Advertisement

തുടർച്ചയായ നാല് പന്തുകളിൽ നാല് വിക്കറ്റുകൾ; ലോകകപ്പിൽ അവിശ്വസനീയ നേട്ടം സ്വന്തമാക്കി ഐറിഷ് ബൗളർ

October 18, 2021
2 minutes Read
curtis campher record t20

തുടർച്ചയായ നാല് പന്തുകളിൽ നാല് വിക്കറ്റ് വീഴ്ത്തുകയെന്ന അവിശ്വസനീയ നേട്ടം സ്വന്തമാക്കി അയർലൻഡ് ഓൾറൗണ്ടർ കർട്ടിസ് കാംഫർ. ടി-20 ലോകകപ്പിൽ ഈ നേട്ടത്തിലെത്തുന്ന ആദ്യ താരമെന്ന റെക്കോർഡാണ് കാംഫർ കുറിച്ചത്. ഇന്ന് നെതർലൻഡിനെതിരെ നടന്ന ടി-20 ലോകകപ്പ് മത്സരത്തിലാണ് കാംഫർ ഈ നേട്ടത്തിലെത്തിയത്. ശ്രീലങ്കയുടെ മുൻ ക്യാപ്റ്റൻ ലസിത് മലിംഗ, അഫ്ഗാനിസ്ഥാൻ്റെ മുൻ ക്യാപ്റ്റൻ റാഷിദ് ഖാൻ എന്നിവരാണ് മുൻപ് ടി-20യിൽ ഈ നേട്ടം സ്വന്തമാക്കിയ താരങ്ങൾ. (curtis campher record t20)

നെതർലൻഡ് ഇന്നിംഗ്സിൻ്റെ പത്താം ഓവറിലായിരുന്നു സംഭവം. തൻ്റെ രണ്ടാം ഓവർ എറിയാനെത്തിയ കാംഫർ രണ്ടാം പന്തിൽ കോളിൻ അക്കർമാനെ (11) വിക്കറ്റ് കീപ്പർ നീൽ റോക്കിൻ്റെ കൈകളിലെത്തിച്ച് ആദ്യ വിക്കറ്റ് വീഴ്ത്തി. ലെഗ് സൈഡിൽ വന്ന ഷോർട്ട് ബോൾ ഹുക്ക് ചെയ്യാൻ ശ്രമിച്ച അക്കർമാൻ്റെ ബാറ്റിൽ പന്ത് ഉരസി വിക്കറ്റ് കീപ്പറുടെ കൈകളിലെത്തുകയായിരുന്നു. അമ്പയർ അത് വൈഡ് വിളിച്ചെങ്കിലും അയർലൻഡ് ക്യാപ്റ്റൻ്റെ ആവശ്യപ്രകാരം എടുത്ത റിവ്യൂവിൽ അത് വിക്കറ്റാണെന്ന് വ്യക്തമാവുകയായിരുന്നു. അത് കളിക്കാതെ വിട്ടിരുന്നെങ്കിൽ വൈഡ് ആകുമായിരുന്നു. മോശം പന്തിൽ ലഭിച്ച വിക്കറ്റിനു പിന്നാലെ മൂന്നാം പന്തിൽ സൂപ്പർ താരം റയാൻ ടെൻ ഡോഷറ്റും അടുത്ത പന്തിൽ സ്കോട്ട് എഡ്‌വാർഡ്സും വിക്കറ്റിനു മുന്നിൽ കുരുങ്ങി. അടുത്ത പന്തിൽ മറ്റൊരു മികച്ച താരം റോളോഫ് വാൻഡർ മെർവെ പ്ലെയ്ഡ് ഓൺ ആയി.

Read Also : ട്വന്റി 20 ലോകകപ്പ്; ടീം ഇന്ത്യക്ക് ഇന്ന് ആദ്യ സന്നാഹ മത്സരം

9 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 50 റൺസ് എന്ന നിലയിലായിരുന്ന നെതർലൻഡ് കാംഫറുടെ ഈ ഓവറോടെ 10 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 52 റൺസ് എന്ന നിലയിലായി. അവിടെ നിന്ന് തിരികെവന്ന നെതർലൻഡ് ഓപ്പണർ മാക്സ് ഓഡോവ്ഡിൻ്റെ ഫിഫ്റ്റിയുടെ (51) കരുത്തിൽ പൊരുതാവുന്ന സ്കോറിൽ എത്തി. ഫിഫ്റ്റിക്ക് പിന്നാലെ ഒഡോവ്ഡ് പുറത്തായെങ്കിലും എട്ടാം നമ്പറിലെത്തിയ ക്യാപ്റ്റൻ പീറ്റർ സീലാർ ചില ബൗണ്ടറികളിലൂടെ ടീമിനെ കൈപിടിച്ചുയർത്തുകയായിരുന്നു. ഇന്നിംഗ്സ് അവസാനിക്കുമ്പോൾ നിശ്ചിത 20 ഓവറിൽ 106 റൺസിന് നെതർലൻഡ് ഓൾഔട്ടായി.

അതേസമയം സന്നാഹ മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരെ ദക്ഷിണാഫ്രിക്ക 5 വിക്കറ്റ് നഷ്ടത്തിൽ 145 റൺസെടുത്തു. 48 റൺസെടുത്ത എയ്ഡൻ മാർക്രമാണ് ദക്ഷിണാഫ്രിക്കയുടെ ടോപ്പ് സ്കോറർ. മുജീബ് റഹ്മാൻ അഫ്ഗാനിസ്ഥാനു വേണ്ടി 3 വിക്കറ്റ് വീഴ്ത്തി.

Story Highlights : curtis campher record t20 world cup

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top