05
Dec 2021
Sunday
Covid Updates

  റബാഡയ്ക്ക് ഹാട്രിക്ക്; ആവേശപ്പോരിൽ ജയത്തോടെ ദക്ഷിണാഫ്രിക്ക പുറത്ത്

  england south africa result

  ടി-20 ലോകകപ്പ് സൂപ്പർ 12 പോരാട്ടത്തിൽ ഇംഗ്ലണ്ടിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് ജയം. അവസാന ഓവർ വരെ നീണ്ടുനിന്ന മത്സരത്തിൽ 10 റൺസിനാണ് പ്രോട്ടീസിൻ്റെ ജയം. ദക്ഷിണാഫ്രിക്ക മുന്നോട്ടുവച്ച 190 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇംഗ്ലണ്ടിന് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 179 റൺസ് മാത്രമേ നേടാനായുള്ളൂ. 37 റൺസെടുത്ത മൊയീൻ അലിയാണ് ഇംഗ്ലണ്ടിൻ്റെ ടോപ്പ് സ്കോറർ ആയതെങ്കിലും ഒരു ടീം എഫർട്ടിലൂടെയാണ് ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കൻ സ്കോറിനരികെ എത്തിയത്. ഇംഗ്ലണ്ടിൻ്റെ 6 ബാറ്റർമാരും ഇരട്ടയക്കം കടന്നു. ഇവരുടെയെല്ലാം ചെറു കാമിയോകൾ ഇംഗ്ലണ്ട് ഇന്നിംഗ്സിൽ നിർണായകമായി. ദക്ഷിണാഫ്രിക്കക്കായി കഗീസോ റബാഡ ഹാട്രിക്ക് നേടി. (england south africa result)

  തങ്ങൾക്ക് സെമിയിലെത്താൻ ദക്ഷിണാഫ്രിക്കയ്ക്ക് ഇംഗ്ലണ്ടിനെ 131ൽ ഒതുക്കണമായിരുന്നു. എന്നാൽ, ഈ നീക്കത്തിന് കനത്ത തിരിച്ചടി നൽകി പതിവു പോലെ ഓപ്പണർമാർ ചേർന്ന് ഇംഗ്ലണ്ടിന് മികച്ച തുടക്കം നൽകി. ഇതിനിടെ വളരെ ഗംഭീരമായി ബാറ്റ് ചെയ്തുകൊണ്ടിരുന്ന ജേസൻ റോയ് റിട്ടയേർഡ് ഹർട്ട് ആയി മടങ്ങിയത് ഇംഗ്ലീഷ് പടയ്ക്ക് കനത്ത തിരിച്ചടിയായി. എന്നാൽ, ജോസ് ബട്‌ലറും മൂന്നാം നമ്പറിലെത്തിയ മൊയീൻ അലിയും ചേർന്ന് വീണ്ടും ഇംഗ്ലണ്ടിനെ മുന്നോട്ടുനയിച്ചു. പവർപ്ലേയിൽ അവർ 59 റൺസാണ് അടിച്ചെടുത്തത്. പവർ പ്ലേയുടെ അവസാന ഓവറിൽ ബട്‌ലറെ (26) മടക്കിയ നോർക്കിയ ദക്ഷിണാഫ്രിക്കയ്ക്ക് നേരിയ പ്രതീക്ഷ നൽകി. ബെയർസ്റ്റോയെ (1) വേഗം മടക്കിയ ഷംസി ഈ പ്രതീക്ഷകൾ വർധിപ്പിച്ചു.

  Read Also : വാൻ ഡർ ഡസ്സനും മാർക്രമിനും ഫിഫ്റ്റി; ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റൻ സ്കോർ

  എന്നാൽ, മൂന്നാം വിക്കറ്റിൽ മൊയീൻ അലിയും ഡേവിഡ് മലാനും ചേർന്ന് ഇംഗ്ലണ്ടിനെ വീണ്ടും മത്സരത്തിലേക്ക് തിരികെ എത്തിച്ചു. 51 റൺസിൻ്റെ കൂട്ടുകെട്ടിലാണ് ഇവർ പങ്കാളികളായത്. 37 റൺസെടുത്ത മൊയീനെ തബ്രൈസ് ഷംസി മടക്കി അയച്ചു. ശേഷം ക്രീസിലെത്തിയ ലിയാം ലിവിങ്സ്റ്റണും തകർപ്പൻ ഫോമിലായിരുന്നു. റബാഡയുടെ ഒരു ഓവറിൽ തുടർച്ചയായ മൂന്ന് സിക്സറുകൾ അടിച്ച ലിവിങ്സ്റ്റൺ ഇംഗ്ലണ്ടിനെ ഡ്രൈവിങ് സീറ്റിലെത്തിച്ചു. 17ആം ഓവറിൽ മലാൻ (33) മടങ്ങി. ഡ്വെയിൻ പ്രിട്ടോറിയസിനായിരുന്നു വിക്കറ്റ്.

  പിന്നാലെ ക്രീസിലെത്തിയ ഓയിൻ മോർഗനും തുടരെ ബൗണ്ടറികൾ കണ്ടെത്തിയതോടെ ഇംഗ്ലണ്ട് തകർപ്പൻ വിജയത്തിലേക്ക് നീങ്ങി. 19ആം ഓവറിൽ ലിവിങ്സ്റ്റണെ (28) മടക്കിയ പ്രിട്ടോറിയസ് ദക്ഷിണാഫ്രിക്കയ്ക്ക് വീണ്ടും പ്രതീക്ഷ നൽകി. റബാഡ എറിഞ്ഞ അവസാന ഓവറിൽ 14 റൺസായിരുന്നു ഇംഗ്ലണ്ടിൻ്റെ വിജയലക്ഷ്യം. ആദ്യ പന്തിൽ തന്നെ വോക്സ് (7) മടങ്ങി. അടുത്ത പന്തിൽ മോർഗനും (17) പുറത്ത്. അടുത്ത പന്തിൽ ക്രിസ് ജോർഡനെയും (0) മടക്കിയ റബാഡ ഹാട്രിക്ക് തികച്ചു. പരാജയപ്പെട്ടെങ്കിലും ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായി ഇംഗ്ലണ്ടും രണ്ടാം സ്ഥാനക്കാരായി ഓസ്ട്രേലിയയും സെമിഫൈനലിൽ പ്രവേശിച്ചു. ഇരുവർക്കുമൊപ്പം ദക്ഷിണാഫ്രിക്കയ്ക്കും 8 പോയിൻ്റാണ് ഉള്ളതെങ്കിലും കുറഞ്ഞ നെറ്റ് റൺ റേറ്റ് അവർക്ക് തിരിച്ചടി ആവുകയായിരുന്നു.

  ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക നിശ്ചിത 20 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിലാണ് 189 റൺസ് അടിച്ചുകൂട്ടിയത്. ദക്ഷിണാഫ്രിക്കയ്ക്കായി വാൻ ഡർ ഡസ്സനും എയ്ഡൻ മാർക്രവും ഫിഫ്റ്റി നേടി. 94 റൺസെടുത്ത റസ്സി വാൻ ഡർ ഡസ്സനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ്പ് സ്കോറർ. മാർക്രം 52 റൺസെടുത്തു. ക്വിൻ്റൺ ഡികോക്കും (34) പ്രോട്ടീസ് സ്കോറിൽ നിർണായക പങ്കുവഹിച്ചു.

  Story Highlights : england south africa result t20 world cup

  ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
  നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
  Top