മുപ്പത്തിരണ്ട് വർഷമായി തനിച്ച് ഒരു ദ്വീപിൽ; 82 കാരന്റെ വേറിട്ട ജീവിതം…

മൗറോ മൊറാണ്ടിയ എന്ന 82 കാരനെ കുറിച്ച് കേട്ടിട്ടുണ്ടോ? മെഡിറ്റേറിയൻ കടലിൽ സ്ഥിതി ചെയ്യുന്ന ദ്വീപിൽ കഴിഞ്ഞ മുപ്പത്തിരണ്ട്‍ വർഷമായി ഒറ്റയ്ക്ക് താമസിക്കുകയാണ് മൗറോ. പലർക്കും അത്ഭുതം തോന്നുന്ന ഒരു കാര്യമാണിത്. കടലിന് നടുക്കുള്ള ദ്വീപിൽ ആരും ഇല്ലാതെ ഒറ്റയ്ക്ക് താമസിക്കുക എന്നുള്ളത്. പക്ഷെ മൗറോ ഇത് വളരെ സന്തോഷത്തോടെ സ്വയം എടുത്ത തീരുമാനമാണ്. പ്രകൃതിയ്ക്കിടയിൽ സമാധാനപരമായ ജീവിതം നയിക്കുകയാണ് ഈ എൺപത്തിരണ്ടുക്കാരൻ.
വളരെ യാദൃശ്ചികമായാണ് മൗറോ മെഡിറ്റേറിയൻ കടലിലെ ബുഡേലി ദ്വീപിൽ എത്തിയത്. ആദ്യ കാഴ്ച്ചയിൽ തന്നെ ദ്വീപ് ആകർഷണീയമായിരുന്നു. നീല നിറത്തിലുള്ള പളുങ്ക് പോലത്തെ വെള്ളവും പവിഴ മണലുകളും മനോഹരമായ സൂര്യാസ്തമയങ്ങളും ഇറ്റലിയിൽ നിന്ന് മാറി ഇവിടെ താമസിക്കാൻ മൗറോയെ പ്രേരിപ്പിച്ചു.
പോളിനേഷ്യയിലേക്കുള്ള യാത്രയിലാണ് വഴിതെറ്റിയെത്തിയതും ഈ ദ്വീപ് കണ്ടുപിടിക്കുന്നതും. ദ്വീപിന്റെ മനോഹാരിതയിൽ അവിടെ ജീവിക്കാനുള്ള തീരുമാനവും കൈകൊണ്ടു. മൗറോ ആ ദ്വീപിൽ എത്തുന്നത് വരെ ഒരു കെയർ ടേക്കർ മാത്രമായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. മൗറോ താമസിക്കാൻ എത്തി രണ്ട് ദിവസത്തിന് ശേഷം അദ്ദേഹം അതിൽ നിന്ന് വിരമിച്ചു.
ആദ്യകാലങ്ങളിൽ വൈദ്യുതിയോ ഇന്റർനെറ്റ് സൗകര്യങ്ങളോ ഉണ്ടായിരുന്നില്ല. പിന്നീട് സോളാർ ഉപയോഗിച്ച് വൈദ്യതി സൗകര്യം ഏർപ്പെടുത്തി. ഇന്റർനെറ്റ് സൗകര്യവും ലഭിച്ചു. 2016 ൽ ഈ ദ്വീപ് സർക്കാർ ഏറ്റെടുത്ത് നാഷണൽ പാർക്കിന്റെ ഭാഗമാക്കി. സന്ദർശകർക്കായി വൈഫൈയും സ്ഥാപിച്ചു. മൗറോ ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും പോസ്റ്റ് ചെയുന്ന ഫോട്ടോകൾ വൈറൽ ആകാൻ തുടങ്ങി. ഇതോടെ ഇങ്ങോട്ടേക്ക് സഞ്ചാരികളും എത്താൻ തുടങ്ങി. അദ്ദേഹത്തിനെ കാണാനായും ആളുകൾ എത്തി തുടങ്ങി. ദ്വീപിലേക്ക് എത്താനുള്ള ബുദ്ധിമുട്ട് കാരണം ഇപ്പോൾ ഇങ്ങോട്ടേക്ക് ആളുകൾ എത്തുന്നത് കുറഞ്ഞിട്ടുണ്ട്. ബോട്ട് വഴി മാത്രമേ ഇങ്ങോട്ടേക്ക് എത്താൻ സാധിക്കുകയുള്ളു.
മൗറോയുടെ കുടുംബം ഇറ്റലിയിലാണ് താമസിക്കുന്നത്. അവരെ വിട്ടു നിക്കുന്നതിന്റെ വിഷമം ഒഴികെ എല്ലാതരത്തിലും താൻ ഇവിടെ സന്തോഷവാനാണെന്നാണ് മൗറോ പറയുന്നത്. പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ചും മൗറോ പറയുന്നു.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here