ഷമിയെ പിന്തുണച്ച് സച്ചിൻ തെണ്ടുൽക്കർ

ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയെ പിന്തുണച്ച് ഇതിഹാസ താരം സച്ചിൻ തെണ്ടുൽക്കർ. ലോകകപ്പിൽ ഇന്ത്യ പാകിസ്താനോട് പരാജയപ്പെട്ടതിനു പിന്നാലെ ഷമിക്കെതിരെ രൂക്ഷമായ സൈബർ ആക്രമണങ്ങൾ നടന്നിരുന്നു. ഇതിൻ്റെ പശ്ചാത്തലത്തിലാണ് സച്ചിൻ ഷമിക്ക് പിന്തുണ അർപ്പിച്ചത്. (Sachin Tendulkar Mohammad Shami)
‘നമ്മൾ ഇന്ത്യൻ ടീമിനെ പിന്തുണയ്ക്കുമ്പോൾ, ഇന്ത്യൻ ടീമിനെ പ്രതിനിധീകരിക്കുന്ന എല്ലാവരെയുമാണ് നമ്മൾ പിന്തുണയ്ക്കുന്നത്. മുഹമ്മദ് ഷമി ഒരു ലോകോത്തര ബൗളറാണ്. ഏത് കായിക താരത്തിനും ഉണ്ടാകാവുന്ന ഒരു മോശം ദിവസം അദ്ദേഹത്തിനുണ്ടായി. ഞാൻ ഇന്ത്യൻ ടീമിനും ഷമിക്കും പിന്നിൽ നിലകൊള്ളുന്നു.’- സച്ചിൻ ട്വീറ്റ് ചെയ്തു.
ഷമിക്കെതിരായ സൈബർ ആക്രമണങ്ങളെ അപലപിച്ച് മുൻ താരങ്ങളായ വീരേന്ദർ സെവാഗും ഇർഫൻ പത്താനും രംഗത്തെത്തിയിരുന്നു. ‘മുഹമ്മദ് ഷമിക്കെതിരായ ഓൺലൈൻ ആക്രമണങ്ങൾ ഞെട്ടിക്കുന്നതാണ്. നമ്മൾ ഷമിക്കൊപ്പം നിലകൊള്ളുന്നു. അദ്ദേഹം ഒരു ചാമ്പ്യൻ ക്രിക്കറ്ററാണ്. ഇന്ത്യൻ ജഴ്സി അണിയുന്ന ഏതൊരാളും ഈ ഓൺലൈൻ കൂട്ടത്തെക്കാൾ ഇന്ത്യയെ സ്നേഹിക്കുന്നവരാണ്. നിനക്കൊപ്പമാണ് ഷമി. അടുത്ത കളി നോക്കാം.’- സെവാഗ് ട്വിറ്ററിൽ കുറിച്ചു.
Read Also : പാകിസ്താനെതിരായ തോൽവി: ഇന്ത്യൻ പേസർ മുഹമ്മദ് ഷമിക്കെതിരെ സൈബർ അധിക്ഷേപം
‘നമ്മൾ പരാജയപ്പെട്ട ഇന്ത്യ-പാകിസ്താൻ മത്സരങ്ങളിൽ ഞാനും ഭാഗമായിട്ടുണ്ട്. പക്ഷേ, ആരും എന്നോട് അന്ന് പാകിസ്താനിലേക്ക് പോകാൻ ആവശ്യപ്പെട്ടിട്ടില്ല. ഞാൻ കുറച്ച് വർഷങ്ങൾക്ക് മുൻപുള്ള കാര്യമാണ് പറയുന്നത്. ഇത് അവസാനിപ്പിക്കേണ്ടതാണ്.’- പത്താൻ കുറിച്ചു.
പാകിസ്താനോട് ഇന്ത്യ 10 വിക്കറ്റിൻ്റെ ദയനീയ തോൽവി വഴങ്ങിയതിനു പിന്നാലെയാണ് ഷമിയ്ക്കെതിരെ സമൂഹമാധ്യമങ്ങളിൽ വിദ്വേഷ പ്രചാരണം തുടങ്ങിയത്. ഷമിയാണ് ഇന്ത്യയെ തോല്പിച്ചതെന്നും അദ്ദേഹം പാകിസ്താൻ ചാരനാണെന്നും പാകിസ്താനിലേക്ക് പോകൂ എന്നുമൊക്കെ ആളുകൾ കമൻ്റ് ചെയ്തു. ഇതിനു പിന്നാലെയാണ് സെവാഗും ഇർഫാനും ഷമിക്ക് പിന്തുണയുമായി രംഗത്തെത്തിയത്.
മത്സരത്തിൽ ഇന്ത്യയെ10 വിക്കറ്റിനാണ് പാകിസ്താൻ തോല്പിച്ചത്. ടോസ് നേടി ബാറ്റിങ്ങിലും ബൗളിങ്ങിലും സർവാധിപത്യം പാകിസ്താനായിരുന്നു. ഇന്ത്യ നേടിയ 152 റൺസ് വിജയ ലക്ഷ്യം ഒരു വിക്കറ്റ് പോലും നഷ്ടപ്പെടാതെയാണ് പാകിസ്താൻ മറികടന്നത്. പാകിസ്താൻ ക്യാപ്റ്റൻ ബാബർ അസമും വിക്കറ്റ് കീപ്പർ ബാറ്റ്സ്‌മാൻ മുഹമ്മദ് റിസ്‌വാനുമാണ് പാക് വിജയം അനായാസമാക്കിയത്. ഇരുവരും ഫിഫ്റ്റിയടിച്ചു. ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യ ലോകകപ്പിൽ പാകിസ്താനോട് പരാജയപ്പെട്ടത്. പാകിസ്താന് വേണ്ടി ബൗളിങ്ങിൽ ഷഹീൻ അഫ്രിദി 3 വിക്കറ്റ് നേടി തിളങ്ങി. ഷഹീൻ അഫ്രീദി തന്നെയാണ് കളിയിലെ താരവും.
Story Highlights : Sachin Tendulkar Support Mohammad Shami
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here