ഒമാനെ തകർത്തു; ചരിത്രം കുറിച്ച് സ്കോട്ട്ലൻഡ് സൂപ്പർ 12ൽ

ബംഗ്ലാദേശിനു പിന്നാലെ ടി-20 ലോകകപ്പ് സൂപ്പർ 12ലെത്തി സ്കോട്ട്ലൻഡ്. ഗ്രൂപ്പ് ബിയിൽ ഒമാനെ 8 വിക്കറ്റിനു തകർത്താണ് സ്കോട്ട്‌ലൻഡ് അവസാന 12ൽ ഇടം നേടിയത്. ഒമാനെ 122നു പുറത്താക്കിയ അവർ 17 ഓവറിൽ വെറും 2വിക്കറ്റ് നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടന്നു. ഗ്രൂപ്പ് ഘട്ടത്തിൽ കളിച്ച മൂന്ന് മത്സരങ്ങളും വിജയിച്ച് ചാമ്പ്യന്മാരായാണ് സ്കോട്ടിഷ് പടയുടെ സൂപ്പർ 12 പ്രവേശനം. ചരിത്രത്തിൽ ആദ്യമായാണ് സ്കോട്ട്‌ലൻഡ് ടി-20 ലോകകപ്പിൻ്റെ ആദ്യ റൗണ്ട് കടക്കുന്നത്. (t20 scotland won oman)
Read Also : പാപ്പുവ ന്യൂ ഗിനിയക്കെതിരെ കൂറ്റൻ ജയം; ബംഗ്ലാദേശ് സൂപ്പർ 12ൽ
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഒമാൻ്റെ തീരുമാനം തെറ്റിപ്പോയെന്ന് തെളിയിക്കുന്നതായിരുന്നു സ്കോട്ട്ലൻഡിൻ്റെ പ്രകടനം. ഇന്നിംഗ്സിൻ്റെ രണ്ടാം പന്തിൽ തന്നെ അവരുടെ ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാളായ ജതീന്ദർ സിംഗ് റണ്ണൗട്ടായത് ഒമാൻ്റെ ആകെ പ്രകടനത്തെ ബാധിച്ചു. കശ്യപ് പ്രജാപതി (3) വേഗം മടങ്ങിയതിനു പിന്നാലെ ആഖിബ് ഇല്ല്യാസും (37), മുഹമ്മദ് നദീമും (25) ചേർന്ന 38 റൺസിൻ്റെ 3ആം വിക്കറ്റ് കൂട്ടുകെട്ടാണ് ഒമാനെ കരകയറ്റിയത്. ഇരുവരും മടങ്ങിയതിനു ശേഷം ക്യാപ്റ്റൻ സീഷൻ മഖ്സൂദിൻ്റെ (34) ഇന്നിംഗ്സാണ് ഒമാനെ മാന്യമായ സ്കോറിൽ എത്തിച്ചത്. തുടർന്ന് ക്രീസിലെത്തിയ ആർക്കും ഇരട്ടയക്കം കടക്കാനായില്ല. സ്കോട്ട്ലൻഡിനായി ജോഷ് ഡേവി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ സഫ്യാൻ ഷരീഫ്, മൈക്കൽ ലീസ്ക് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിംഗിൽ ജോർജ് മുൺസിയും (20) കെയിൻ കോട്സറും ചേർന്ന് സ്കോട്ട്ലൻഡിനു മികച്ച തുടക്കം നൽകി. മുൺസിയും കോട്ട്സറും പുറത്തായതിനു പിന്നാലെ മൂന്നാം വിക്കറ്റിൽ അപരാജിതമായ 48 റൺസിൻ്റെ കൂട്ടുകെട്ടുയർത്തിയ മാത്യു ക്രോസും (26), റിച്ചി ബെരിങ്ടണും (31) ചേർന്ന് സ്കോട്ട്ലൻഡിനു തകർപ്പൻ ജയമൊരുക്കി. 17ആം ഓവറിലെ അവസാന രണ്ട് പന്തുകളിൽ ബൗണ്ടറിയും സിക്സറും അടിച്ച ബെരിങ്ടൺ ആണ് സ്കോട്ട്ലൻഡിനെ വിജയിപ്പിച്ചത്.
സൂപ്പർ 12ൽ അഫ്ഗാനിസ്ഥാനെതിരെയാണ് സ്കോട്ട്ലൻഡിൻ്റെ ആദ്യ മത്സരം. അടുത്ത തിങ്കളാഴ്ച ഷാർജയിലാണ് മത്സരം നടക്കുക.
Story Highlights : t20 world cup scotland won oman
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here