Advertisement

ഹരിത മുന്‍ നേതാക്കളുടെ പരാതി; പി കെ നവാസിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

November 4, 2021
Google News 1 minute Read
pk navas

ഹരിത മുന്‍ നേതാക്കളുടെ പരാതിയില്‍ എംഎസ്എഫ് സംസ്ഥാന അധ്യക്ഷന്‍ പി കെ നവാസിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. കോഴിക്കോട് വെള്ളയില്‍ പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പി കെ നവാസ് സ്ത്രീത്വത്തെ അപമാനിച്ചെന്ന് വ്യക്തമാക്കുന്നു. എംഎസ്എഫിന്റെ മലപ്പുറം ജില്ലാ സെക്രട്ടറി അബ്ദുള്‍ വഹാബിനെ കുറ്റപത്രത്തില്‍ നിന്നൊഴിവാക്കി.

കുറ്റപത്രത്തില്‍ പി കെ നവാസാണ് ഒന്നാംപ്രതി. 18 സാക്ഷികളാണ് കേസിലുള്ളത്. കഴിഞ്ഞ ജൂണ്‍ 22നാണ് കേസിനാസ്പദമായ സംഭവം. കോഴിക്കോട് വെച്ചുനടന്ന സംസ്ഥാന സമിതി യോഗത്തില്‍ വെച്ച് പി കെ നവാസ് ഹരിതാ നേതാക്കളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. സ്ത്രീത്വത്തെ അപമാനിച്ചെന്നും ലൈംഗിക ചുവയോടെ പെരുമാറിയെന്നും ഹരിത നേതാക്കള്‍ പരാതി നല്‍കിയിരുന്നു.

ആദ്യം ലീഗിനും എംഎസ്എഫിന്റെ ദേശീയ നേതൃത്വത്തിനും നല്‍കിയ പരാതിയില്‍ നടപടിയെടുക്കാത്തതിനെ തുടര്‍ന്ന് വനിതാ കമ്മിഷന് ഹരിത പരാതി നല്‍കി. തുടര്‍ന്ന് ലീഗ് ഇടപെട്ട് ഹരിതയെ മരവിപ്പിക്കുകയും പിരിച്ചുവിടുകയും ചെയ്തു. പരാതിയില്‍ ഹരിത മുന്‍ നേതാക്കള്‍ ഉറച്ചുനിന്നതോടെ പൊലീസ് കേസുമായി മുന്നോട്ടുപോവുകയായിരുന്നു.

Read Also: സ്ത്രീത്വത്തെ അപമാനിക്കാൻ ശ്രമിച്ചു; മൊഴി നൽകാൻ ഉറച്ച് മുൻ ഹരിത നേതാക്കൾ

ഹരിത സംസ്ഥാന കമ്മിറ്റി മുന്‍ ഭാരവാഹികളായ 10 പേരാണ് പരാതിക്കാര്‍. പരാതി പിന്‍വലിക്കണമെന്ന് ലീഗ് നിരന്തരം ആവശ്യപ്പെട്ടെങ്കിലും ഇല്ലെന്നെ ഉറച്ച നിലപാടിലായിരുന്നു ഹരിത. സമവായ ചര്‍ച്ചകളെത്തുടര്‍ന്ന് എംഎസ്എഫ് നേതാക്കളായ പികെ നവാസും കബീര്‍ മുതുപറമ്പിലും സമൂഹ മാധ്യമത്തിലൂടെ മാപ്പ് പറഞ്ഞിരുന്നു. എന്നാല്‍ സംഘടനാ തലത്തിലുളള നടപടി വേണമെന്ന നിലപാടില്‍ ഹരിത നേതാക്കള്‍ ഉറച്ച് നിന്നതോടെയാണ് നിയമനടപടിയിലേക്ക് കാര്യങ്ങളെത്തിയത്.

Story Highlights : pk navas, MSF, Haritha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here