ലോകകപ്പിൽ ഹർദ്ദിക്കിനുണ്ടാവുക ഫിനിഷറുടെ റോൾ: ബിസിസിഐ

ടി-20 ലോകകപ്പിൽ ഹർദ്ദിക് പാണ്ഡ്യക്കുണ്ടാവുക ഫിനിഷറുടെ റോൾ എന്ന് ബിസിസിഐ. 100 ശതമാനം മാച്ച് ഫിറ്റല്ലാത്തതിനാൽ ഹർദ്ദിക് പന്തെറിയില്ല. അതിനാൽ എംഎസ് ധോണിയെപ്പോലെ ഒരു ഫിനിഷറുടെ റോളാണ് ഹർദ്ദിക്കിനു നൽകുക. ഹർദ്ദിക്കിൻ്റെ ബൗളിംഗ് നിരീക്ഷിച്ച് സാവധാനത്തിൽ തീരുമാനം എടുക്കുമെന്നും ബിസിസിഐ പ്രതിനിധി അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. (hardik pandya finisher t20)
ടി-20 ലോകകപ്പിനായുള്ള ഇന്ത്യയുടെ അന്തിമ ടീമിൽ ബിസിസിഐ മാറ്റം വരുത്തിയിരുന്നു. സ്റ്റാൻഡ് ബൈ പട്ടികയിലുണ്ടായിരുന്ന ശർദുൽ താക്കൂർ പ്രധാന ടീമിലെത്തിയപ്പോൾ പ്രധാന ടീമിലുണ്ടായിരുന്ന അക്സർ പട്ടേൽ സ്റ്റാൻഡ് ബൈ നിരയിലേക്ക് മാറി. ഓൾറൗണ്ടർ ഹർദ്ദിക് പാണ്ഡ്യയും സ്പിന്നർ രാഹുൽ ചഹാറും ടീമിൽ തുടരും. യുസ്‌വേന്ദ്ര ചഹാലിനെ ടീമിൽ പരിഗണിച്ചില്ല.
Read Also : അക്സർ പുറത്ത്, താക്കൂർ അകത്ത്; ടി-20 ലോകകപ്പിനുള്ള ഇന്ത്യയുടെ അന്തിമ ടീമിനെ പ്രഖ്യാപിച്ചു
ഐപിഎലിൽ നടത്തിയ തകർപ്പൻ പ്രകടനമാണ് ശർദ്ദുലിനു തുണയായത്. എന്നാൽ, ഐപിഎലിൽ അത്ര തന്നെ മികവോടെ പന്തെറിഞ്ഞ അക്സറിനെ റിസർവ് നിരയിലേക്ക് മാറ്റിയത് അമ്പരപ്പിക്കുന്നതായി. ഏറെക്കാലമായി പന്തെറിയാത്ത ഹർദ്ദിക് പാണ്ഡ്യയെ ടീമിൽ നിന്ന് ഒഴിവാക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും അതുണ്ടായില്ല. ഐപിഎലിൽ വളരെ ഗംഭീരമായി പന്തെറിഞ്ഞ യുസ്‌വേന്ദ്ര ചഹാലിനെ ടീമിൽ പരിഗണിക്കാതിരുന്നതും അതിശയമായി.
ഐപിഎലിൽ ഇതുവരെ ഒരു പന്ത് പോലും ഹർദ്ദിക് എറിഞ്ഞിരുന്നില്ല. ശ്രീലങ്കക്കെതിരെ പന്തെറിഞ്ഞെങ്കിലും താരം ഏറെ റൺസ് വിട്ടുനൽകിയിരുന്നു. ബാറ്റ് കൊണ്ടും താരം അത്രം മികച്ച ഫോമിൽ അല്ല. അതുകൊണ്ട് തന്നെ ഹർദ്ദിക്കിനെ ടീമിൽ ഉൾപ്പെടുത്തിയതിനെതിരെ മുൻ താരങ്ങൾ ഉൾപ്പെടെയുള്ളവർ വിമർശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ബൗളിംഗ് ഓൾറൗണ്ടറായ ശർദ്ദുൽ താക്കൂറിനെ ടീമിൽ ഉൾപ്പെടുത്തിയത്. എന്നാൽ, ഹർദ്ദിക്കിൻ്റെ ബാറ്റിംഗ് മികച് ശർദ്ദുലിന് ഇല്ലാത്തതും ശർദ്ദുലിൻ്റെ ബൗളിംഗ് മികവ് ഹർദ്ദിക്കിന് ഇല്ലാത്തതും ടീമിനു തലവേദനയാണ്.
ടി-20 ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ ഒക്ടോബർ 17ന് ആരംഭിക്കും. ഒക്ടോബർ 23 മുതലാണ് സൂപ്പർ 12 മത്സരങ്ങൾ ആരംഭിക്കുക. ഒക്ടോബർ 24ന് ഇന്ത്യ-പാകിസ്താൻ മത്സരം നടക്കും. നവംബർ 8ന് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അവസാനിക്കും. നവംബർ 10, 11 തീയതികളിൽ സെമിഫൈനലുകളും നവംബർ 14ന് ഫൈനലും നടക്കും.
Story Highlights : hardik pandya finisher t20 world cup
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here