കേന്ദ്രത്തിന്റേത് പോക്കറ്റടിക്കാരന്റെ രീതി; കേരളം ഇന്ധന നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി

സംസ്ഥാനം ഇന്ധനനികുതി കുറയ്ക്കില്ലെന്ന് വ്യക്തമാക്കി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കേന്ദ്രനികുതി കുറച്ചതിന് ആനുപാതികമായ കുറവ് സംസ്ഥാനത്തുണ്ടായെന്നും നികുതി കുറയ്ക്കുന്നതിന് സംസ്ഥാനങ്ങള്‍ക്ക് പരിമിതിയുണ്ടെന്നും ധമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
സംസ്ഥാനത്തിന് നിലവില്‍ അധിക സാമ്പത്തിക ബാധ്യതയാണുള്ളത്. കഴിഞ്ഞ ആറുവര്‍ഷമായി കേരളം നികുതി വര്‍ധിപ്പിച്ചിട്ടില്ല. ഒരു വര്‍ഷം നികുതി കുറയ്ക്കുകയും ചെയ്തു. കേന്ദ്രം നിലവില്‍ കുറച്ചെന്നുപറയുന്ന എക്‌സൈസ് തീരുവ തുച്ഛമായ തുക മാത്രമാണെന്നും ധനമന്ത്രി പറഞ്ഞു. ഈ കാര്യങ്ങളെയെല്ലാം കെപിസിസി പ്രസിഡന്റ് രാഷ്ട്രീയമായി കാണരുതെന്നും സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ അടക്കം റദ്ദാക്കണമെന്നാണോ കെപിസിസി പ്രസിഡന്റ് പറയുന്നതെന്നും മന്ത്രി കെ എന്‍ ബാലഗോപാല്‍ ചോദിച്ചു.
‘ഏതാണ്ട് മുപ്പത് രൂപയിലധികം ഏതാനും മാസങ്ങളായി കൂട്ടുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്. സാധാരാണ നികുതി നിയമമനുസരിച്ചല്ല 30 രൂപ ഇത്തരത്തില്‍ കൂട്ടുന്നത്. 32 രൂപ വരെ സ്‌പെഷ്യല്‍ എക്‌സൈസ് നികുതിയാണ് വാങ്ങിയത്. എന്നാല്‍ സംസ്ഥാനങ്ങള്‍ക്ക് അതിന്റെ പങ്ക് തരുന്നില്ല. അതില്‍ നിന്നുമാണ് ഇപ്പോള്‍ അഞ്ചുരൂപയും പത്ത് രൂപയും കുറച്ചത്. ഇത് പോക്കറ്റടിക്കാരന്റെ ന്യായം പോലെയാണ്.
നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് നികുതി കുറയ്ക്കാന്‍ സാധിക്കില്ല. കേരളത്തില്‍ കെഎസ്ആര്‍ടിസി അടക്കം വലിയ സാമ്പത്തിക പ്രതിസന്ധിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. 30 രൂപയ്ക്കടുത്ത് ഇന്ധനവില വര്‍ധിപ്പിച്ചതുകൊണ്ടാണ് ഇത്രയധികം ബാധ്യതകള്‍ നേരിടുന്നത്. പെട്രോളിന്റെയും ഡീസലിന്റെയും വില മാത്രമല്ല ഇതിനുകാരണം. ഈ വര്‍ഷം മാത്രം കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 6400 കോടിയാണ് സംസ്ഥാനത്തിനുകിട്ടേണ്ട നികുതി കുറഞ്ഞത്. വളരെ ഗൗരവമായി ഈ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. എല്ലാ സംസ്ഥാനങ്ങളും ഈ പ്രശ്‌നങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്’. ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.
Read Also: സംസ്ഥാനത്ത് ഡീസലിന് 12 രൂപ 13 പൈസയും പെട്രോളിന് 6 രൂപ 58 പൈസയും കുറഞ്ഞു
രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറച്ചതോടെയാണ് ഇന്ധന നിരക്കില്‍ നേരിയ മാറ്റമുണ്ടായത്. സംസ്ഥാനത്ത് ഡീസല്‍ ലിറ്ററിന് 12 രൂപ 13 പൈസയും പെട്രോള്‍ ലിറ്ററിന് 6 രൂപ 58 പൈസയും കുറഞ്ഞു. കൊച്ചിയില്‍ പെട്രോളിന് 103 രൂപ 80 പൈസയും ഡീസലിന് 91 രൂപ 59 പൈസയുമാണ് പുതുക്കിയ നിരക്ക്. തിരുവനന്തപുരത്ത് പെട്രോളിന് 105 രൂപ 86 പൈസയും ഡീസലിന് 91 രൂപ 49 പൈസയുമായി. കോഴിക്കോട് പെട്രോളിന് 103 രൂപ 97 പൈസയും ഡീസലിന് 92 രൂപ 57 പൈസയുമായി.
Story Highlights : kn balagopal, fuel tax
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here