Advertisement

നിയമസഭയിൽ എത്തുന്നില്ലെന്ന പ്രതിപക്ഷത്തിന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി പിവി അൻവർ എംഎൽഎ

October 6, 2021
1 minute Read

നിയമസഭയിൽ എത്തുന്നില്ലെന്ന പ്രതിപക്ഷത്തിന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി പിവി അൻവർ എംഎൽഎ. സ്വന്തം ഗുരുവിന്റെ കുതികാൽ വെട്ടിയാളാണെന്ന് വിഡി സതീശനെന്നും അദ്ദേഹം തന്നെ ധാർമികത പഠിപ്പിക്കാൻ വരരുതെന്നും പി വി അൻവർ പറഞ്ഞു. രാജീവ് ഗാന്ധി രാജ്യം വിട്ടുപോകുമ്പോൾ എവിടെയാണെന്ന് അറിയിക്കാറില്ല. വയനാട്ടിൽ ഒരിക്കലും രാഹുൽ ഗാന്ധി വരാറില്ല. അത്തരത്തിലൊരു നേതാവിന്റെ അനുയായിയാണ്‌ താങ്കളെന്ന് മറക്കരുതെന്ന് പ്രതിപക്ഷ നേതാവിനോട് ചോദിക്കുകയായിരുന്നു. നിയമസഭയിൽ എപ്പോൾ വരണം, എങ്ങനെ പ്രവർത്തിക്കണം, എങ്ങനെ പൊതുജനങ്ങളോട് പെരുമാറണം എന്നൊക്കെ തനിക്കറിയാം. അതിനൊന്നും താങ്കളുടെ സഹായവും ഉപദേശവും ആവശ്യമില്ലെന്നാണ് അൻവർ ഫേസ്ബുക്ക് വിഡിയോയിലൂടെ വ്യക്തമാക്കിയത്.

പിവി അൻവർ എംഎൽഎ ഫേസ്ബുക്ക് വിഡിയോയിൽ പറഞ്ഞത്ത്:

‘പ്രിയപ്പെട്ട പ്രതിപക്ഷ നേതാവേ. അങ്ങയുടെ ഒരു പ്രസ്താവന കാണുകയുണ്ടായി. പിവി അൻവർ നിയമസഭയിൽ എത്തിയില്ലെന്ന അങ്ങയുടെ വിഷമം എന്ന അതിശയിപ്പിക്കുന്നതാണ്. കഴിഞ്ഞ അഞ്ചര വർഷം, ജീവിതത്തിൽ ഒരിക്കലും അൻവർ നിയമസഭയിൽ എത്തരുതെന്ന നിലയ്ക്ക് നിലമ്പൂരിലും വ്യക്തിപരമായി എനിക്കെതിരെ പ്രവർത്തിച്ച പാർട്ടിയുയെയും മുന്നണിയുടെയും നേതാവാണ് നിങ്ങൾ. തെരഞ്ഞെടുപ്പ് കാലത്ത് രാഹുൽ ഗാന്ധിയും കോൺഗ്രസിലെ മുഴുവൻ ദേശീയനേതാക്കളെയും സംസ്ഥാന നേതാക്കളെയും അണിനിരത്തി, കിട്ടാവുന്ന ഏറ്റവും നല്ല കോൺഗ്രസ് സ്ഥാനാർത്ഥിയെ സ്ഥാനാർത്ഥിയാക്കിയും എനിക്കെതിരെ വ്യക്തിപരമായും നിരന്തരമായി ആരോപണങ്ങൾ ഉന്നയിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ടിട്ടും എന്നെ പരാജയപ്പെടുത്താൻ നിങ്ങൾക്ക് സാധിച്ചില്ല. അന്നെല്ലാം നിങ്ങളുടെ ഉദേശം ഞാൻ നിയമസഭയിൽ വരരുതെന്നായിരുന്നു.

ഇപ്പോൾ നിയമസഭയിൽ എന്നെ കാണാത്തതിൽ അങ്ങേയ്ക്ക് വിഷമമുണ്ട് എന്ന് അറിഞ്ഞതിൽ നല്ല സന്തോഷം തോന്നുന്നുണ്ട്. ഇത്രയും സ്‌നേഹമുള്ള കോൺഗ്രസ് നേതാക്കളുണ്ടെന്ന് അറിഞ്ഞതിൽ എന്റെ സന്തോഷം വർധിക്കുകയാണ്. പ്രിയപ്പെട്ട പ്രതിപക്ഷ നേതാവിനോട് എനിക്കൊന്നേ പറയാനുള്ളൂ. താങ്കളുടെ ഒര് നേതാവുണ്ടല്ലോ, രാഹുൽ ഗാന്ധി. അദ്ദേഹം എവിടെയാണ്. അദ്ദേഹം ഇന്ത്യ വിട്ട് പോകുമ്പോൾ പോലും അത് കോൺഗ്രസ് നേതാക്കളോടോ ജനങ്ങളോടോ പറയാറില്ല. പത്രക്കാർ അന്വേഷിക്കുമ്പോൾ എവിടെയാണെന്ന് അറിയാറില്ല. ഇന്റലിജൻസിന് പോലും അദ്ദേഹം എവിടെയാണെന്ന് അറിയില്ല.

അത്തരമൊരു നേതാവിന്റെ അനുയായിയാണ് താങ്കളെന്ന് മനസിലാക്കണം. വയനാട്ടിൽ നിന്ന് വിജയിച്ച് പോയ അദ്ദേഹം കേരളത്തിൽ എപ്പോഴാണ് വരാറുള്ളത്. വയനാടുമായിട്ട് അദ്ദേഹത്തിന്റെ ബന്ധമെന്താണ്. ഇതിനൊക്കെ മറുപടി പറയാൻ താങ്കൾ ബാധ്യസ്ഥനാണ്. സ്വന്തം ഗുരുവിനെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് കുതികാൽ വെട്ടി, താങ്കൾ ഇരിക്കുന്ന സീറ്റിന്റെ പുറകിലേക്ക് ആക്കിയ ധാർമികതയുള്ള നേതാവ് കൂടിയാണ് അങ്ങ്. അതുകൊണ്ട് ധാർമികതയെക്കുറിച്ചൊന്നും എന്നെ പഠിപ്പിക്കരുത്. നിയമസഭയിൽ എപ്പോൾ വരണം, എങ്ങനെ പ്രവർത്തിക്കണം, എങ്ങനെ പൊതുജനങ്ങളോട് പെരുമാറണം എന്നൊക്കെ എനിക്കറിയാം. അതുകൊണ്ട് അതിനൊന്നും താങ്കളുടെ സഹായവും ഉപദേശവും എനിക്ക് വേണമെന്നില്ല. ഈ ഒരു സമയത്ത് ഇത്രമാത്രം ഓർമപ്പെടുത്തുന്നു. ജനങ്ങൾ എന്നെ തെരഞ്ഞെടുത്തിട്ടുണ്ടെങ്കിൽ, അവരോടുള്ള ബാധ്യത നിറവേറ്റാൻ ഞാൻ ബാധ്യസ്ഥനാണ്. ഇപ്പോഴും നിറവേറ്റുന്നു. നാളെ നിറവേറ്റും. പൊതുപ്രവർത്തനവുമായി ഞാൻ മുന്നോട്ട് പോകും.”

Story Highlights: p-v-anvar-s-reply-to-v-d-satheesan-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement