മഴക്കെടുതി നേരിടുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് പ്രതിപക്ഷം; കാലാവസ്ഥാ വകുപ്പിന് വീഴ്ചയെന്ന് സര്‍ക്കാര്‍

തീവ്രമഴ പ്രവചിക്കുന്നതില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പിന് വീഴ്ചയുണ്ടായതായി സംസ്ഥാന സര്‍ക്കാര്‍. കോട്ടയത്ത് ദുരന്ത സമയത്ത് കേന്ദ്രം നല്‍കിയത് ഗ്രീന്‍ അലേര്‍ട്ട് മാത്രമാണെന്ന് റവന്യുമന്ത്രി കെ രാജന്‍ നിയമസഭയില്‍ പറഞ്ഞു. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു റവന്യുമന്ത്രി.
മഴക്കെടുതി നേരിടുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ആരോപിച്ചാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കിയത്. തുടര്‍ച്ചയായി പെയ്ത കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തടസമായെന്നും സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 55 ആയെന്നും റവന്യുമന്ത്രി നിയമസഭയെ അറിയിച്ചു. കാലാവസ്ഥാ പ്രവചനത്തില്‍ കേന്ദ്രത്തിന്റെ അറിയിപ്പാണ് സംസ്ഥാനം കണക്കിലെടുക്കുന്നതെന്നും അതവഗണിച്ചുകൊണ്ട് സംസ്ഥാനത്തിന് മുന്നോട്ടുപോകാനാകില്ലെന്നും റവന്യുമന്ത്രി ചൂണ്ടിക്കാട്ടി. ഒക്ടോബര്‍ 16ന് രാവിലെ 10വരെ സംസ്ഥാനത്തിന് ലഭിച്ചിരുന്നത് സാധാരണ മഴ മുന്നറിയിപ്പ് മാത്രമായിരുന്നു. റെഡ് അലേര്‍ട്ട് ഒരിടത്തും നല്‍കിയിരുന്നില്ല. മോശം കാലാവസ്ഥ മൂലം വ്യോമ-നാവിക സേന ഹെലികോപ്റ്ററുകള്‍ക്ക് എത്താനായില്ലെന്നും റവന്യുമന്ത്രി മറുപടി നല്‍കി.
2018ലെ പ്രളയത്തിനുശേഷം സംസ്ഥാന സര്‍ക്കാര്‍ അതിന്റെ പാഠങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് ഇത്തവണ നടപടികള്‍ സ്വീകരിച്ചില്ല, ഇക്കാര്യത്തില്‍ സര്‍ക്കാരിന് ഗുരുതരമായ വീഴ്ചയുണ്ടായതായി പ്രതിപക്ഷം ആരോപിച്ചു. സംസ്ഥാന പൊലീസും അഗ്നിരക്ഷാ സേനയും നാട്ടുകാരുമെല്ലാം രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ദുരന്തത്തിന്റെ വ്യാപ്തി കുറയ്ക്കാന്‍ ഇടപെടല്‍ നടത്തി. പക്ഷേ സര്‍ക്കാര്‍ ഇക്കാര്യങ്ങളില്‍ തികഞ്ഞ പരാജയമായിരുന്നെന്ന് അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കിയ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
Read Also : പ്രളയദുരന്തം: മുന്നറിയിപ്പ് സംവിധാനം പരാജയപ്പെട്ടു; ആരോപണം ആവർത്തിച്ച് വി ഡി സതീശൻ
ദുരന്ത നിവാരണ അതോറിറ്റിയുടെ തലവനെ വിദേശത്ത് ഊരുചുറ്റാന്‍ അനുവദിച്ചിരിക്കുകയാണ്. പ്രളയമേഖലാ മാപ്പിങ് സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ നടത്തിയിട്ടില്ല. കുസാറ്റിന്റെ മുന്നറിയിപ്പും കണക്കിലെടുത്തില്ല. പന്തം കണ്ട പെരുച്ചാഴിയെ പോലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നോക്കിനില്‍ക്കുന്ന സാഹചര്യമാണ് ദുരന്ത മേഖയിലുണ്ടായതെന്നും തിരുവഞ്ചൂര്‍ ആരോപിച്ചു.
Story Highlights : kerala rain govt failure
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here