04
Dec 2021
Saturday
Covid Updates

  ഡാമുകൾ തുറക്കുന്നത് തീരുമാനിക്കാൻ വിദഗ്ധ സമിതിക്ക് ചുമതല; കോളജുകൾ തുറക്കുന്നത് ഒക്‌ടോബർ 25ലേക്ക് മാറ്റി; മുഖ്യമന്ത്രി

  സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തിൽ വിവിധ ഡാമുകൾ തുറക്കുന്നത് തീരുമാനിക്കാൻ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി. മഴക്കെടുതിയും ഡാമുകളുടെ ജലനിരപ്പും വിലയിരുത്താൻ ചേർന്ന ഉന്നത തല യോഗത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം പറഞ്ഞത്. കോളജുകൾ തുറക്കുന്നത് ഒക്‌ടോബർ 25ലേക്ക് മാറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

  ഡാമുകൾ തുറക്കേണ്ട സാഹചര്യമായോ, അതത് ഡാമുകളിലെ വെള്ളത്തിന്റെ അളവ് നോക്കി വിദഗ്ധ സമിതി തിരുമാനിക്കും. മാത്രമല്ല ഡാമുകൾ തുറക്കുന്നതിന് കൃത്യമായ മണിക്കൂറുകൾ മുമ്പ് ബന്ധപ്പെട്ട ജില്ലാ കളക്ടർമാരെ അറിയിക്കണം. പ്രദേശവാസികളെ ഒഴിപ്പിക്കാനാവശ്യമായ സമയം നൽകണമെന്നും യോഗത്തിൽ മുഖ്യമന്ത്രി നിർദ്ദേശിച്ചു. പെട്ടെന്ന് ഡാമുകൾ തുറക്കുമ്പോൾ ഉണ്ടാകാവുന്ന ഭവിഷ്യത്തുകൾ ഒഴിവാക്കാനാണിത്.

  Read Also : കക്കി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ 30 സെ.മീ വീതം ഉയര്‍ത്തി; പമ്പാ തീരത്തുള്ളവര്‍ക്ക് മുന്നറിയിപ്പ്

  ശബരിമല തുലാമാസ പൂജാ സമയത്തുള്ള തീർത്ഥാടനം ഇത്തവണ പൂർണമായും ഒഴിവാക്കാൻ അവലോകന യോഗം തീരുമാനിച്ചു. നിലയ്ക്കൽ, പെരുന്തേനരുവി മേഖലയിൽ ഞായറാഴ്ച തന്നെ ഇരുപതു സെന്റീമീറ്ററിലധികം മഴ പെയ്തിരുന്നു. കക്കി ഡാമിന്റെ ഷട്ടറുകൾ തുറക്കേണ്ട സാഹചര്യവും വന്നിരിക്കുന്നു. നദികളിലെ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. വനമേഖലയിലെ കനത്ത മഴ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനുമുള്ള സാധ്യതയയും വർധിപ്പിക്കുന്നുണ്ട്. ബുധനാഴ്ച മുതൽ ശക്തമായ മഴ പ്രവചിക്കപ്പെട്ടിട്ടുമുണ്ട്. ഈ സാഹചര്യത്തിൽ ഈ ദിവസങ്ങളിൽ തീർത്ഥാടനം അനുവദിക്കാൻ കഴിയില്ല എന്ന് യോഗം വിലയിരുത്തി. നേരത്തെ നിലക്കലിൽ എത്തിയ തീർഥാടകരെ സുരക്ഷിതമായി മടക്കി അയക്കാൻ ജില്ലാ ഭരണ സംവിധാനത്തിന് നിർദേശം നൽകി. അതേസമയം, ധനസഹായ വിതരണം ഊർജ്ജിതപ്പെടുത്താൻ ജില്ലാ കളക്ടർമാർക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകി. കൃഷി നാശം സംബന്ധിച്ച വിശദ വിവരങ്ങൾ ജില്ലകളിൽ നിന്ന് ലഭ്യമാക്കണം.

  പത്തനംതിട്ടയിലെ കക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നതിനാൽ അടിയന്തിര സാഹചര്യത്തിൽ തുറക്കേണ്ട ആവശ്യം വരികയാണെങ്കിൽ കുട്ടനാട്ടിലെ ജലനിരപ്പ് ഉയരാനുള്ള സാധ്യതയുണ്ട്. അതിനാൽ ഒരു എൻ ഡി ആർ എഫ് ടീമിനെ ആലപ്പുഴ ജില്ലയിലേക്ക് വിന്യസിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങളും മുൻകരുതലുകളും സൂക്ഷ്മമായി വിലയിരുത്തി അതാത് സമയത്ത് ഇടപെടാനുള്ള സജ്ജീകരണങ്ങൾ ഉറപ്പാക്കാൻ യോഗം തീരുമാനിച്ചു.

  Story Highlights : kerala-rains-expert-committee-will-decided-dam-opening-college-reopening-postponed

  ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
  നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
  Top