ഉത്രയ്ക്ക് നീതി; പ്രതി സൂരജിന് ഇരട്ട ജീവപര്യന്തം

കേരളം കാത്തിരുന്ന ചരിത്ര വിധി പുറപ്പെടുവിച്ച് കൊല്ലം ജില്ലാ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എം മനോജ്. ഉത്രാ കൊലപാതക കേസ് പ്രതി സൂരജിനെ കോടതി ഇരട്ട ജീവപര്യന്തം തടവിന് വിധിച്ചു.
വിധി പ്രസ്ഥാവം കേൾക്കാൻ ഉത്രയുടെ സഹോദരൻ വിഷു, അന്വേഷണ ഉദ്യോഗസ്ഥൻ എ അശോക് എന്നിവർ കോടതിയിൽ എത്തിയിരുന്നു. ഉത്രയുടെ അച്ഛൻ വിജയസേനനും കോടതിയിൽ എത്തിയിരുന്നു. കനത്ത സുരക്ഷാവലയത്തിലാണ് ആൾക്കൂട്ടത്തിനിടയിലൂടെ സൂരജിനെ പൊലീസ് സംഘം കോടതിമുറിക്കുള്ളിലെത്തിച്ചത്. ( uthra case sooraj punishment )
പ്രതിക്കെതിരെ 302, 307, 328, 201 വകുപ്പുകൾ നിലനിൽക്കുമെന്ന് കോടതി കണ്ടെത്തിയിരുന്നു. കോടതി കുറ്റക്കാരനെന്ന് വിധിച്ച സൂരജിന് വധശിക്ഷ തന്നെ നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യം. മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്ന് ഉത്രയുടെ കുടുംബവും ആവശ്യപ്പെട്ടിരുന്നു. പ്രതി അറസ്റ്റിലായ 82ാം ദിവസമാണ് കുറ്റപത്രം സമർപ്പിച്ചത്.
പ്രതിയെ അടുത്ത് വിളിച്ചുവരുത്തി ചെയ്ത കുറ്റകൃത്യങ്ങൾ വായിച്ചുകേൾപ്പിച്ച കോടതി എന്തെങ്കിലും പറയാനുണ്ടോ എന്ന് സൂരജിനോട് ചോദിച്ചപ്പോൾ ഒന്നും പറയാനില്ല എന്നായിരുന്നു മറുപടി. അപൂർവങ്ങളിൽ അപൂർവമായ കേസിൽ പ്രതിയുടെ നടപടി വിചിത്രവും പൈശാചികവും ദാരുണവുമാണെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. പ്രതിക്ക് വധശിക്ഷ നൽകണമെന്ന ആവശ്യവും പ്രോസിക്യൂഷൻ കോടതിക്കുമുന്നിൽ വെച്ചു. ഭാര്യ വേദന കൊണ്ടുപുളയുമ്പോൾ പ്രതി മറ്റൊരു കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നെന്നും പ്രോസിക്യൂഷൻ പറഞ്ഞു.
ഭർത്താവ് സൂരജ് മൂർഖൻ പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ച് ഭാര്യ ഉത്രയെ കൊലപ്പെടുത്തി എന്നതാണ് കേസ്. കേട്ടുകേൾവിയില്ലാത്ത വിധം ക്രൂരമായ കേസിലാണ് ഒരു വർഷവും 5 മാസവും 4 ദിവസവും പൂർത്തിയാവുമ്പോഴാണ് വിധി എത്തിയത്. 87 സാക്ഷികൾ, 288 രേഖകൾ, 40 തൊണ്ടിമുതലുകൾ ഇത്രയുമാണ് കോടതിക്ക് മുന്നിൽ അന്വേഷണസംഘം ഹാജരാക്കിയത്. ഡമ്മി പരീക്ഷണത്തിലൂടെയാണ് അന്വേഷണ സംഘം ശാസ്ത്രീയമായ തെളിവുകൾ ശേഖരിച്ചത്. ഒരു കാരണവശാലും പ്രകോപനമുണ്ടാക്കാതെ മൂർഖൻ കടിക്കില്ല എന്ന വിദഗ്ധരുടെ മൊഴികളും നിർണായകമായി.
Read Also : ഉത്രയെ കൊലപ്പെടുത്താൻ സൂരജിനെ സ്വാധീനിച്ചത് ഷെർലക് ഹോംസ് കഥകളും പത്മരാജന്റെ സിനിമയും
റെക്കോർഡ് വേഗത്തിൽ കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ കോടതി നടപടികളും വേഗത്തിലായിരുന്നു. വാദി ഭാഗവും പ്രതിഭാഗവും തമ്മിൽ കോടതിയിൽ രൂക്ഷമായ വാദപ്രതിവാദങ്ങൾ ഉണ്ടായി. കോടതിയിൽ താൻ കുറ്റക്കാരനല്ലെന്ന് പ്രതി സൂരജ് ആവർത്തിച്ചു പറഞ്ഞു. സർക്കാർ അഭിഭാഷകനായി അഡ്വക്കേറ്റ് മോഹൻരാജും പ്രതി ഭാഗത്തിനായി അഡ്വ. അജിത്ത് പ്രഭാവും ഹാജരായി.
2020 മെയ് ആറിനാണ് മൂർഖനെ കൊണ്ട് കടിപ്പിച്ച് സൂരജ് ഉത്രയെ കൊലപ്പെടുത്തിയത്. പാമ്പുപിടുത്തക്കാരനായ സുരേഷിന്റെ കയ്യിൽ നിന്നാണ് ഇയാൾ പാമ്പിനെ വാങ്ങിയത്. ഏപ്രിൽ മാസത്തിൽ സൂരജ് അണലിയെ ഉപയോഗിച്ച് യുവതിയെ കൊലപ്പെടുത്താൻ നോക്കിയിരുന്നു. പാമ്പ് കടിയേറ്റെങ്കിലും അന്ന് രക്ഷപ്പെട്ടു. ഇതോടെ സുരേഷിന്റെ കയ്യിൽ നിന്നും പ്രതി മൂർഖനെ വാങ്ങുകയായിരുന്നു. തുടർച്ചയായ രണ്ടുതവണ ഉത്രയ്ക്ക് പാമ്പ് കടിയേറ്റതോടെ സംശയം തോന്നിയ ബന്ധുക്കൾ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്.
Story Highlights : uthra case sooraj punishment
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here