മരുഭൂമിയുടെ നടുവിലൊരു കണ്ണ്; ഇതൊരു അത്ഭുത കാഴ്ച…

സഹാറ മരുഭൂമിയെ കുറിച്ച് അറിയാത്തവർ വളരെ ചുരുക്കമായിരിക്കും. ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ ഉത്തര ഭാഗത്തായാണ് സഹാറ മരുഭൂമി സ്ഥിതി ചെയ്യുന്നത്. ആശ്ചര്യം ഉണർത്തുന്ന കാഴ്ചകൾ നിരവധിയാണ് ഇവിടെ. അങ്ങനെ നാസ പകർത്തിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. മരുഭൂമിയ്ക്ക് നടുവിൽ കണ്ണ് പോലെ കാണപ്പെടുന്ന ഘടന. ഇതിന്റെ ചിത്രങ്ങൾ നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്.
എന്താണ് സഹാറ മരുഭൂമിയ്ക്ക് നടുവിൽ കാണപ്പെടുന്ന കണ്ണ്? സഹാറ മരുഭൂമിയിലെ ഒരു ഭൗമശാസ്ത്ര രൂപീകരണമാണ് ഇത്. സഹാറയിലെ നീലക്കണ്ണ്, റിച്ചാറ്റ് ഘടന അല്ലെങ്കിൽ ഗുവൽബ് എർ റിച്ചാറ്റ് എന്നും ഇത് അറിയപ്പെടുന്നു. നൂറ്റാണ്ടുകളായി ഇതിനെ കുറിച്ച് പ്രാദേശിക നാടോടികളായ ഗോത്രങ്ങൾക്ക് മാത്രമേ അറിവുണ്ടായിരുന്നുള്ളു. 1960 കളിൽ ജെമിനി ബഹിരാകാശയാത്രികരാണ് ഇത് ആദ്യമായി ഫോട്ടോ എടുത്തത്. അവർ പിന്നീട് ലാൻഡിംഗ് സീക്വൻസുകളുടെ ലാൻഡ്മാർക്ക് ആയും ഇവിടെ ഉപയോഗിച്ചു പോന്നു.

സഹാറയിലെ കണ്ണ് ഒരു ആഘാത ഗർത്തമാണെന്നാണ് ആദ്യകാലങ്ങളിൽ ബഹിരാകാശ ശാസ്ത്രജ്ഞർ വിശ്വസിച്ചിരുന്നത്. ആ ഘടനയ്ക്കുള്ളിലെ പാറകളെ കുറിച്ച് ദീർഘകാലമായി പഠനങ്ങൾ നടന്നുവരുന്നു.ഏകദേശം നാൽപ്പതു കിലോമീറ്റർ വ്യാസമുള്ള ഈ ഘടന മില്യന്‍ കണക്കിന് വര്‍ഷങ്ങളായി ഉണ്ടായ അഗ്നിപർവത പ്രവർത്തനങ്ങൾ മൂലം ഉണ്ടായതാണ് എന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. ഈ രൂപം വർഷങ്ങളായി ഗവേഷകർക്കിടയിൽ പഠന വിഷയമാണ്. മൗറിറ്റാനിയയിലെ ഒവാഡെയ്‌നടുത്തുള്ള അഡ്രാർ പീഠഭൂമിയിലാണ് ഈ ഘടന സ്ഥിതി ചെയ്യുന്നത്.
വിനോദ സഞ്ചാരികളുടെയും ഗവേഷകരുടെയും ഇഷ്ട സ്ഥലം കൂടിയാണിത്. അതെ കേട്ടത് ശരി തന്നെയാണ്. ഇങ്ങോട്ടേക്ക് സഞ്ചാരികൾക്ക് പ്രവേശനമുണ്ട്. പക്ഷെ മരുഭൂമി ആയതിനാൽ യാത്ര അത്ര എളുപ്പമായിരിക്കില്ല എന്ന് മാത്രം. ഇങ്ങോട്ടേക്ക് യാത്ര ചെയ്യാൻ ആദ്യം മൗറിറ്റാനിയൻ വീസ നേടുകയും ഒരു പ്രാദേശിക സ്പോൺസറെ കണ്ടെത്തുകയും വേണം. ഇത്രയും കഴിഞ്ഞാൽ ഏതെങ്കിലും പ്രാദേശിക ടൂര്‍ ഏജന്‍സികളുമായി ബന്ധപ്പെട്ട് ബാക്കി നടപടികളും പൂർത്തിയാക്കാം.സഞ്ചാരികൾക്കായി ഇവിടെ എയ്റോപ്ലേന്‍, ഹോട്ട് എയർ ബലൂൺ എന്നീ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
ഗവേഷകർ മാത്രമല്ല ചരിത്രകാരന്മാരും ഇവിടെ പഠന വിഷയമാക്കാറുണ്ട്. അഷൂലിയന്‍ ശിലാ ഉപകരണങ്ങളുടെ വലിയൊരു ശേഖരം തന്നെ ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ആദിമ മനുഷ്യരുടെ ജീവിതവുമായി ഇവിടം ബന്ധപ്പെട്ട് കിടക്കുന്നുണ്ട് എന്നാണ് നിരീക്ഷകരുടെ പക്ഷം.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here