ഐപിഎൽ: മെഗാ താരലേലത്തിന് മുന്നോടിയായി ഓരോ ടീമുകൾക്കും നാല് താരങ്ങളെ നിലനിർത്താൻ ഭരണസമിതി തീരുമാനം

ഐപിഎല്ലിൽ പുതിയ രണ്ട് ടീമുകളെ കൂടി ഉൾപ്പെടുത്തിയ സാഹചര്യത്തിൽ ഡിസംബറിൽ നടക്കാനിരിക്കുന്ന മെഗാ താരലേലത്തിന് മുന്നോടിയായി ഓരോ ടീമുകൾക്കും നാല് താരങ്ങളെ വീതം നിലനിർത്താമെന്ന് ഐപിഎൽ ഭരണസമിതി തീരുമാനിച്ചു. രണ്ടുവീതം ഇന്ത്യൻ, വിദേശ താരങ്ങളേയും നിലനിർത്താം അല്ലെങ്കിൽ മൂന്ന് ഇന്ത്യൻ താരങ്ങളേയും ഒരു വിദേശതാരത്തേയും എന്നതാണ് വ്യവസ്ഥയെന്ന് ക്രിക്ക് ഇൻഫോ റിപ്പോർട്ട് ചെയ്തു.
നാല് താരങ്ങളെ നിലനിർത്താൻ അനുമതി ലഭിച്ചതോടെ എം എസ് ധോണി അടുത്ത സീസണിലും ചെന്നൈ സൂപ്പർ കിംഗ്സിൽ ഉണ്ടാവുമെന്ന് ഉറപ്പായി. വിരമിക്കുന്നതുവരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൽ തുടരുമെന്ന് വ്യക്തമാക്കിയിട്ടുള്ളതിനാൽ വിരാട് കോലിയും ലേലത്തിന് ഉണ്ടാവില്ല. എന്നാൽ ഡേവിഡ് വാർണർ, കെ എൽ രാഹുൽ തുടങ്ങിയ കളിക്കാരെ ലേലത്തിലൂടെ സ്വന്തമാക്കാൻ ടീമുകൾക്ക് അവസരം ലഭിക്കും.
Read Also : നൂറിൽ താഴെ മാത്രം ജനസംഖ്യ; വിശ്വസിക്കാൻ സാധിക്കാത്ത കൗതുകങ്ങൾ ഒളിപ്പിച്ച നാട്….
പുതിയ രണ്ട് ടീമുകൾക്ക് താരലേലത്തിന് മുൻപ് മൂന്ന് താരങ്ങളെ ഡ്രാഫ്റ്റിലൂടെ സ്വന്തമാക്കാം. ഇതിൽ രണ്ട് ഇന്ത്യൻ താരങ്ങളും ഒരു വിദേശ താരവുമാണ് ഉണ്ടാവുക. ഓരോ ടീമിനും ലേലത്തിൽ ചെലവഴിക്കാവുന്ന പരമാവധി തുക കഴിഞ്ഞ സീസണിലെ 85 കോടിയിൽ നിന്ന് 90 കോടിയായി ഉയർത്തിയിട്ടുമുണ്ട്.
2018ലെ മെഗാ താരലേലത്തിലേതുപോലെ ടീമുകൾക്ക് റൈറ്റ് ടു മാച്ച് കാർഡ് ഇത്തവണ ഉപയോഗിക്കാനാവില്ല. നിലനിർത്തുന്ന താരങ്ങളുടെ പട്ടിക നവംബർ മാസം അവസാനത്തോടെ പുറത്തുവിടണമെന്നാണ് അനൗദ്യോഗിക നിർദേശമെന്നും റിപ്പോർട്ടിൽ പറയുന്നു.
Story Highlights : ipl-mega-auction-old-teams-can-retain-four-players-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here