Advertisement

സൗരവ് ഗാംഗുലി എടികെ മോഹൻ ബഗാൻ ഡയറക്ടർ സ്ഥാനം ഒഴിയുന്നു

October 27, 2021
Google News 2 minutes Read
Sourav Ganguly Mohun Bagan

ബിസിസിഐ പ്രസിഡൻ്റും ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ മുൻ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി ഐഎസ്എൽ ക്ലബ് എടികെ മോഹൻ ബഗാൻ്റെ ഡയറക്ടർ സ്ഥാനം ഒഴിയുന്നു. താത്പര്യ വൈരുദ്ധ്യം പരിഗണിച്ചാണ് ഗാംഗുലിയുടെ നീക്കം. പുതിയ ഐപിഎൽ ടീമുകളിലൊന്നായ ലക്നൗ ഫ്രാഞ്ചൈസിയുടെ ഉടമ ആർപി സഞ്ജീവ് ഗോയങ്കയാണ് എടികെ മോഹൻ ബഗാൻ്റെയും ഉടമ. അതിനാൽ ഇത് താത്പര്യവൈരുദ്ധ്യത്തിൽ പെടും എന്നതിനാലാണ് ഗാംഗുലി ഡയറക്ടർ സ്ഥാനം ഒഴിയാൻ തീരുമാനിച്ചിരിക്കുന്നത്. (Sourav Ganguly Mohun Bagan)

ഉയർന്ന രണ്ട് ബിഡുകൾ സമർപ്പിച്ച ആർപിഎസ്ജി ഗ്രൂപ്പും സിവിസി ക്യാപിറ്റൽ പാർട്ണേഴ്സുമാണ് പുതിയ രണ്ട് ഐപിഎൽ ഫ്രാഞ്ചൈസികൾ സ്വന്തമാക്കിയത്. യഥാക്രമം ലക്നൗ, അഹ്മദാബാദ് ഫ്രാഞ്ചൈസികളാണ് ഇവർ ബിഡിലൂടെ നേടിയത്. 7090 കോടി രൂപയോടെ ആർപിഎസ്ജിയാണ് ഏറ്റവും ഉയർന്ന ടെൻഡർ സമർപ്പിച്ചത്. 5600 കോടി രൂപയുടെ ടെൻഡർ സമർപ്പിച്ച സിവിസി രണ്ടാമത് എത്തി. 22 ഗ്രൂപ്പുകളാണ് പുതിയ ടീമുകൾക്കായി രംഗത്തുണ്ടായിരുന്നത്.

Read Also : ‘ഐപിഎലിൽ കുറച്ച് പണി ബാക്കിയുണ്ട്’; ലക്നൗ ഫ്രാഞ്ചൈസി ഉടമ സഞ്ജീവ് ഗോയങ്ക

കോഴ വിവാദത്തെ തുടർന്ന് രാജസ്ഥാൻ റോയൽസിനെയും ചെന്നൈ സൂപ്പർ കിംഗ്സിനെയും വിലക്കിയിരുന്ന രണ്ട് സീസണുകളിൽ സഞ്ജീവ് ഗോയങ്കയുടെ ആർപിഎസ്ജി ഗ്രൂപ്പിന് ഐപിഎൽ ടീം ഉണ്ടായിരുന്നു. പൂനെ ആസ്ഥാനമാക്കിയുള്ള റൈസിങ് പൂനെ സൂപ്പർ ജയൻ്റ് ആയിരുന്നു ആർപിഎസ്ജി ഗ്രൂപ്പിൻ്റെ ടീം. രാജസ്ഥാനും ചെന്നൈയും തിരികെ എത്തിയതോടെ ഈ ടീം ഇല്ലാതായി. ഫോർമുല 1ൻ്റെ ഉടമസ്ഥരായിരുന്ന ഇക്വിറ്റി ഫേം സിവിസി ക്യാപിറ്റൽ പാർട്ണേഴ്സ് സ്റ്റാർക്ക് ഗ്രൂപ്പ്, സ്കൈ ബെറ്റിങ് ആൻഡ് ഗെയിമിങ് തുടങ്ങിയ കമ്പനികളുടെയും ഉടമകളാണ്.

22 ഗ്രൂപ്പുകളാണ് പുതിയ ടീമുകൾക്കായി രംഗത്തുണ്ടായിരുന്നത്. അദാനി ഗ്രൂപ്പ്, ഗ്ലേസർ ഫാമിലി, ആർപിഎസ്ജി ഗ്രൂപ്പ്, ജിൻഡാൽ സ്റ്റീൽ, ഹിന്ദുസ്താൻ ടൈംസ് മീഡിയ, സിവിസി ക്യാപിറ്റൽസ് ഓറോബിനോ ഫാർമ തുടങ്ങിയവർ ബിഡ് സമർപ്പിച്ചു. ടോറൻ്റ് ഫാർമ, റിതി സ്പോർട്സ് എന്നിവർ ബിഡ് സമർപ്പിക്കുന്നതിൽ നിന്ന് പിന്മാറി.

അതേസമയം, ഉടൻ നടക്കാനിരിക്കുന്ന ഐപിഎൽ മെഗാ ലേലത്തിനു മുന്നോടിയായി ടീമുകൾക്ക് നിലനിർത്താവുന്നത് നാല് താരങ്ങളെയെന്ന് റിപ്പോർട്ട് വന്നിരുന്നു. പരമാവധി 3 ഇന്ത്യൻ താരങ്ങളെയും രണ്ട് വിദേശികളെയുമാണ് നിലനിർത്താൻ അനുവാദമുള്ളത്. രാജ്യാന്തര മത്സരം കളിച്ചിട്ടില്ലാത്ത താരങ്ങളിൽ പരമാവധി രണ്ട് പേരെ നിലനിർത്താനാണ് അനുമതിയെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Story Highlights : Sourav Ganguly Mohun Bagan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here