മുംബൈ ലഹരിമരുന്ന് കേസ്; ആര്യന്‍ ഖാന് ജാമ്യം

മുംബൈ ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടി കേസില്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് മുംബൈ കോടതി ജാമ്യം അനുവദിച്ചു. ആര്യനൊപ്പം അബ്ബാസ് മര്‍ച്ചന്റിനും മുന്‍മുന്‍ ധമേച്ചയ്ക്കും ജാമ്യം ലഭിച്ചു. അറസ്റ്റിലായി 26 ദിവസത്തിനുശേഷമാണ് ജാമ്യം ലഭിച്ചത്. മുന്‍ അറ്റോര്‍ണി ജനറല്‍ അഡ്വ.മുകുള്‍ റോത്തഗി ആര്യന്‍ ഖാന് വേണ്ടി ഹാജരായി. മൂന്ന് ദിവസമാണ് മുംബൈ ഹൈക്കോടതി കേസില്‍ വാദം കേട്ടത്.
വന്‍തോതില്‍ ലഹരിമരുന്ന് പ്രതികളില്‍ നിന്നും കണ്ടെത്തിയിട്ടില്ല. ഗൂഡാലോചന കുറ്റം തെളിയിക്കാനായില്ല, വാട്‌സ് ആപ് ചാറ്റുകള്‍ സംബന്ധിച്ച രേഖകള്‍ മാത്രമാണ് എന്‍സിബിയുടെ കയ്യിലുള്ളത്. അര്‍ബാസില്‍ നിന്ന് പിടിച്ചെടുത്ത ചരസിന്റെ അളവ് ജയില്‍വാസത്തിന് മതിയാവുന്നതല്ലെന്നും ആര്യന്‍ ലഹരി ഉപയോഗിച്ചത് തെളിയിക്കാന്‍ എന്‍സിബി വൈദ്യപരിശോധന പോലും നടത്തിയിട്ടില്ലെന്നും പ്രതിഭാഗം വാദിച്ചു.
എന്നാല്‍ വാട്‌സ്ആപ് ചാറ്റുകള്‍ ആണ് തങ്ങള്‍ക്ക് ലഭിച്ച ഏറ്റവും വലിയ തെളിവെന്നായിരുന്നു എന്‍സിബി വാദം. കേസ് അട്ടിമറിക്കാന്‍ ശ്രമം നടന്നു, ആര്യന് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയാല്‍ തെളിവുകള്‍ ഇല്ലാതാക്കും തുടങ്ങി കേസില്‍ സാക്ഷിയുടെ വിവാദ വെളിപ്പെടുത്തല്‍ ഉള്‍പ്പെടെ എന്‍സിബി കോടതിയില്‍ വാദിച്ചു. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അനില്‍ സിങ് ആണ് കോടതിയില്‍ വാദിച്ചത്.
ആര്യന്‍ ഖാന്‍ സ്ഥിരമായി ലഹരി ഉപയോഗിക്കുന്നയാളാണ്. വലിയ അളവിലുള്ള ലഹരി ഇടപാടിന് വേണ്ടി വാട്‌സ് ആപ് വഴി ഇടപാടുകള്‍ നടന്നു എന്നും എന്‍സിബി കോടതിയെ അറിയിച്ചു. ഈ വാദങ്ങളെല്ലാം തള്ളിയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
Read Also : ലഹരി പാര്‍ട്ടി കേസിലെ കോഴ ആരോപണം; പ്രഭാകര്‍ സെയിലിന് സമന്‍സ്
മുംബൈ തീരത്തെ ആഡംബര കപ്പലില്‍ ലഹരി പാര്‍ട്ടി നടത്തിയതിനാണ് നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ആര്യന്‍ ഖാനെ അറസ്റ്റുചെയ്തത്. ഒക്ടോബര്‍ 3നായിരുന്നു അറസ്റ്റ്. എന്‍സിബി നടത്തിയ മിന്നല്‍ റെയ്ഡില്‍ എട്ട് പേരാണ് പിടിയിലായത്. റെയ്ഡില്‍ കൊക്കെയ്ന്‍, ഹാഷിഷ്, എംഡിഎംഐ ഉള്‍പ്പെടെയുള്ള ലഹരിമരുന്നുകള്‍ എന്‍സിബി പിടികൂടിയിരുന്നു. മുംബൈയില്‍ നിന്ന് ഗോവയിലേക്ക് പോയ ആഢംബര കപ്പലില്‍ ലഹരിപാര്‍ട്ടി നടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ യാത്രക്കാരുടെ വേഷത്തിലാണ് എന്‍സിബി സംഘം കപ്പലിലെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആര്യനടക്കം എട്ട് പേരും പാര്‍ട്ടിയുടെ സംഘാടകരും പിടിയിലാവുകയായിരുന്നു.
Story Highlights : aryan khan got bail, mumbai cruise drugs case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here