Advertisement

തുടര്‍ച്ചയായുണ്ടാകുന്ന പ്രകൃതിക്ഷോഭങ്ങളെ ഗൗരവമായി കാണണം; കൊക്കയാര്‍ സന്ദര്‍ശിച്ച് പ്രതിപക്ഷ നേതാവ്

October 17, 2021
Google News 1 minute Read
vd satheeshan at kokkayar

കേരളത്തില്‍ തുടര്‍ച്ചയായുണ്ടാകുന്ന പ്രകൃതി ക്ഷോഭങ്ങളെ സര്‍ക്കാര്‍ ഗൗരവമായി കാണണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സാധാരണക്കാരായ പാവപ്പെട്ട ജനങ്ങളാണ് ദുരന്തങ്ങള്‍ക്ക് ഇരയാകുന്നത്. ഇന്നലെ രാവിലെയുണ്ടായ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഏറെ വൈകി. രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ കൂടുതല്‍ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നില്ലെന്നും വി ഡി സതീശന്‍ കൊക്കയാര്‍ സന്ദര്‍ശിക്കുന്നതിനിടെ പ്രതികരിച്ചു.

‘കഴിഞ്ഞ വര്‍ഷം മാത്രം ആയിരത്തോളം ചെറിയ മണ്ണിടിച്ചിലുകളുണ്ടായിട്ടും സര്‍ക്കാര്‍ ഒരു നടപടിയുമെടുത്തില്ല. പ്രതിപക്ഷം നിരന്തരമായി ആവശ്യപ്പെട്ട കാര്യങ്ങള്‍ സര്‍ക്കാര്‍ മുഖവിലയ്‌ക്കെടുക്കുയും ചെയ്തില്ല. ഇന്നലെ രാവിലെ ഉരുള്‍പൊട്ടലുണ്ടായിട്ടും തെരച്ചില്‍ പ്രവര്‍ത്തനം ദുഷ്‌കരമായിരുന്നു. ഇന്നലെ പകല്‍ സമയത്ത് എന്തുകൊണ്ടാണ് രക്ഷാപ്രവര്‍ത്തനം നടത്താത്തത് എന്തുകൊണ്ടെന്ന് ബന്ധപ്പെട്ടവര്‍ വിശദീകരിക്കണം. കൊക്കയാറില്‍ മുന്‍ പഞ്ചായത്ത് മെമ്പര്‍ മാത്രമാണ് ഇന്നലെ വൈകുന്നേരത്തോടെ ജെസിബിയുമായി എത്തിയത്. പൊലീസോ ഫയര്‍ഫോഴ്‌സോ ഒന്നും എത്തിയില്ല. കാലാവസ്ഥ പ്രതികൂലമായതും രക്ഷാപ്രവര്‍ത്തനത്തിന് തടസമായി.

2018 മുതല്‍ തുടര്‍ച്ചയായി പ്രകൃതിക്ഷോഭം ആവര്‍ത്തിക്കുകയാണ്. കൊക്കയാറില്‍ മാത്രം ഇത്തവണ നൂറിലധികം വീടുകളാണ് തകര്‍ന്നത്. പഞ്ചായത്ത് മെമ്പര്‍ റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റിനെയും പൊലീസിനെയും നിരന്തരം ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും ആരും എത്തിയില്ല. അത് പരിശോധിക്കണം. ഇപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിനാണ് മുന്‍തൂക്കം. മറ്റ് കാര്യങ്ങള്‍ പിന്നീട് ചര്‍ച്ച ചെയ്യാം. 2018ലെ ദുരന്തത്തിനുശേഷം ഇനിയതാവര്‍ത്തിക്കാതിരിക്കാന്‍ പ്രത്യേകമായ ഒരു നടപടിയും സര്‍ക്കാരില്‍ നിന്നുണ്ടായിട്ടില്ല’. പ്രതിപക്ഷനേതാവ് പറഞ്ഞു.

Read Also : മഴക്കെടുതി; കേരളത്തിന് സഹായം നല്‍കുമെന്ന് കേന്ദ്രം

അതേസമയം ഉരുള്‍പൊട്ടലുണ്ടായ ഇടുക്കിയിലെ കൊക്കയാറില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ സന്ദര്‍ശനം നടത്തുകയാണ്. കോട്ടയം കൂട്ടിക്കലില്‍ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 9ആയി. ഇന്ന് നടത്തിയ തെരച്ചിലില്‍ ആറുപേരുടെ മൃതദേഹം കണ്ടെത്തി.

Story Highlights : vd satheeshan at kokkayar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here