Advertisement

കോഴിക്കോട് കെഎസ്ആര്‍ടിസി കെട്ടിട സമുച്ചയത്തിന്റെ ടെന്‍ഡറില്‍ ദുരൂഹത

October 12, 2021
1 minute Read
kozhikode ksrtc

കോഴിക്കോട് കെഎസ്ആര്‍ടിസി കെട്ടിട സമുച്ചയത്തിന്റെ നടത്തിപ്പിന് ടെന്‍ഡര്‍ നല്‍കിയതില്‍ ദുരൂഹത. 2015ല്‍ ടെന്‍ഡറെടുത്ത മാക്അസോസിയേറ്റ്‌സും ഇപ്പോള്‍ ടെന്‍ഡര്‍ നേടിയ അലിഫ് ബില്‍ഡേഴ്‌സും ഒന്നുതന്നെയെന്നാണ് സംശയം. മുക്കം തിരുവമ്പാടി സ്വദേശി മൊയ്തീന്‍ കോയയാണ് രണ്ടുസ്ഥാപനങ്ങളുടെയും എംഡി. 2015ലെ ടെന്‍ഡര്‍ കോടതി ഇടപെട്ട് റദ്ദാക്കിയിരുന്നു.

2015ല്‍ മാക് അസോസിയേറ്റ്‌സ് എന്ന സ്ഥാപനമാണ് കെട്ടിടത്തിന്റെ ടെന്‍ഡര്‍ എടുത്തിരുന്നത്. 50 കോടിയായി തിരിച്ച് നല്‍ കേണ്ടതില്ലാത്ത നിക്ഷേപവും 50 ലക്ഷം രൂപ വാടകയുമായിരുന്നു അന്ന് നിശ്ചയിച്ചിരുന്നത്. എന്നാല്‍ നടപടിക്രമങ്ങളിലെ അപാകതയും സുതാര്യതയില്ലായ്മയും ചൂണ്ടിക്കാട്ടി ഹൈക്കോടതി ആ ടെന്‍ഡര്‍ റദ്ദുചെയ്യുകയുണ്ടായി.

വീണ്ടും കെട്ടിടത്തിന്റെ ടെന്‍ഡര്‍ വിളിച്ചത് 2018ലാണ്. അലിഫ് ബില്‍ഡേഴ്‌സ് എന്ന സ്ഥാപനവും പങ്കെടുത്തിരുന്നു. അലിഫ് ബില്‍ഡേഴ്‌സ് 17 കോടി രൂപ സ്ഥിര നിക്ഷേപമായും 43 ലക്ഷം രൂപ വാടകയുമായാണ് നിശ്ചയിച്ചിരുന്നത്. 17 കോടി രൂപ മൂന്നുമാസത്തിനകം നല്‍കണമെന്ന കരാര്‍ പാലിക്കാത്തതിനാല്‍ കരാര്‍ റദ്ദാക്കുകയും വീണ്ടും അലിഫ് ബില്‍ഡേഴ്‌സിന് തന്നെ കരാര്‍ നല്‍കാന്‍ മന്ത്രിസഭ തീരുമാനിക്കുകയായിരുന്നു.

2015ല്‍ ടെന്‍ഡറെടുത്ത മാക് അസോസിയേറ്റ്‌സും രണ്ടാമത് രംഗത്തെത്തിയ അലിഫ് ബില്‍ഡേഴ്‌സും ഒരേ കമ്പനിയാണ് എന്നാണ് സംശയം. മാക് അസോസിയേറ്റ്‌സിന്റെ രേഖകളില്‍ പറഞ്ഞിട്ടുള്ള എംഡിയുടെ പേര് കോയ എന്നാണ്. അലിഫ് ബില്‍ഡേഴ്‌സിന്റെ എംഡി തിരുവമ്പാടി സ്വദേശിയായ മൊയ്തീന്‍ കോയ തന്നെയാണ് മാകിന്റെയും ഉടമസ്ഥാനെന്നാണ് സംശയിക്കുന്നത്. അലിഫ് ബില്‍ഡേഴ്‌സിന് 17 കോടി രൂപ സ്ഥിര നിക്ഷേപത്തിനും 43 കോടി വാടകയ്ക്കും 30 വര്‍ഷത്തേക്ക് പാട്ടക്കരാറായി നല്‍കിയിരിക്കുന്നത് ധനവകുപ്പിന്റെ എതിര്‍പ്പ് മറികടന്നുകൊണ്ടാണ്. കെഎസ്ആര്‍ടിസിക്ക് ഈ ടെന്‍ഡര്‍ നഷ്ടമാണെന്ന് ധനവകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നത് അവഗണിക്കുകയും ചെയ്തിരുന്നു.

Read Also : കോഴിക്കോട് ബസ് സ്റ്റാന്റ് ബലക്ഷയം; ഐഐടി നിർദ്ദേശിക്കുന്ന ഏജൻസിയെ കൊണ്ട് പരിഹരിക്കും: മന്ത്രി ആന്റണി രാജു

അലിഫ് ബില്‍ഡേഴ്‌സിന് നടത്തിപ്പുകരാര്‍ നല്‍കിയ ശേഷമാണ് മദ്രാസ് ഐഎടിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 2000 കോടിയിലധികം ചെലവഴിച്ച് കെട്ടിടം നവീകരിക്കാന്‍ ആലോചിക്കുന്നത്. ഇതില്‍ ദുരൂഹതയുണ്ടെന്നാണ് പുറത്തുവരുന്ന ആരോപണങ്ങള്‍. കോഴിക്കോട് കെഎസ്ആര്‍ടിസി സമുച്ചയം 76 കോടി രൂപ ചെലവാക്കിയാണ് നിര്‍മ്മിച്ചത്. 2015 ലാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. 30 കോടി രൂപയെങ്കിലും ചെലവാക്കി കെട്ടിടം പുനര്‍നിര്‍മിച്ചില്ലെങ്കില്‍ കെട്ടിടം അപകടാവസ്ഥയിലാകുമെന്നാണ് ഐഐടിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

Story Highlights: kozhikode ksrtc

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top