Advertisement

സംസ്ഥാനം കടന്ന അവയവദാനം: 6 പേര്‍ക്ക് പുതുജന്മം നല്‍കി ആല്‍ബിന്‍ പോള്‍ യാത്രയായി

October 24, 2021
Google News 0 minutes Read

ഒരു കുടുംബത്തിലെ വലിയ പ്രതീക്ഷയായിരുന്ന തൃശൂര്‍ സ്വദേശി ആല്‍ബിന്‍ പോള്‍ (30) ഇനി 6 പേരിലൂടെ ജീവിക്കും. മസ്തിഷ്‌ക മരണമടഞ്ഞ ആല്‍ബിന്‍ പോളിന്റെ ഹൃദയം, കരള്‍, 2 വൃക്കകള്‍, 2 നേത്രപടലം എന്നിവയാണ് ദാനം ചെയ്തത്. മൃതസഞ്ജീവനി വഴിയാണ് അവയവദാന പ്രക്രിയ നടത്തിയത്. മറ്റുള്ളവരിലൂടെ ആല്‍ബിന്‍ പോള്‍ ജീവിക്കുമെന്ന് മന്ത്രി വീണ ജോർജ് പറഞ്ഞു.

ഈ മാസം 18ന് നെടുമ്പാശേരി എയര്‍പോട്ടില്‍ നിന്ന് മടങ്ങവെ ആല്‍ബിനും സഹോദരനും സഞ്ചരിച്ച കാര്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഇവരെ അങ്കമാലി അപ്പോളോ ആശുപത്രിയില്‍ എത്തിച്ചു. ആല്‍ബിൻ കഴിഞ്ഞ ദിവസം മസ്തിഷ്‌ക മരണമടയുകയായിരുന്നു.

അവയവ ദാനത്തിനായി രജിസ്റ്റര്‍ ചെയ്തവരില്‍ ആല്‍ബിന്‍ പോളിന്റെ ഹൃദയവുമായി ചേര്‍ച്ചയില്ലാത്തതിനാല്‍ സംസ്ഥാനം കടന്നുള്ള അവയവദാനത്തിനാണ് വേദിയായത്. ചെന്നൈയിലെ റെല ഹോസ്പിറ്റലില്‍ ചികിത്സയിലുള്ള രോഗിക്ക് ഹൃദയം അനുവദിച്ചത്. ഒരു വൃക്ക തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള രോഗിക്കാണ് നല്‍കുന്നത്.

വിമാന മാര്‍ഗമാണ് ചെന്നൈയിലേക്ക് ഹൃദയം കൊണ്ട് പോകുന്നത്. പൊലീസിന്റെ സഹായത്തോടെ ആശുപത്രി മുതല്‍ എയര്‍പോര്‍ട്ടുവരെയും, ആശുപത്രി മുതല്‍ മറ്റാശുപത്രികള്‍ വരെയും ഗ്രീന്‍ ചാനല്‍ ഒരുക്കിയാണ് അവദാന പ്രക്രിയ നടത്തിയത്. കെ.എന്‍.ഒ.എസ്. നോഡല്‍ ഓഫീസര്‍ ഡോ. നോബിള്‍ ഗ്രേഷ്യസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അവയവദാന പ്രക്രിയ പൂര്‍ത്തീകരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here