ടി20 വോൾഡ് കപ്പ്: ഇന്ന് രണ്ട് മത്സരങ്ങൾ

ടി20 വോൾഡ് കപ്പിൽ ഇന്ന് രണ്ട് മത്സരങ്ങൾ. ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്ക – വെസ്റ്റിൻഡീസിനെ നേരിടും. രണ്ടാം മത്സരത്തിൽ പാകിസ്താൻ ന്യൂസിലാൻഡുമായി ഏറ്റുമുട്ടും. ടൂർണമെന്റിലെ ആദ്യ ജയം തേടിയാണ് വെസ്റ്റിൻഡീസും ദക്ഷിണാഫ്രിക്കയും മത്സരത്തിനിറങ്ങുന്നത്. അതേസമയം ഇന്ത്യക്കെതിരെ നേടിയ വമ്പന്‍ ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് പാകിസ്താൻ ഇന്ന് വീണ്ടും ഇറങ്ങുക.
വമ്പനടിക്കാരെല്ലാം ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരത്തിൽ അമ്പേ പരാജയമായിരുന്നു. ഈ താളപ്പിഴകൾ പരിഹരിച്ചില്ലെങ്കിൽ നിലവിലെ ചാമ്പ്യന്മാരുടെ സെമി സാധ്യത ദുഷ്കരമാക്കും. യുവതാരങ്ങളും പരിചയ സമ്പന്നരും അണിനിരക്കുന്ന ദക്ഷിണാഫ്രിക്ക താളം കണ്ടെത്തിയാൽ ദുബൈയിൽ പൊടിപാറും മത്സരം പ്രതീക്ഷിക്കാം.
അതേസമയം ഇന്ത്യയെ ആദ്യമത്സരത്തിൽ പരാജയപ്പെടുത്തിയ ആത്മവിശ്വാസവുമായാണ് പാകിസ്താൻ ന്യൂസിലാൻഡിനെ നേരിടാനൊരുങ്ങുന്നത്. പാകിസ്താൻ ആദ്യ മത്സരത്തിലെ പ്രകടനം ആവർത്തിച്ചാൽ ന്യൂസിലാൻഡിന് വെല്ലുവിളിയാകും. അതേസമയം പരിക്കിൽ നിന്ന് മുക്തനായി എത്തുന്ന ക്യാപ്റ്റന്‍ കെയിൻ വില്യംസണും യുവതാരങ്ങളുമാണ് ന്യൂസിലാൻഡിന്‍റെ കരുത്ത്.