ബംഗ്ലാദേശിലെ ക്ഷേത്രങ്ങൾക്കെതിരായ അക്രമത്തിൽ വിമർശനവുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ടീം മുൻ നായകൻ

ബംഗ്ലാദേശിലെ ഹിന്ദു ക്ഷേത്രങ്ങൾക്കുനേരെ നടക്കുന്ന അതിക്രമത്തിൽ പ്രതിഷേധമറിയിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ടീം മുൻ നായകൻ മഷ്‌റഫെ മുർത്തസ. പീർഗഞ്ചിൽ വർഗീയ ലഹളയ്ക്കിടെ കത്തിയമരുന്ന ഗ്രാമത്തിന്റെ ചിത്രം പങ്കുവച്ചായിരുന്നു മുൻ ക്രിക്കറ്റ് താരം വിമർശിച്ചത്.
ബംഗ്ലാദേശിന്റെ മൊത്തം പരാജയമാണിതെന്ന് പാർലമെന്റ് അംഗം കൂടിയായ മഷ്‌റഫെ ട്വീറ്റ് ചെയ്തു. ടി20 ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിൽ സ്‌കോട്ട്‌ലൻഡിനോടുള്ള ബംഗ്ലാദേശിന്റെ തോൽവി കൂടി സൂചിപ്പിച്ചായിരുന്നു മഷ്‌റഫെയുടെ ട്വീറ്റ്.
”രണ്ട് തോൽവികളാണ് നമ്മൾ ഇന്നലെ(ഞായറാഴ്ച) കണ്ടത്. ഒന്ന് ബംഗ്ലാദേശ് ടീമിന്റെ പരാജയമാണ്. വേദനാജനകമാണത്. മറ്റൊരു പരാജയം രാജ്യത്തിന്റെ മൊത്തമാണ്. എന്റെ ഹൃദയം തകർത്തിരിക്കുകയാണത്. ഈ ബംഗ്ലാദേശിനെ ഒരിക്കലും നമുക്ക് ആവശ്യമില്ല. ഒരുപാട് സ്വപ്‌നങ്ങളും അതിജീവന പോരാട്ടങ്ങളുടെ കഥകളുമാണ് കണ്ണുചിമ്മിത്തുറക്കുന്നതിനിടയിൽ ഇല്ലാതായിരിക്കുന്നത്. അല്ലാഹു നമുക്ക് യഥാർത്ഥ വഴി കാണിച്ചുതരട്ടെ- മഷ്‌റഫെ ട്വീറ്റ് ചെയ്തു.
Read Also : ശാസ്ത്രലോകത്തിന് കൗതുകമായി ഫാൽഗെകൾ; ചുവന്ന നിറത്തിൽ പടർന്ന് പിടിച്ച അത്ഭുതം…
അക്രമികൾക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ചയാണ് കുമില്ലയിൽ ദുർഗ പൂജയ്ക്കിടെ മതനിന്ദപരമായ സംഭവങ്ങളുണ്ടായെന്ന് ആരോപിച്ച് ബംഗ്ലാദേശിന്റെ വിവിധ ഭാഗങ്ങളിൽ വർഗീയ ലഹള പൊട്ടിപ്പുറപ്പെട്ടത്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here