അന്ന് നടി ബിന്ദുവിന്റെ മകളായി അറിയപ്പെട്ടു; ഇന്ന് ഗായത്രിയുടെ അമ്മയായി ബിന്ദു അറിയപ്പെടുന്നു

ബിന്ദിയ മുഹമ്മദ്/ഗായത്രി അശോക്
‘അലരേ നീ എന്നിലെ…’ ഒട്ടുമിക്ക മലയാളികളുടേയും വാട്ട്‌സ് ആപ്പ് സ്റ്റേറ്റസ് ആയിരുന്നു ഈ ഗാനം. ഇപ്പോഴും പലരുടേയും കോളർ ട്യൂണാണ്. ‘മെമ്പർ രമേശൻ 9-ാം വാർഡ്’ എന്ന ചിത്രത്തിന് ചില കാരണങ്ങളാൽ പുറത്തിറങ്ങാൻ സാധിച്ചില്ലെങ്കിലും, സിനിമയിലെ പാട്ട് വൈറലായി. എട്ട് മില്യണോളം ആളുകൾ കണ്ട ഈ ഗാനത്തിൽ അർജുൻ അശോകനൊപ്പം അഭിനയിച്ച പെൺകുട്ടി ആരെന്നായിരുന്നു എല്ലാവരുടേയും ചോദ്യം. ഇപ്പോൾ ജോജു ജോർജ് കേന്ദ്രകഥാപാത്രത്തിലെത്തിയ ‘സ്റ്റാർ’ എന്ന ചിത്രം പുറത്ത് വന്നപ്പോൾ ഈ പെൺകുട്ടിക്കായുള്ള തെരച്ചിലുകൾക്കെല്ലാമുള്ള ഉത്തരമായി. സിനിമ പുറത്തിറങ്ങും മുൻപ് ‘സ്റ്റാറായ’, സ്റ്റാറിൽ ജോജുവിന്റെ മകളായി വേഷമിടുന്ന ഗായത്രി അശോക് ട്വന്റിഫോറിനോട് പങ്കുവയ്ക്കുകയാണ് തന്റെ സിനിമാ വിശേഷങ്ങൾ…

അമ്മ അഭിനേത്രിയായിരുന്നിട്ടും ഒരിക്കൽ പോലും ഗായത്രി സിനിമയിൽ എത്തുമെന്ന് കരുതിയിരുന്നില്ല. ചെറുപ്പത്തിലെ ഉൾവലിഞ്ഞ പ്രകൃതമായിരുന്ന ഗായത്രി അമ്മയ്‌ക്കൊപ്പം ഒരു സിനിമാ ഷൂട്ടിംഗിന് പോലും പോയിട്ടില്ല. മലയാളം- തമിഴ് സീരിയലുകളിലും, ചൈന ടൗൺ, പാട്ടിന്റെ പാലാഴി, ഇന്നാണാ കല്യാണം എന്നീ മലയാള സിനിമകളിലുമായി അമ്മ ബിന്ദു പങ്കജ് തിരക്കിട്ട അഭിനയത്തിലായിരുന്നു. ഇടക്കെപ്പോഴോ അഭിനേത്രിയാവണമെന്ന മോഹം ഗായത്രിയുടെ മനസിൽ മൊട്ടിട്ടുവെങ്കിലും അത് പ്രകടമാക്കാനുള്ള ധൈര്യം അന്ന് ഗായത്രിക്കുണ്ടായില്ല. മകളെ അഭിനേത്രിയാക്കണമെന്ന മോഹം അമ്മ ബിന്ദുവും വെളിപ്പെടുത്തിയില്ല.
നാളുകൾ കടന്ന് പോയി…ഗായത്രി വിഷ്വൽ കമ്യൂണിക്കേഷനിൽ ബിരുദം നേടി ഗ്രാഫിക് ഡിസൈനിംഗും പഠിച്ച് ജോലിക്ക് കയറി. മകളെ അഭിനേത്രിയാക്കണമെന്ന മോഹം അമ്മ ബിന്ദു വീണ്ടും പൊടി തട്ടിയെടുത്തു. ഗായത്രിയുടെ അഭിപ്രായം പോലും ചോദിക്കാതെ ‘ലഡ്ഡു’ എന്ന ചിത്രത്തിന്റെ ഓഡിഷന് അയച്ചു. ഒടുവിൽ ഗായത്രിക്ക് ലഡ്ഡുവിലെ നായിക വേഷം തന്നെ ലഭിച്ചു.

ഗ്രാഫിക് ഡിസൈനിംഗിന് ഗുഡ്‌ബൈ….
അച്ഛൻ അശേകൻ റിട്ടയേർഡ് ഡിവൈഎസ്പിയാണ്. അമ്മ അഭിനേത്രിയും. ഇത് രണ്ടും തെരഞ്ഞെടുക്കാതെ ഗ്രാഫിക് ഡിസൈനിംഗ് ലോകത്തേക്കാണ് ഗായത്രി തിരിഞ്ഞതെങ്കിലും വൈകാതെ അമ്മയുടെ വഴി തെരഞ്ഞെടുക്കുകയായിരുന്നു ഗായത്രി. സിനിമയാണ് തന്റെയും മേഖലയെന്ന് ഗായത്രി ഉറപ്പിച്ചു. ലഡ്ഡുവിലെ വേഷം തനിക്ക് ലഭിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് ഗായത്രി ട്വന്റിഫോറിനോട് പറഞ്ഞു. അമ്മയ്ക്ക് വേണ്ടിയാണ് ഓഡിഷനിൽ പങ്കെടുത്തത്. എന്നാൽ നായിക വേഷം ലഭിച്ചപ്പോൾ വേണ്ടെന്ന് വയ്ക്കാൻ തോന്നിയില്ല. അതിന് ശേഷമാണ് അഭിനയം പാഷനാകുന്നതും ഗ്രാഫിക് ഡിസൈനിംഗ് ജോലി രാജിവയ്ക്കുന്നത്.
Read Also : ചക്കപ്പഴത്തിലെ കുഞ്ഞുണ്ണി അഥവാ മാലിക്കിലെ ഹമീദ്; അമൽ രാജ് എന്ന നടന്റെ 40 വർഷത്തെ അഭിനയ ജീവിത കഥ
തുടർന്ന് മൂന്ന് മാസത്തോളം ചെന്നൈയിൽ അഭിനയം പഠിച്ച ഗായത്രിയെ കാത്തിരുന്നത് അർജുൻ അശോകൻ നായകനായി എത്തിയ മെമ്പർ രമേശൻ 9-ാം വാർഡ് എന്ന ചിത്രമായിരുന്നു.

ജീവിതം മാറ്റിമറിച്ച പാട്ട്…
മെമ്പർ രമേശനിലും പ്രധാന വേഷമാണ് ഗായത്രി ചെയ്തത്. അർജുൻ അശോകന്റെ നായികാ കഥാപാത്രം. റൊമാൻസ് ചെയ്യുന്നതാണ് വെല്ലുവിളിയായി തോന്നിയതെന്ന് ഗായത്രി പറയുന്നു. ചിത്രത്തിൽ വലിയ റൊമാന്റിക് രംഗങ്ങളൊന്നും ഇല്ലെങ്കിൽ കൂടി, ആദ്യ തവണ ചെറിയ റൊമാന്റിക് സീനുകൾ വന്നപ്പോൾ തന്നെ ചെറിയ നാണം തോന്നി. പിന്നീട് അതുമായി അഡ്ജസ്റ്റായെന്ന് ഗായത്രി പറയുന്നുു. ചില കാരണങ്ങളാൽ ഈ സിനിമയുടെ റിലീസ് നീണ്ടുപോയി. പക്ഷേ അണിയറ പ്രവർത്തകർ ‘അലരേ’ എന്ന പാട്ട് പുറത്തുവിട്ടത് തന്റെ ജീവിതത്തിലെ വഴിത്തിരിവായി. ഗാനം മലയാളികൾ ഒന്നടങ്കം ഏറ്റെടുത്തത് വലിയ സന്തോഷമായെന്നും ഗായത്രി പറഞ്ഞു. അതിന് ശേഷമാണ് ഗായത്രിയെ തേടി ‘സ്റ്റാർ ‘ എത്തുന്നത്.
സ്റ്റാറിലേക്കുള്ള കടന്നുവരവ്….
സിനിമകളുടെ കാസ്റ്റിംഗ് കോളുകൾ കാണുമ്പോൾ തന്നെ ഗായത്രിയും തന്റെ പോർട്ട്‌ഫോളിയോ അയക്കുമായിരുന്നു. അങ്ങനെയാണ് സ്റ്റാറിന്റെ കാസ്റ്റിംഗ് കോൾ കാണുന്നത്. സ്റ്റാറിന്റെ ഓഡിഷന് ശേഷം ചിത്രത്തിലേക്ക് ക്ഷണം ലഭിച്ചപ്പോൾ താൻ ഏറെ സന്തോഷിച്ചുവെന്ന് ഗായത്രി ട്വന്റിഫോറിനോട് പറഞ്ഞു. ജോജു ജോർജിന്റെ വലിയ ആരാധികയാണ് ഗായത്രി . അതുകൊണ്ട് തന്നെ താരത്തിന്റെ മകളായി അഭിനയിക്കാൻ സാധിച്ചതിന്റെ സന്തോഷവും ത്രില്ലും ഗായത്രി മറച്ചുവച്ചില്ല.

ജോജു ജോർജ് വളരെ സ്വാഭാവികവും അനായാസവുമായി അഭിനയിക്കുന്ന വ്യക്തിയാണെന്നും അദ്ദേഹത്തിന്റെ ഓരോ ഷോട്ടും കണ്ട് താൻ അഭിനയം പഠിക്കുകയായിരുന്നുവെന്നും ഗായത്രി പറഞ്ഞു.
പൃഥ്വിരാജിന്റെ എൻട്രി…
സ്റ്റാറിൽ പൃഥ്വിരാജും വേഷമിടുന്നുണ്ടെന്ന് ആദ്യ ദിവസങ്ങളിൽ ഗായത്രിക്ക് അറിയില്ലായിരുന്നു. പലരും അടക്കം പറയുന്നത് കേട്ടെങ്കിലും ഗായത്രി അത് വിശ്വസിച്ചിരുന്നില്ല. അങ്ങനെയിരിക്കെ തന്നെ ഞെട്ടിച്ചുകൊണ്ട് പൃഥ്വിരാജ് സെറ്റിലേക്ക് കടന്നു വന്നതിനെ കുറിച്ചും ഗായത്രി ട്വന്റിഫോറിനോട് പറഞ്ഞു. കൊവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ചുകൊണ്ട് സാമൂഹിക അകലവും മാസ്‌കും ധരിച്ചായിരുന്നു ചിത്രീകരണം. അതുകൊണ്ട് തന്നെ ദൂരത്ത് നിന്ന് കണ്ടതല്ലാതെ പൃഥ്വിരാജിനോട് പോയി സംസാരിക്കാൻ ഗായത്രിക്ക് സാധിച്ചിരുന്നില്ല. പിന്നീഡ് ഡബ്ബിംഗിന്റെ സമയത്താണ് പൃഥ്വിരാജുമായി സംസാരിക്കാൻ കഴിഞ്ഞതെന്നും തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷമായിരുന്നു അതെന്നും ഗായത്രി പറയുന്നു.
കഥാപാത്രത്തിന് ലഭിക്കുന്നത് മകച്ച പ്രതികരണം…
സ്റ്റാറിലെ കഥാപാത്രത്തിന് ഗായത്രിക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. സിനിമ കണ്ടതിന് ശേഷം നടി മാലാ പാർവതിയുൾപ്പെടെ നിരവധി പേർ ഗായത്രിയെ അഭിനന്ദിച്ചു. സംവിധായകനാണ് ഗായത്രി എല്ലാ ക്രെഡിറ്റും നൽകുന്നത്. തന്നെ കൊണ്ട് ഇത്രയധികം നന്നായി ചെയ്യിച്ചെടുത്തത് സംവിധായകൻ ഡോമിനാണ്.

അമ്മ നൽകിയ പാഠങ്ങൾ…
തന്റെ ഏറ്റവും വലിയ വിമർശക അമ്മ തന്നെയാണെന്ന് ഗായത്രി പറയുന്നു. ഓരോ സീൻ ചെയ്യുന്നതും അമ്മ ശ്രദ്ധിക്കും. ഷൂട്ടിംഗ് സെറ്റുകളിൽ അമ്മയും ഗായത്രിക്കും പോകാറുണ്ട്. ഗായത്രി അഭിനയത്തിൽ ചെയ്യുന്ന ശരിയും തെറ്റുകളും അമ്മ ചൂണ്ടിക്കാണിക്കും. എന്താണ് ചെയ്യേണ്ടതെന്നെല്ലാം അമ്മ പറഞ്ഞുതരുമെന്ന് ഗായത്രി പറയുന്നു.
ആദ്യം ‘ബിന്ദുവിന്റെ മകൾ’ എന്നായിരുന്നു ഗായത്രി അറിയപ്പെട്ടിരുന്നത്. എന്നാൽ ഇന്ന് തന്റെ പേരിൽ അമ്മ അറിയപ്പെടുന്നതിൽ പറഞ്ഞറിയിക്കാൻ സാധിക്കാത്ത സന്തോഷമുണ്ടെന്ന് ഗായത്രി ട്വന്റിഫോറിനോട് പറഞ്ഞു.
സിനിമാ സ്വപ്‌നങ്ങൾ…
ഫഹദ് ഫാസിലിനൊപ്പം ഒരു ചിത്രം ചെയ്യണം എന്നാണ് ഏറ്റവും വലിയ ആഗ്രഹമെന്ന് ഗായത്രി പറയുന്നു. ആരോട് ചോദിച്ചാലും പറയുന്ന ആദ്യ പേരായിരിക്കും ഇത്. ഫഹദിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ടെന്ന് ഗായത്രി പറയുന്നു. താനും അമ്മയും ഒരുമിച്ച് അഭിനയിക്കുന്ന ഒരു സിനിമയ്ക്കായും താൻ കാത്തിരിക്കുന്നതായി ഗായത്രി പറയുന്നു.
വീട് , കുടുംബം

കണ്ണൂർ സ്വദേശിയാണ് അച്ഛൻ അശോകൻ. അമ്മ ആലുവ സ്വദേശിനിയാണ്. ഗായത്രിയുടെ സിനിമാ തിരക്കുകൾ പരിഗണിച്ച് കുടുംബം നിലവിൽ ആലുവ കുട്ടമ്മശേരിയിലാണ് താമസം. സഹോദരൻ ഗൗതം അശോക് സോഫ്‌റ്റ്വെയർ എഞ്ചിനീയറിംഗിൽ ഉപരിപഠനം ചെയ്യുന്നു.
Story Highlights : gayatri ashok interview
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here