ജോജു ജോര്‍ജിനെതിരെ കെ.സുധാകരനും കൊടിക്കുന്നില്‍ സുരേഷും; വഴി തടയല്‍ സമരത്തിനോട് യോജിപ്പില്ലെന്ന് വി ഡി സതീശന്‍

വഴിതടയല്‍ സമരത്തിനോട് വ്യക്തിപരമായി എതിര്‍പ്പാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ജോജു ജോര്‍ജ് വിഷയം ഒറ്റപ്പെട്ട സംഭവമാണ്. പാര്‍ട്ടി അന്വേഷിക്കുമെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. അതേസമയം ഇടപ്പള്ളി-വൈറ്റില ദേശീയ പാതയില്‍ നടന്ന സംഭവത്തില്‍ നടന്‍ ജോജു ജോര്‍ജിനെതിരെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ രംഗത്തെത്തി.
ജോജു ജോര്‍ജിന്റെ പ്രതിഷേധം മാന്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിച്ചെന്ന് കെ സുധാകരന്‍ പറഞ്ഞു. ജോജു ജോര്‍ജ് കാണിച്ചുകൂട്ടിയ അക്രമങ്ങള്‍ ഖേദകരമാണ്. മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് തട്ടിക്കയറി. ജോജു ജോര്‍ജിനെതിരെ നടപടിയെടുക്കാന്‍ പൊലീസ് തയ്യാറായില്ലെന്നും കെ സുധാകരന്‍ ആരോപിച്ചു.
Read Also : ജോജു ജോര്‍ജ് സംസാരിച്ചത് സഭ്യമല്ലാത്ത രീതിയില്‍; സ്ത്രീകളോടും അപമര്യാദയായി പെരുമാറിയെന്ന് കൊടിക്കുന്നില്‍ സുരേഷ്
‘മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെയോ ബിജെപിയുടെയോ പ്രതിഷേധ പരിപാടിയാണ് അവിടെ നടന്നതെങ്കില്‍ ജോജുവിനെ ആംബുലന്‍സില്‍ കൊണ്ടുപോവേണ്ടി വന്നേനെ’ എന്നായിരുന്നു ഉപരോധ സമരം ഉദ്ഘാടനം ചെയ്ത കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ പ്രതികരണം.