ഓണക്കിറ്റിൽ നൽകിയ ഏലക്കയുടെ ഗുണനിലവാരത്തിൽ അന്വേഷണം | 24 Impact

ഓണക്കിറ്റിൽ നൽകിയ ഏലക്കയുടെ ഗുണനിലവാരത്തെ കുറിച്ച് വിശദമായ അന്വേഷണം നടക്കും. പൊതുവിതരണ വകുപ്പ് ഡയറക്ടറേറ്റിലെ വിജിലൻസ് വിഭാഗത്തിനാണ് അന്വേഷണ ചുമതല. മന്ത്രി ജി.ആർ അനിലിന് തെളിവ് സഹിതം ലഭിച്ച പരാതി വിജിലൻസിന് കൈമാറിയതായി അദ്ദേഹം നിയമസഭയിൽ അറിയിച്ചു. ട്വന്റിഫോർ വാർത്തയെ തുടർന്നാണ് നടപടി. ( onam kit cardamom scam )
സപ്ലൈകോ ഓണക്കിറ്റിലേക്ക് ഏലക്കവാങ്ങിയതുമായി ബന്ധപ്പെട്ട ക്രമക്കേടിൽ അന്വേഷണം അട്ടിമറിച്ചതായി ആരോപണമുയർന്നിരുന്നു. സംഭരിച്ച ഏലക്കയ്ക്ക് ഗുണനിലവാരമില്ലെന്ന മുന്നറിയിപ്പ് സപ്ലൈക്കോ അവഗണിച്ചതായാണ് ആരോപണം ഉയർന്നത്. ഏലക്കയുടെ സാമ്പിൾ സഹിതം നൽകിയ പരാതിയിലാണ് അന്വേഷണം അട്ടിമറിച്ചത്. ഇതിന്റെ തെളിവുകളും ട്വന്റിഫോറിന് ലഭിച്ചിരുന്നു.
സപ്ലൈക്കോയ്‌ക്കെതിരെ വിജിലൻസിന് നൽകിയ പരാതിയും പൂഴ്ത്തിയതായി ആരോപണമുണ്ട്. വർക്കല, വക്കം, പരവൂർ എന്നിവിടങ്ങളിൽ വിതരണം ചെയ്ത ഏലക്ക ഗുണനിലവാരമില്ലാത്തത് എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഭക്ഷ്യമന്ത്രിക്കുൾപ്പെടെ പരാതി നൽകിയത്. ഇതേ കാര്യം വ്യക്തമാക്കി വിജിലൻസിനും പരാതി പോയി. ഒരു സ്വകാര്യ ഏജൻസിയിൽ നിന്ന് ഏലക്ക ഡിപ്പോ മാനേജർമാർ വാങ്ങുകയായിരുന്നുവെന്നും ഇത് ചെറിയ പായ്ക്കറ്റുകളിലാക്കി ഓണക്കിറ്റിൽ ഉൾപ്പെടുത്തുകയായിരുന്നുവെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഏലക്കയ്‌ക്കൊപ്പം മറ്റു ചില വസ്തുക്കളും കൂട്ടിക്കലർത്തി വിതരണം ചെയ്തുവെന്നും ആരോപണം ഉന്നിച്ചിരുന്നു.
Read Also : ഓണക്കിറ്റിലെ ഏലക്ക ക്രമക്കേട്; അന്വേഷണം നടത്തുമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍; ട്വന്റിഫോര്‍ ഇംപാക്ട്
വിപണി വിലയേക്കാൾ വളരെ ഉയർന്ന വിലയ്ക്കാണ് സപ്ലൈകോ ഏലക്ക സംഭരിച്ചത്. കിലോയ്ക്ക് 1072 രൂപ വിപണിവിലയുള്ളപ്പോൾ 1700 രൂപയ്ക്കായിരുന്നു സംഭരണം. ഇതിലൂടെ സപ്ലൈകോയ്ക്ക് നഷ്ടപ്പെട്ടത് 10 കോടിയിലധികം രൂപയാണ്.
Story Highlights: onam kit cardamom scam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here