ഇന്ന് സൂപ്പർ സൺഡേ; ക്രിക്കറ്റിലും ഫുട്ബോളിലുമായി നടക്കുന്നത് തകർപ്പൻ പോരാട്ടങ്ങൾ

ഇന്ന് ക്രിക്കറ്റിലും ഫുട്ബോളിലുമായി നടക്കുന്നത് തകർപ്പൻ പോരാട്ടങ്ങൾ. ടി-20 ലോകകപ്പിൽ ഇന്ത്യ-പാകിസ്താൻ ആവേശ പോരാട്ടം നടക്കുമ്പോൾ ഫുട്ബോളിൽ ബാഴ്സ-റയൽ എൽ ക്ലാസിക്കോയും ഇന്നാണ്. പ്രീമിയർ ലീഗിലെ കരുത്തരായ ലിവർപൂൾ-മാഞ്ചസ്റ്റർ യുണൈറ്റഡ് മത്സരവും ഇന്നാണ്. (super sunday football cricket)
ഇന്ത്യൻ സമയം വൈകുന്നേരം 7.30നു നടക്കുന്ന ഇന്ത്യ പാകിസ്താൻ മത്സരത്തോടെയാണ് സൂപ്പർ സൺഡേ ആരംഭിക്കുക. ടി-20 ലോകകപ്പ് സൂപ്പർ 12ൽ ഇരു ടീമുകളുടെയും ആദ്യ മത്സരമാണ് ഇത്. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് മത്സരം. ഇന്ത്യ സമയം രാത്രി 7.45 ന് ബാഴ്സ-റയൽ എൽ ക്ലാസിക്കോ ആരംഭിക്കും. ഇതിഹാസ താരം ലയണൽ മെസി എഫ്സി ബാഴ്സലോണ വിട്ടതിനു ശേഷമുള്ള ആദ്യ എൽ ക്ലാസിക്കോ ആണ് ഇത്. ബാഴ്സയുടെ തട്ടകമായ ക്യാമ്പ് നൂവിലാണ് മത്സരം.
രാത്രി 9 മണിക്ക് പ്രീമിയർ ലീഗിൽ ആവേശകരമായ ഒരു മത്സരമുണ്ട്. ലിവർപൂളും മാഞ്ചസ്റ്റർ യുണൈറ്റഡുമാണ് ഇന്ന് മുഖാമുഖം കളിക്കുക. പോയിൻ്റ് പട്ടികയിൽ ലിവർപൂൾ മൂന്നാമതും യുണൈറ്റഡ് ആറാമതുമാണ്. മാഞ്ചസ്റ്റർ യുണൈറ്റഡ് ഹോംഗ്രൗണ്ട് ഓൾഡ് ട്രാഫോർഡിലാണ് മത്സരം. രാത്രി 12.15ന് ഇറ്റാലിയൻ ലീഗിലെ കരുത്തരായ യുവൻ്റസും ഇൻ്റർ മിലാനും തമ്മിൽ ഏറ്റുമുട്ടും. പോയിൻ്റ് പട്ടികയിൽ ഇൻ്റർ മൂന്നാമതും യുവൻ്റസ് ഏഴാമതുമാണ്. ഇൻ്റർ മിലാൻ്റെ ഹോം ഗ്രൗണ്ട് സാൻ സിറോയിലാണ് മത്സരം. 12.15നു തന്നെ ഫ്രഞ്ച് ലീഗിൽ പിഎസ്ജി ചിരവൈരികളായ മാഴ്സയെ നേരിടും. മാഴ്സ ഹോം ഗ്രൗണ്ടിലാണ് കളി.
Story Highlights : super sunday football cricket matches