‘സ്ഥാനമോഹങ്ങളില്ലാത്ത ലളിതജീവിതം’; പി.ജി വേലായുധന്‍ നായര്‍ അനുസ്മരണ ചടങ്ങില്‍ മന്ത്രി ജി.ആര്‍ അനില്‍

സ്വാതന്ത്ര്യസമര സേനാനിയും ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും കേരകര്‍ഷക സംഘം ജനറല്‍ സെക്രട്ടറിയുമായിരുന്ന പി.ജി വേലായുധന്‍ നായര്‍ ഓര്‍മയായിട്ട് ഇന്നേക്ക് ആറുവര്‍ഷം. പി.ജിയുടെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ ചടങ്ങ് സംസ്ഥാന ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ ഉദ്ഘാടനം ചെയ്തു. പാര്‍ലമെന്ററി മോഹങ്ങളില്ലാതെ അനുകരണീയമായ ലളിത ജീവിതം നയിച്ച കമ്മ്യൂണിസ്റ്റായിരുന്നു പി. ജി വേലായുധന്‍ നായര്‍ എന്ന് മന്ത്രി ജി.ആര്‍ അനില്‍ ചടങ്ങില്‍ പറഞ്ഞു.
രാഷ്ട്രീയപ്രവര്‍ത്തനം കര്‍ഷകരുടെ ഉയര്‍ച്ചയ്ക്കായി വഴിതിരിച്ചു വിട്ട നേതാവാണ് പി.ജി.വേലായുധന്‍ നായര്‍ എന്ന് മന്ത്രി ജി ആര്‍ അനില്‍ അനുസ്മരിച്ചു. ‘നെടുമങ്ങാട് താലൂക്കിലെ വെമ്പായം പഞ്ചായത്തില്‍ സാധാരണ കര്‍ഷക കുടുംബത്തില്‍ ജനിച്ച സഖാവ് പി.ജി, തന്റെ ജീവിതാവസാനം വരെ കര്‍ഷകരുടെ അവകാശങ്ങള്‍ നേടിയെടുക്കാനുള്ള പോരാട്ടത്തിലായിരുന്നു. എല്ലാ കാര്‍ഷിക വിഷയങ്ങളിലും പ്രതികരിക്കാനും കര്‍ഷകരുടെ സംരക്ഷണത്തിനായി പാര്‍ലമെന്റുവരെ നീണ്ട സമരങ്ങള്‍ക്കും അദ്ദേഹം നേതൃത്വം നല്‍കി.
1954ലെ നെടുമങ്ങാട് ചന്ത സമരത്തില്‍ അദ്ദേഹത്തിന്റെ സാന്നിധ്യം വലുതായിരുന്നു. അന്ന്, കര്‍ഷകന്‍ കാര്‍ഷിക ഉത്പന്നങ്ങളുമായി ചന്തയിലെത്തിയാല്‍ ഫീസ് കൊടുക്കാതെ തന്നെ ആ ഉത്പന്നങ്ങള്‍ വില്‍ക്കാന് കഴിയുന്ന രീതിയാണ് അവരാഗ്രഹിച്ചത്. അമിതമായി ഫീസ് ഈടാക്കുന്ന പ്രവൃത്തികള്‍ നടക്കുമ്പോള്‍ അവയ്‌ക്കെതിരായി കര്‍ഷകരെ സംഘടിപ്പിച്ച് ചന്ത സമരത്തില്‍ സഖാവ് പിജി കര്‍ഷര്‍ക്കായി നിലകൊണ്ടു.
നാളികേര കര്‍ഷകരെ സംഘടിപ്പിക്കാനും കക്ഷി രാഷ്ട്രീയത്തില്‍ നിന്ന് വിഭിന്നമായി ഒറ്റസംഘടനയായി കേര കര്‍ഷക സംഘത്തെ മാറ്റാനും സഖാവ് പി.ജിക്ക് കഴിഞ്ഞു. മരണം വരെ അവര്‍ക്കുവേണ്ടി പി.ജി മാതൃകാപരമായി നിലകൊണ്ടു. അദ്ദേഹത്തിന്റെ അവസാന വര്‍ഷങ്ങളില്‍ എനിക്ക് നേരിട്ട് വ്യക്തിപരമായ ബന്ധം സൂക്ഷിക്കാനായിട്ടുണ്ട്.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജില്ലയിലെ പ്രമുഖ നേതാവെന്ന നിലയില്‍ പാര്‍ട്ടിയുടെ ജില്ലാ കമ്മിറ്റിയിലും അദ്ദേഹത്തോടൊപ്പം എനിക്ക് പ്രവര്‍ത്തിക്കാനായിട്ടുണ്ട്. അന്ന് വിദ്യാര്‍ത്ഥികളായിരുന്ന ഞങ്ങളോട് സ്വന്തം മക്കളെ പോലെ വാത്സല്യപൂര്‍വമായ സമീപനമാണ് പി ജി കാണിച്ചത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അദ്ദേഹത്തിന് ഓണത്തിന് സമ്മാനിച്ച ഷര്‍ട്ടും മുണ്ടും തന്നെ മരണസമയത്തും ധരിക്കണമെന്ന വാശി പി.ജിക്കുണ്ടായിരുന്നു. അത്രകണ്ട് തൊഴിലാളി വര്‍ഗത്തോട് കൂറുള്ള വ്യക്തിയായിരുന്നു സഖാവ്. ജനപ്രതിനിധികളുടെ സഭയിലേക്ക് എത്തിയില്ലെങ്കിലും സാധാരണക്കാരുടെ മനസില്‍ ധീരനായ കമ്മ്യൂണിസ്റ്റായി പി ജി എന്നും ഓര്‍മിക്കപ്പെടും’. ജി ആര്‍ അനില്‍ ഓര്‍മിച്ചു.
കേരളത്തിന്റെ രാഷ്ട്രീയ സാമൂഹ്യ മണ്ഡലങ്ങളില്‍ പി ജി നല്‍കിയ സംഭാവനകള്‍ ഓര്‍ക്കാന്‍ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും കുടുംബാംഗങ്ങളും ചേര്‍ന്നാണ് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചത്. പി ജി സുകുമാരന്‍ നായര്‍ ആമുഖ പ്രഭാഷണം നടത്തി. തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവി അധ്യക്ഷനായി.
സിപിഐഎം നേതാവ് പിരപ്പന്‍കോട് മുരളി, പട്ടാമ്പി മുന്‍ എംഎല്‍എ മുഹമ്മദ് മൊഹ്സിന്‍, ചലച്ചിത്രതാരം പ്രേംകുമാര്‍, വിപ്ലവ ഗായിക പി.കെ.മേദിനി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. പി.ജി. ഫാമിലി ട്രസ്റ്റിന്റെ പ്രതിമാസ ഓണ്‍ലൈന്‍ പ്രഭാഷണ പരമ്പര ട്വന്റിഫോര്‍ ന്യൂസ് ചാനല്‍ എക്സിക്യൂട്ടീവ് എഡിറ്റര്‍ കെ.ആര്‍.ഗോപീകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
Read Also : പി.ജി.വേലായുധൻ നായർ ഓർമ്മയായിട്ട് ഇന്ന് ആറ് വർഷം; പി.ജി അനുസ്മരണ സമ്മേളനം ഇന്ന്
തികഞ്ഞ കമ്മ്യൂണിസ്റ്റ് ആയിരുന്നിട്ടും കേര കര്‍ഷക സംഘത്തിന്റെ വേദികള്‍ നിഷ്പക്ഷമാക്കാന്‍ കഴിഞ്ഞ നേതാവാണ് പി.ജി. എ.കെ ആന്റണി, പി.കെ.വി , മുല്ലപ്പള്ളി രാമചന്ദ്രന്‍, സി.കെ ചന്ദ്രപ്പന്‍, വി.കെ രാജന്‍, എം.എം ഹസ്സന്‍, തലേക്കുന്നില്‍ ബഷീര്‍, പി.ജെ കുര്യന്‍, പി.സി ചാക്കോ, കെ.ശങ്കര നാരായണന്‍, വക്കം പുരുഷോത്തമന്‍, കൊടിക്കുന്നില്‍ സുരേഷ്, പാലോട് രവി, പിരപ്പന്‍കോട് മുരളി, അഡ്വ. ജെ.ആര്‍ പത്മകുമാര്‍ തുടങ്ങിയ വിവിധ കക്ഷിനേതാക്കളെയാകെ കേരകര്‍ഷക സംഘത്തിന്റെ വിവിധ പരിപാടികളില്‍ അദ്ദേഹം പങ്കെടുപ്പിച്ചു.
തന്റെ 80-ാം വയസില്‍ കഴിഞ്ഞകാല സമരചരിത്രങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് പി.ജി രചിച്ച ‘എന്റെ ഓര്‍മ്മക്കുറിപ്പുകള്‍’ എന്ന പുസ്തകം പ്രഭാത് ബുക്ക് ഹൗസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2015 നവംബര്‍ 2 നാണ് പി ജി വിടപറഞ്ഞത്.
Story Highlights : PG velayudhan nair, minister GR anil
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here