണ്ടായ മാനസിക സമ്മർദത്തെ തുടർന്നാണ് അബ്ദുൽ ഖാദർ മൗലവി ഹൃദയാഘാതം മൂലം മരണപ്പെട്ടത്. സാത്വികനും നിഷ്‌കളങ്കനുമായിരുന്ന മൗലവി സാഹിബിന്റെ പൊടുന്നനെയുള്ള വേർപാടിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞ് മാറാൻ അതിന് കാരണക്കാരായവർക്ക് എങ്ങിനെ കഴിയുമെന്നും ജലീൽ ചോദിക്കുന്നു.
ഐസ്‌ക്രീം പാർലർ കേസ് തുമ്പില്ലാതാക്കിയത് ആ കേസിലെ രണ്ടു സാക്ഷികളുടെ അസ്വാഭാവിക അപകട മരണങ്ങളാണ്. എ.ആർ നഗർ ബാങ്കിലെ എല്ലാ കള്ളപ്പണ ഇടപാടിന്റെയും സൂത്രധാരനും ഏക സാക്ഷിയുമാണ് ഹരികുമാർ. അദ്ദേഹത്തിന്റെ ജീവൻ അപകടത്തിലാണെന്ന് സംശയിക്കുന്നു. എ.ആർ നഗർ ബാങ്കിൽ നടന്ന ആയിരം കോടിയുടെ വൻ തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണം അവസാനിക്കുന്നത് വരെ ഹരികുമാറിന്റെ ജീവന് പൂർണസംരക്ഷണം നൽകാൻ സർക്കാർ തയ്യാറാകണമെന്നും ജലീൽ കൂട്ടിച്ചേർത്തു.
Story Highlights: Jaleel against muslim league
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here