മരങ്ങൾക്ക് പെൻഷൻ; വേറിട്ട പദ്ധതിയുമായി സർക്കാർ…

മരങ്ങൾക്ക് നിലനിൽപ്പുണ്ടെങ്കിൽ മാത്രമേ ഭൂമിയിൽ മനുഷ്യന് വാസം സാധ്യമാകുകയുള്ളൂ. എല്ലാ പരിസ്ഥിതി ദിനത്തിലും മരം വെച്ചുനടുന്നതിലൂടെ മാത്രം പരിസ്ഥിതിയെ സംരക്ഷിക്കുന്ന നമ്മൾ മറന്നുപോകുന്ന ഒരു കാര്യമുണ്ട്. മരം നട്ടാൽ മാത്രം പോരാ, അവയെ സംരക്ഷിക്കുക കൂടെ വേണം. ബോധവത്കരണവും അവബോധ പദ്ധതികളുമായി സർക്കാരും പരിസ്ഥിതി പ്രവർത്തകരും രംഗത്തിറങ്ങാറുണ്ട്. എന്നാൽ വ്യത്യസ്തമായ ഒരു പദ്ധതിയുമായി രംഗത്തിറങ്ങിയിരിക്കുകയാണ് ഹരിയാന സർക്കാർ. ഹരിയാനയിൽ മരങ്ങൾക്ക് പെൻഷൻ അനുവദിച്ചിരിക്കുകയാണ്.
75 വയസിന് മുകളിൽ പ്രായമുള്ള മരങ്ങൾക്കാണ് പ്രതിവർഷം 2500 രൂപ പെൻഷനായി നൽകാൻ തീരുമാനിച്ചിരിക്കുന്നത്. “പ്രാണവായു ദേവത പെൻഷൻ പദ്ധതി” എന്ന പദ്ധതിയുടെ കീഴിലാണ് ഹരിയാന സർക്കാരിന്റെ പുതിയ പ്രഖ്യാപനം. മരങ്ങൾക്ക് മനുഷ്യ ജീവിതത്തിലുള്ള പ്രാധാന്യം അത്ര വലുതാണ്. ശുദ്ധവായുവിനും പ്രകൃതിയുടെ നിലനില്പിനും മരങ്ങൾ അത്യാവശ്യമാണ്. മരങ്ങൾ മനുഷ്യർക്ക് നൽകുന്ന സഹായങ്ങൾ അത്ര വലുതാണ്. മരങ്ങളെ സംരക്ഷിക്കാനും മലിനീകരണം കുറയ്ക്കാനും ഈ പദ്ധതി സഹായിക്കുമെന്നാണ് വിലയിരുത്തൽ.
പ്രാദേശിക ജനങ്ങളുടെ സഹായത്തോടെ മരങ്ങളെ കണ്ടെത്തി പെൻഷൻ നൽകാനാണ് തീരുമാനം. സഹായത്തിനായി വനം വകുപ്പും ഒപ്പം ഉണ്ട്. ഇതിനൊപ്പം ‘ഓക്സി വൻ’ എന്ന പദ്ധതിയും നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നുണ്ട്. നഗരങ്ങളിലുടനീളം മരങ്ങൾ വെച്ചുപിടിക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 75 വയസിന് മുകളിലുള്ള മരങ്ങൾക്ക് പെൻഷനും മുതിർന്ന മരങ്ങൾക്ക് പൈതൃക പദവിയും നൽകും. മരത്തിന്റെ പ്രായം കൂടുന്നതിന് അനുസരിച്ച് മരത്തിൻറെ പെൻഷനും വർധിപ്പിക്കും.
ആരുടെ ഭൂമിയിലാണോ മരം ഉള്ളത് അവർക്കാണ് പെൻഷൻ തുക നൽകുക. അതായത് സ്വകാര്യ ഉടമസ്ഥതിയിലുള്ള ഭൂമി ആണെങ്കിൽ ഭൂമി ഉടമസ്ഥനും പഞ്ചായത്ത് ഭൂമിയിലാണെങ്കിൽ പഞ്ചായത്ത് പ്രസിഡന്റിനും സ്‌കൂൾ വകയാണെങ്കിലും പ്രിൻസിപലിനുമാണ് പെൻഷൻ തുക ലഭിക്കുക. പൈതൃക മരങ്ങൾ മുറിക്കുന്നവർക്കും നശിപ്പിക്കുന്നവർക്കും തടവും പിഴയും ലഭിക്കും.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here