സൈബർ അധിക്ഷേപം; ഷമിക്ക് പിന്തുണയുമായി കൂടുതൽ താരങ്ങൾ

പാകിസ്താനെതിരായ ഇന്ത്യയുടെ തോൽവിക്ക് പിന്നാലെ സൈബർ അധിക്ഷേപം നേരിട്ട ഇന്ത്യൻ പേസർ മുഹമ്മദ് ഷമിക്ക് പിന്തുണയുമായി കൂടുതൽ താരങ്ങൾ. മുൻ താരങ്ങളായ യൂസുഫ് പത്താൻ, വിവിഎസ് ലക്ഷ്മൺ, വെങ്കിടേഷ് പ്രസാദ്, മുഹമ്മദ് അസ്‌ഹറുദ്ദീൻ, ഹർഭജൻ സിംഗ് എന്നിവരും നിലവിൽ ഇന്ത്യൻ ടീമിൽ കളിക്കുന്ന യുസ്‌വേന്ദ്ര ചഹാലും ഷമിക്ക് പിന്തുണയർപ്പിച്ച് രംഗത്തെത്തി. ഇവർക്കൊപ്പം ബാഡ്മിൻ്റൺ താരം ജ്വാല ഗുട്ട, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, കമൻ്റേറ്ററും ക്രിക്കറ്റ് നിരീക്ഷകനുമായ ഹർഷ ഭോഗ്‌ലെ എന്നിവരും ഷമിക്ക് പിന്തുണയർപ്പിച്ചു. (former stars mohammed shami)
‘വിമർശിക്കുന്നത് മനസ്സിലാക്കാം. പക്ഷേ, അധിക്ഷേപ്പിക്കരുത്. ഇത് ക്രിക്കറ്റാണ്. ആ ദിവസം മികച്ച കളി കാഴ്ചവച്ച ടീം വിജയിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി ഈ ക്രിക്കറ്റർമാർ ഇന്ത്യക്കു വേണ്ടി ഒട്ടേറെ മത്സരങ്ങൾ വിജയിച്ചിട്ടുണ്ട്. പരാജയത്തിനു ശേഷം വിജയിക്കുന്നവനെ ബാസിഗർ (മാന്ത്രികൻ) എന്നല്ലേ വിളിക്കുക?’- യൂസുഫ് പത്താൻ ട്വീറ്റ് ചെയ്തു.
‘കഴിഞ്ഞ എട്ട് വർഷമായി മുഹമ്മദ് ഷമി ഇന്ത്യക്ക് വേണ്ടി ഗംഭീര പ്രകടനങ്ങളാണ് കാഴ്ചവക്കുന്നത്. നിരവധി വിജയങ്ങളിൽ നിർണായക പങ്കുവഹിച്ചു. ഒരു മത്സരത്തിലെ പ്രകടനം കൊണ്ട് അദ്ദേഹത്തെ വിലയിരുത്താനാവില്ല. അദ്ദേഹത്തിന് എൻ്റെ എല്ലാ ഭാവുകങ്ങളും ഷമിക്കുണ്ട്. ഷമിയെ പിന്തുണയ്ക്കണമെന്ന് ഞാൻ ആരാധകരോട് അഭ്യർത്ഥിക്കുന്നു.’- ലക്ഷ്മൺ കുറിച്ചു.
Read Also : ഷമിയെ പിന്തുണച്ച് സച്ചിൻ തെണ്ടുൽക്കർ
‘നിങ്ങളിൽ അഭിമാനിക്കുന്നു ഷമി’ എന്നാണ് ചഹാൽ ട്വീറ്റ് ചെയ്തത്.
‘ഷമി, ഞങ്ങൾ എല്ലാവരും നിങ്ങൾക്കൊപ്പമാണ്. ഇവർക്ക് സ്നേഹം ലഭിക്കാത്തതിനാൽ ഇവർ വെറുപ്പ് പ്രചരിപ്പിക്കുകയാണ്. അവരോട് ക്ഷമിക്കൂ.’- രാഹുൽ ഗാന്ധി കുറിച്ചു.
മത്സരത്തിൽ ഇന്ത്യയെ10 വിക്കറ്റിനാണ് പാകിസ്താൻ തോല്പിച്ചത്. ടോസ് നേടി ബാറ്റിങ്ങിലും ബൗളിങ്ങിലും സർവാധിപത്യം പാകിസ്താനായിരുന്നു. ഇന്ത്യ നേടിയ 152 റൺസ് വിജയ ലക്ഷ്യം ഒരു വിക്കറ്റ് പോലും നഷ്ടപ്പെടാതെയാണ് പാകിസ്താൻ മറികടന്നത്. പാകിസ്താൻ ക്യാപ്റ്റൻ ബാബർ അസമും വിക്കറ്റ് കീപ്പർ ബാറ്റ്സ്‌മാൻ മുഹമ്മദ് റിസ്‌വാനുമാണ് പാക് വിജയം അനായാസമാക്കിയത്. ഇരുവരും ഫിഫ്റ്റിയടിച്ചു. ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യ ലോകകപ്പിൽ പാകിസ്താനോട് പരാജയപ്പെട്ടത്. പാകിസ്താന് വേണ്ടി ബൗളിങ്ങിൽ ഷഹീൻ അഫ്രിദി 3 വിക്കറ്റ് നേടി തിളങ്ങി. ഷഹീൻ അഫ്രീദി തന്നെയാണ് കളിയിലെ താരവും.
Story Highlights : former stars support mohammed shami