ഏകദിന സീനിയർ വനിതാ ട്രോഫി; ത്രിപുരയെ 175 റൺസിനു തകർത്ത് കേരളം

ഏകദിന വനിതാ സീനിയർ ട്രോഫിയിൽ കേരളം ജയം തുടരുന്നു. ത്രിപുരയെ 175 റൺസിനു തകർത്താണ് കേരള വനിതകൾ തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത 50 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 272 റൺസെന്ന കൂറ്റൻ സ്കോർ നേടിയപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ ത്രിപുര 97 റൺസ് മാത്രം നേടി പുറത്തായി. കേരളത്തിനായി ക്യാപ്റ്റൻ ജിൻസി ജോർജ് സെഞ്ചുറി നേടിയപ്പോൾ അക്ഷയയും സജനയും ഫിഫ്റ്റിയടിച്ചു. മറുപടി ബാറ്റിംഗിൽ ത്രിപുരയുടെ 3 താരങ്ങൾക്ക് മാത്രമേ ഇരട്ടയക്കം കടക്കാനായുള്ളൂ. കേരളത്തിനായി കീർത്തി കെ ജെയിംസ്, സജന എസ്, മിന്നു മണി എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. (kerala woman won tripura)
ടോസ് നഷ്ടമായി ബാറ്റിങിനിറങ്ങിയ കേരളത്തിന് അശ്വതി ബാബുവിനെ (6) വേഗം നഷ്ടമായെങ്കിലും പിന്നീട് അക്ഷയയും ജിൻസിയും ചേർന്ന് കളി നിയന്തിച്ചു. രണ്ടാം വിക്കറ്റിൽ 117 റൺസാണ് ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത്. 55 റൺസെടുത്ത് അക്ഷയ പുറത്തായതിനു പിന്നാലെയെത്തിയ സജനയും തകർപ്പൻ ഫോമിലായിരുന്നു. ഇതിനിടെ 117 പന്തിൽ ജിൻസി സെഞ്ചുറി തികച്ചു. 44 പന്തിൽ ഫിഫ്റ്റിയടിച്ച സജന അടുത്ത പന്തിൽ പുറത്തായി. 132 പന്തിൽ 114 റൺസെടുത്ത ജിൻസി റണ്ണൗട്ടായെങ്കിലും അഞ്ചാം വിക്കറ്റിൽ മിന്നു മണിയും (10 പന്തിൽ 19), ദൃശ്യ ഐവിയും (16 പന്തിൽ 21) ചേർന്ന് കേരളത്തെ കൂറ്റൻ സ്കോറിലെത്തിച്ചു.
Read Also: സയ്യിദ് മുഷ്താഖ് അലി ട്രോഫി: തിളങ്ങിയത് സഞ്ജു മാത്രം; കേരളത്തെ 9 വിക്കറ്റിനു തകർത്ത് ഗുജറാത്ത്
മറുപടി ബാറ്റിംഗിൽ കേരള ബൗളർമാർക്ക് മുന്നിൽ ചൂളിപ്പോയ ത്രിപുര വെല്ലുവിളികളൊന്നുമില്ലാതെ കീഴടങ്ങി. കൃത്യമായ ഇടവേളകളിൽ ത്രിപുരയുടെ വിക്കറ്റ് വീഴ്ത്തിയ കേരളം മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയാണ് വിജയിച്ചത്. ജയത്തോടെ എലീറ്റ് ഗ്രൂപ്പ് എയിൽ കേരളം മൂന്നാം സ്ഥാനത്തെത്തി. നാല് മത്സരങ്ങളിൽ മൂന്ന് ജയം സഹിതം 12 പോയിൻ്റാണ് കേരളത്തിനുള്ളത്. കളിച്ച നാല് മത്സരങ്ങളിലും വിജയിച്ച മഹാരാഷ്ട്ര ഒന്നാമതും മൂന്ന് മത്സരത്തിൽ വിജയിച്ച ഡൽഹി രണ്ടാമതുമാണ്. കേരളത്തെക്കാൾ ഉയർന്ന നെറ്റ് റൺ റേറ്റാണ് ഡൽഹിയെ രണ്ടാം സ്ഥാനത്ത് എത്തിച്ചത്. ആദ്യ മത്സരത്തിൽ അസമിനെ കീഴടക്കിയ കേരളം രണ്ടാം മത്സരത്തിൽ ഡൽഹിയോട് പൊരുതിത്തോറ്റു. മൂന്നാം മത്സരത്തിൽ കേരളം ഝാർഖണ്ഡിനെ കീഴടക്കി. അടുത്ത മത്സരത്തിൽ ടേബിളിൽ ഒന്നാമതുള്ള മഹാരാഷ്ട്രയെ തോല്പിക്കാനായാൽ കേരളത്തിന് അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കാനാവും.
Story Highlights : kerala woman won tripura
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here