നിസ്സങ്കയ്ക്കും അസലങ്കയ്ക്കും ഫിഫ്റ്റി; ശ്രീലങ്കയ്ക്ക് തകർപ്പൻ സ്കോർ

ടി-20 ലോകകപ്പ് സൂപ്പർ 12 പോരാട്ടത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ ശ്രീലങ്കയ്ക്ക് തകർപ്പൻ സ്കോർ. ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനിറങ്ങിയ ലങ്ക നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ടപ്പെടുത്തി 189 റൺസ് നേടി. ശ്രീലങ്കക്കായി പാത്തും നിസ്സങ്കയും ചരിത് അസലങ്കയും ഫിഫ്റ്റി നേടി. 68 റൺസെടുത്ത അസലങ്കയാണ് ശ്രീലങ്കയുടെ ടോപ്പ് സ്കോറർ. വിൻഡീസിനായി ആന്ദ്രേ റസൽ 2 വിക്കറ്റ് വീഴ്ത്തി. (srilanka innings west indies)
മികച്ച തുടക്കമാണ് ഓപ്പണർമാർ ശ്രീലങ്കയ്ക്ക് നൽകിയത്. കുശാൽ പെരേര ആക്രമണ സ്വഭാവത്തോടെ കളിച്ചപ്പോൾ നിസ്സങ്ക കുശാലിന് ഉറച്ച പിന്തുണ നൽകി. പവർ പ്ലേയിൽ അവർ 48 റൺസാണ് അടിച്ചെടുത്തത്. പവർപ്ലേയുടെ അവസാന ഓവറിൽ കുശാൽ പെരേരയെ (29) സ്വന്തം ബൗളിംഗിൽ പിടികൂടിയ ആന്ദ്രേ റസൽ വിൻഡീസിന് ആദ്യ ബ്രേക്ക്‌ത്രൂ നൽകി. 42 റൺസിൻ്റെ ഓപ്പണിംഗ് കൂട്ടുകെട്ടിൽ പങ്കായ ശേഷമാണ് താരം മടങ്ങിയത്. മൂന്നാം നമ്പറിലെത്തിയ അസലങ്ക തകർപ്പൻ ഫോം തുടർന്നു. നിസ്സങ്ക-അസലങ്ക സഖ്യം വിൻഡീസ് ബൗളർമാർക്ക് ഒരു അവസരവും നൽകാതെ മുന്നേറി. 91 റൺസാണ് ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്. ഒടുവിൽ ഫിഫ്റ്റിക്ക് പിന്നാലെ നിസ്സങ്ക (51) മടങ്ങി. ഡ്വെയിൻ ബ്രാവോയ്ക്കായിരുന്നു വിക്കറ്റ്.
തുടർന്ന് ക്രീസിലെത്തിയത് ക്യാപ്റ്റൻ ദാസുൻ ഷനക. ഇതിനിടെ വെറും 33 പന്തുകളിൽ ചരിത് അസലങ്ക ഫിഫ്റ്റി നേടി. അസലങ്കയും ഷനകയും ചേർന്ന് ചില കൂറ്റൻ ഷോട്ടുകളിലൂടെ സ്കോർ ഉയർത്തി. വെറും 19 പന്തുകളിൽ 46 റൺസാണ് ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്. അസലങ്കയെ (68) പുറത്താക്കിയ ആന്ദ്രേ റസൽ ഈ കൂട്ടുകെട്ട് പൊളിച്ചു. ദാസുൻ ഷനക (25) പുറത്താവാതെ നിന്നു.
Story Highlights : srilanka innings west indies t20 world cup
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here