സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം ഇന്ന്

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം ഇന്ന് നടക്കും. വൈകിട്ട് മൂന്ന് മണിക്ക് തിരുവനന്തപുരത്താണ് പ്രഖ്യാപന ചടങ്ങ് നടക്കുക. ഇത്തവണ എൺപത് സിനിമകളാണ് സംസ്ഥാന പുരസ്‌കാരത്തിനായി മത്സരിക്കുന്നത്.
മത്സരരംഗത്തുള്ള നാൽപത് സിനിമകൾ വീതം രണ്ട് പ്രാഥമിക ജൂറികൾ കണ്ടു. തെരഞ്ഞെടുത്ത മികച്ച 30 സിനിമകളാണ് അന്തിമ ജൂറിയുടെ പരിഗണനയ്ക്കായി അവർ ശുപാർശ ചെയ്തിരിക്കുന്നത്. പ്രശസ്ത ചലച്ചിത്ര താരവും സംവിധായികയും തിരക്കഥാകൃത്തുമായ സുഹാസിനി മണിരത്നമാണ് അന്തിമ ജൂറിയുടെ അധ്യക്ഷ. പ്രശസ്ത കന്നഡ സംവിധായകൻ പി.ശേഷാദ്രി, സംവിധായകൻ ഭദ്രൻ എന്നിവരായിരുന്നു പ്രാഥമിക ജൂറികളുടെ അധ്യക്ഷന്മാർ. സംസ്ഥാന ചലച്ചിത്ര അവാർഡിന്റെ പുതുക്കിയ നിയമാവലി അനുസരിച്ചുള്ള ആദ്യ അവാർഡ് നിർണയമാണ്.
മികച്ച നടനുള്ള പുരസ്കാരത്തിന് അഞ്ച് പേരാണ് മത്സര രംഗത്തുള്ളത് ബിജുമേനോൻ (അയ്യപ്പനും കോശിയും) ഫഹദ് ഫാസിൽ (മാലിക്ക്, ട്രാൻസ്), ജയസൂര്യ (വെള്ളം,സണ്ണി), സുരാജ് വെഞ്ഞാറമൂട് (ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ), ടൊവിനോ തോമസ് (കിലോ മീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്), ഇന്ദ്രൻസ് (വേലു കാക്ക ഒപ്പ് 21) എന്നിവരിൽ ആർക്കായിരിക്കും പുരസ്കാരമെന്ന ആകാംക്ഷയിലാണ് ചലച്ചിത്ര പ്രേമികൾ.
ശോഭന, അന്നബെൻ, നിമിഷ സജയൻ, പാർവതി തിരുവോത്ത്, സംയുക്ത മേനോൻ,സിജി പ്രദീപ് എന്നിവരാണ് മികച്ച അഭിനേത്രിക്കുള്ള മത്സരത്തിന്റെ അവസാന റൗണ്ടിൽ.
മഹേഷ് നാരായണൻ, സിദ്ധാർത്ഥ് ശിവ, ജിയോ ബേബി, അശോക് ആർ നാഥ്, സിദ്ദിഖ് പരവൂർ, ഡോൺ പാലത്തറ എന്നീ സംവിധായകരുടെ രണ്ട് വീതം ചിത്രങ്ങൾ മത്സര രംഗത്തുണ്ട്. മികച്ച അഭിനേതാക്കൾക്കുള്ള പുരസ്കാരം ഒന്നിലേറെപ്പേർ പങ്കിടാനുള്ള സാധ്യതയുണ്ടെന്നാണ് സൂചന.
Story Highlights : kerala-state-awards-announcement-today-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here