ഓസ്ട്രേലിയ-ഇന്ത്യ വനിതാ ടി-20 പരമ്പര നാളെ മുതൽ

ഓസ്ട്രേലിയ- ഇന്ത്യ വനിതാ ടി-20 പരമ്പര നാളെ മുതൽ ആരംഭിക്കും. ക്വീൻസ്‌ലാൻഡിലെ കരാര ഓവലിൽ ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 2.10നാണ് മത്സരം ആരംഭിക്കുക. മൂന്ന് മത്സരങ്ങൾ അടങ്ങിയ പരമ്പരയാണ് ഇത്. നേരത്തെ ഏകദിന പരമ്പര 2-1നു പരാജയപ്പെട്ട ഇന്ത്യ പിങ്ക് ബോൾ ടെസ്റ്റിൽ സമനില പിടിച്ചിരുന്നു. (australia india t20 tomorrow)
പരുക്കേറ്റ റെയ്ച്ചൽ ഹെയിൻസ് ഇല്ലാതെയാണ് ഓസ്ട്രേലിയ ഇറങ്ങുന്നത്. ഇത് ടീം ബാലൻസ് നഷ്ടപ്പെടുത്തിയിട്ടുണ്ടെങ്കിലും മികച്ച താരങ്ങൾ തന്നെയാണ് ഓസ്ട്രേലിയക്ക് ഉള്ളത്. ബിഗ് ബാഷ് ലീഗിൽ ഡെത്ത് ഓവർ സ്പെഷ്യലിസ്റ്റായി തിളങ്ങിയ ഹന്ന ഡാർലിംഗ്ടണും ഓൾറൗണ്ടർ തഹ്‌ലിയ മഗ്രാത്തും ടി-20യിൽ അരങ്ങേറിയേക്കും.
ഹർമൻപ്രീത് കൗർ തിരികെ എത്തുന്നത് ഇന്ത്യക്ക് വലിയ ആത്മവിശ്വാസം നൽകും. ദി ഹണ്ട്രഡിലെ തകർപ്പൻ പ്രകടനം കഴിഞ്ഞെത്തുന്ന ജമീമ റോഡ്രിഗസ് മൂന്നാം നമ്പറിൽ ഹർലീൻ ഡിയോളിനു പകരം ടീമിൽ ഇടം നേടിയേക്കും. ഓസ്ട്രേലിയക്കെതിരെ മികച്ച റെക്കോർഡ് ഉള്ള പൂനം യാദവ് ടീമിൽ ഇടം നേടാൻ സാധ്യതയുണ്ട്.
Read Also : പിങ്ക് ബോൾ ടെസ്റ്റ് സമനിലയിൽ
പിങ്ക് ബോൾ ടെസ്റ്റിൻ്റെ രണ്ടാം ഇന്നിംഗ്സിൽ ഓസ്ട്രേലിയ 2 വിക്കറ്റ് നഷ്ടത്തിൽ 36 റൺസ് എടുത്തുനിൽക്കെ സമനിലക്ക് പിരിയാൻ ഇരു ക്യാപ്റ്റന്മാരും സമ്മതിക്കുകയായിരുന്നു. മത്സരത്തിൻ്റെ രണ്ട് ഇന്നിംഗ്സുകളിലും ആധിപത്യം പുലർത്തിയ ഇന്ത്യക്ക് ഈ ഫലം തിരിച്ചടിയാണ്. ഒന്നാം ഇന്നിംഗ്സിൽ തകർപ്പൻ സെഞ്ചുറി നേടിയ സ്മൃതി മന്ദനയാണ് മത്സരത്തിലെ താരം.
രണ്ടാം ഇന്നിംഗ്സിൽ 3 വിക്കറ്റ് നഷ്ടത്തിൽ 135 റൺസ് എന്ന നിലയിൽ ഇന്ത്യ ഇന്നിംഗ്സ് ഡിക്ലയർ ചെയ്തതോടെ 32 ഓവറിൽ 272 റൺസ് എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയാണ് ഓസ്ട്രേലിയ ഇറങ്ങിയത്. എലിസ ഹീലി (6) ഝുലൻ ഗോസ്വാമിക്കും ബെത്ത് മൂണി (11) പൂജ വസ്ട്രാക്കർക്കും വിക്കറ്റ് സമ്മാനിച്ച് മടങ്ങി. മെഗ് ലാനിങ് (17), എലിസ് പെറി (1) എന്നിവർ പുറത്താവാതെ നിന്നു.
രണ്ടാം ഇന്നിംഗ്സിൽ അർദ്ധസെഞ്ചുറി നേടിയ ഓപ്പണർ ഷഫാലി വർമ്മ ആയിരുന്നു ഇന്ത്യയുടെ ടോപ്പ് സ്കോറർ. ഒന്നാം ഇന്നിംഗ്സിൽ 9 വിക്കറ്റ് നഷ്ടത്തിൽ 241 റൺസ് എടുത്തുനിൽക്കെ ഓസ്ട്രേലിയ ഇന്നിംഗ്സ് ഡിക്ലയർ ചെയ്തതോടെ ഇന്ത്യക്ക് 136 റൺസ് ലീഡ് ആണ് ഉണ്ടായിരുന്നത്.
Story Highlights: australia india t20 series tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here